![]() |
| ഡെല്‍നയോടൊപ്പം പൂക്കളമൊരുക്കാനെത്തിയ സമഗ്ര ശിക്ഷയുടെ ചങ്ങാതിക്കൂട്ടം ഓണക്കോടി കൈമാറുന്നു. |
മയ്യില്‍: എങ്ങും പൂവിളിയാരവമുയരുമ്പോള്‍ ഡെല്‍നയോടൊപ്പം പൂക്കളം തീര്‍ക്കാനെത്തിയത് കൂട്ടുകാരും അധ്യാപകരും ഒപ്പം ജനപ്രതിനിധിയും. പഴശ്ശി എല്‍.പി. സ്‌കൂളിലെ രണ്ടാം തരം വിദ്യാര്‍ഥിനിയായ ഡെല്‍നസുഗീതിന്റെ വീട്ടില്‍ പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ തളിപ്പറമ്പ് സൗത്ത് എന്നിവ ചേര്‍ന്ന് നടത്തിയ ഓണച്ചങ്ങാതി പരിപാടിയിൽ പൂക്കളം തീര്‍ക്കലും നൃത്തവും പാട്ടും ഓണക്കോടി കൈ മാറലും കുടുംബത്തിലേക്കെത്തിച്ചത് ഒന്നിച്ചൊന്നായോണം എന്ന സന്ദേശമാണ്. വീട്ടുകാരോടൊപ്പം ബ്ലോക്ക് റിസോഴ്‌സ് സെന്ററിലെ അധ്യാപികമാര്‍ അടുക്കളയിലെ വിഭവങ്ങളൊരുക്കാനും ഒപ്പം കൂടിയതോടെ ഏതന്‍സ് ഗാര്‍ഡന്‍ എന്ന വീടിന്റെ അകവും പുറവും ഓണോത്സവത്തിന് വഴി മാറുകയായിരുന്നു. എട്ടാം മൈലിലെ വീട്ടില്‍ നടന്ന പരിപാടി പഞ്ചായത്തംഗം യൂസഫ് പാലക്കല്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ. ഹാരിസ് അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക കെ.പി. രേണുക, പരിശീലക എം.പി. നഫീറ, പി.ടി.എ. വൈസ് പ്രസിഡന്റ് പി.വി. പ്രസന്ന, മദര്‍ പി.ടി.എ പ്രസിഡന്റ് വി.ഗ്രീന, സെപ്ഷ്യൽ എജുക്കേറ്റർമാരായ എം.ധന്യ, അനുശ്രീ രാഘവൻ, ടി.ബിജിന ഷാഗില്‍, വാടി അശ്വതി, ടി.അനഘ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഉള്‍ച്ചേര്‍ക്കല്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി പൂപ്പൊലി എന്ന പേരില്‍ തളിപ്പറമ്പ് സൗത്ത് ബി.ആര്‍.സി. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥികളുടെ വീടുകളില്‍ ഓണനാളുകളില്‍ ഒരുക്കുന്ന ഓണച്ചങ്ങാതി പരിപാടിയാണ് സമൂഹത്തിന് വ്യത്യസ്തമായി മാറിയതെന്ന് ബ്ലോക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എം.വി.നാരായണന്‍ ചേടിച്ചേരി പറഞ്ഞു.

Post a Comment