Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL തിരികെയെത്തിയ പ്രവാസികളെ ബാങ്കുകള്‍ പിന്തുണയ്ക്കണം: പി. ശ്രീരാമകൃഷ്ണന്‍

തിരികെയെത്തിയ പ്രവാസികളെ ബാങ്കുകള്‍ പിന്തുണയ്ക്കണം: പി. ശ്രീരാമകൃഷ്ണന്‍

തിരികെയെത്തിയ പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങുന്നതിന് ആവശ്യമായ വായ്പ ലഭ്യമാക്കി ബാങ്കുകള്‍ പിന്തുണയ്ക്കണമെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നോര്‍ക്ക ഡിപ്പാര്‍ട്ടുമെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്റ്‌സുമായി (എന്‍ഡിപിആര്‍ഇഎം) ബന്ധപ്പെട്ട് വായ്പ ലഭ്യമാക്കുന്ന ബാങ്കുകളുടെ പ്രതിനിധികളുടെ യോഗം തിരുവനന്തപുരം റസിഡന്‍സി ടവറില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ക്രെഡിറ്റ് ഡിപ്പോസിറ്റ് റേഷ്യോ (സിഡി റേഷ്യോ)യില്‍ മുന്നില്‍ നില്‍ക്കുന്ന ബാങ്കുകള്‍ പോലും സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള വായ്പ ലഭ്യമാക്കി സഹകരിക്കുന്നില്ലെന്ന് പ്രവാസികള്‍ക്ക് പരാതിയുണ്ട്. വായ്പ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമം ഒരു വര്‍ഷം വരെ വൈകുന്നതായും ആക്ഷേപമുണ്ട്. തിരികെയെത്തിയ പ്രവാസികള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ആവശ്യമായ സഹായം നല്‍കുന്ന നോര്‍ക്ക റൂട്ട്‌സിന്റെ പുനരധിവാസ പദ്ധതിയാണ് എന്‍ഡിപിആര്‍ഇഎം. കേരളത്തില്‍ മാത്രമാണ് ഇത്തരത്തിലുള്ള ഒരു പദ്ധതിയുള്ളത്. എംഎസ്എംഇ പദ്ധതി പ്രകാരം സംസ്ഥാനത്ത് ആയിരക്കണക്കിന് പുതിയ സംരംഭങ്ങള്‍ വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.  
പ്രവാസി സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും വായ്പകള്‍ ലഭ്യമാക്കുന്നതിനുമായി ബാങ്കുകളുമായി സഹകരിച്ച് ലോണ്‍ മേളകള്‍ സംഘടിപ്പിക്കാന്‍ തയാറാണെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച നോര്‍ക്ക വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോര്‍ പറഞ്ഞു. എന്‍ഡിപിആര്‍ഇഎം പദ്ധതിയുമായി ബന്ധപ്പെട്ട വായ്പാ നടപടികള്‍ വേഗത്തിലാക്കുന്നതിന് ബാങ്കുകള്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കണം. കൂടുതല്‍ ബാങ്കുകള്‍ എന്‍ഡിപിആര്‍ഇഎം പദ്ധതിയുമായി സഹകരിക്കാന്‍ മുന്നോട്ടു വരണം. വ്യവസായ വളര്‍ച്ചയ്ക്ക് സംസ്ഥാനതല ബാങ്ക് കമ്മറ്റി നല്‍കുന്ന പിന്തുണ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
തിരിച്ചുവന്ന പ്രവാസികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നും അവരെ ശാക്തീകരിക്കേണ്ടത് അനിവാര്യമാണെന്നും അതിനുള്ള പദ്ധതിയാണ് എന്‍ഡിപിആര്‍ഇഎം എന്നും മുഖ്യപ്രഭാഷണം നടത്തിയ കാനറ ബാങ്ക് ഡെപ്യുട്ടി ജനറല്‍ മാനേജര്‍ അജയ് കുമാര്‍ സിംഗ് പറഞ്ഞു. സമഗ്രവും സുസ്ഥിരവുമായ വികസനമാണ് തിരികെയെത്തിയ പ്രവാസികള്‍ക്ക് ആവശ്യമായിട്ടുള്ളത്. ഇതു നടപ്പാക്കുമ്പോള്‍ വികസനം താഴെത്തട്ടിലേക്ക് എത്തും. പ്രവാസികളെ സഹായിക്കേണ്ട ഉത്തരവാദിത്തം ബാങ്കുകള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
എന്‍ഡിപിആര്‍ഇഎം പദ്ധതി മുഖേന 9000 സംരംഭങ്ങള്‍ തുടങ്ങുന്നതിനും നേരിട്ടും അല്ലാതെയും 25,000 പേര്‍ക്ക് തൊഴിലവസരം ഒരുക്കുന്നതിനും സാധിച്ചതായി പദ്ധതി അവതരണം നിര്‍വഹിച്ച നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത്ത് കോളശേരി പറഞ്ഞു. സംരംഭങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനായി 681 കോടി രൂപ വിനിയോഗിച്ചു. 2025-26 സാമ്പത്തികവര്‍ഷം 2000 പുതിയ സംരംഭങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിനാണ് നോര്‍ക്ക റൂട്ട്‌സ് ലക്ഷ്യമിട്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. 
വായ്പാ അപേക്ഷകള്‍ നിരസിക്കുന്നുണ്ടെങ്കില്‍ അക്കാര്യം എത്രയും വേഗം അപേക്ഷകനെ അറിയിക്കണമെന്ന് പദ്ധതി അവതരണം നിര്‍വഹിച്ച സിഎംഡി അസോസിയേറ്റ് പ്രൊഫസര്‍ പി.ജി. അനില്‍ പറഞ്ഞു.
എന്‍ഡിപിആര്‍ഇഎം പദ്ധതിയുടെ നടപടികള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം മുഖേനയാക്കണമെന്നും തിരികെയെത്തിയ പ്രവാസി അപേക്ഷകര്‍ക്ക് സാമ്പത്തിക സാക്ഷരത ഉറപ്പാക്കണമെന്നും ബാങ്ക് പ്രതിനിധികള്‍ നിര്‍ദേശിച്ചു. വായ്പകള്‍ തിരിച്ചടവ് മുടങ്ങി പ്രവര്‍ത്തനരഹിത ആസ്തി(എന്‍പിഎ)യായി മാറുന്നത് തങ്ങള്‍ നേരിടുന്ന വെല്ലുവിളിയാണെന്ന് ബാങ്ക് പ്രതിനിധികള്‍ പറഞ്ഞു. വായ്പകള്‍ എന്‍പിഎ ആയി മാറാതിരിക്കാന്‍ പ്രവാസി സംരംഭകര്‍ ശ്രദ്ധിക്കണമെന്നും ബാങ്ക് പ്രതിനിധികള്‍ പറഞ്ഞു. 
പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ കെ.സി. സജീവ് തൈക്കാട്, നോര്‍ക്കയുമായി സഹകരിക്കുന്ന 19 ബാങ്കുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്