ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നാറാത്ത് ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് കാട്ടാമ്പള്ളി സ്റ്റെപ്പ് റോഡിൽ പ്രവർത്തിച്ചു വരുന്ന കൈരളി ഹെറിറ്റേജ് റിസോർട്ടിനു 70000 രൂപ പിഴ ചുമത്തി. റിസോർട്ടിൽ നടത്തിയ പരിശോധനയിൽ അടുക്കളയിലെ പാത്രങ്ങൾ കഴുകുന്ന വാഷിംഗ് ഏരിയയിൽ നിന്നുള്ള മലിനജലം തുറസായി പുഴയിലേക്ക് ഒഴുക്കി വിടുന്നതായി കണ്ടെത്തി.
റിസോർട്ടിലെ അടുക്കളയിൽ ബിന്നുകളിൽ ജൈവ - അജൈവ മാലിന്യങ്ങൾ വേർതിരിക്കാതെ കൂട്ടിയിട്ടിരിക്കുന്നതും ശ്രദ്ധയിൽ പെട്ടു. പുഴയുടെ സമീപത്തായി റിസോർട്ടിൽ നിന്നുള്ള പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ, ഡയപ്പറുകൾ, പഴം - പച്ചക്കറി ആവശിഷ്ടങ്ങൾ തുടങ്ങിയവ വലിയ തോതിൽ കൂട്ടിയിട്ട് കത്തിച്ചുവരുന്നതായും കണ്ടെത്തി. റിസോർട്ടിന്റെ സ്റ്റോറിൽ ഒറ്റ തവണ ഉപയോഗ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗത്തിനായി സംഭരിച്ചു വെച്ചിരിക്കുന്നതായും കണ്ടെത്തി. മലിന ജലം പുഴയിലേക്ക് ഒഴുക്കി വിട്ടതിനു കേരള പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 219 കെ പ്രകാരം അര ലക്ഷം രൂപയും മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിനും തരം തിരിക്കാതെ ബിന്നുകളിൽ സംഭരിച്ചു വെച്ചതിനും വകുപ്പ് 219 എൻ, ഐ പ്രകാരം 5000 രൂപ വീതവും ഒറ്റ തവണ ഉപയോഗ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ സംഭരിച്ചു വെച്ചതിന് 10000 രൂപയും പിഴ ചുമത്തി.
ഉടൻ തന്നെ ഖര - ദ്രവ മാലിന്യങ്ങൾ ശാസ്ത്രീയമായി സം സ്‌ക്കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും റിസോർട്ട് മാനേജ്മെന്റിനു നിർദേശം നൽകി. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗങ്ങൾ അലൻ ബേബി, ദിബിൽ സി കെ, നാറത്ത് ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ അനുഷ്‌മ പി തുടങ്ങിയവർ പങ്കെടുത്തു.
Post a Comment