Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കടൂറില്‍ പഴശ്ശികനാല്‍ തുരങ്കം തകര്‍ന്നു വീണു. വെള്ളക്കെട്ടില്‍ കൃഷിനാശം.റോഡനരികില്‍ വലിയ ഗര്‍ത്തം.

കടൂറില്‍ പഴശ്ശികനാല്‍ തുരങ്കം തകര്‍ന്നു വീണു. വെള്ളക്കെട്ടില്‍ കൃഷിനാശം.റോഡനരികില്‍ വലിയ ഗര്‍ത്തം.

ചെറുപഴശ്ശി അരയിടത്തു ചിറ പാടശേഖരത്തിനു സമീപത്തെ അപ്പച്ചാലില്‍ പഴശ്ശി കനാലിന്റെ അടിയിലെ തുരങ്കം തകര്‍ന്നു വീണത് നാട്ടുകാരും പഴശ്ശി ജലസേചന വകുപ്പ് അധികൃതരു പരിശോധിക്കുന്നു.

കനാലിന്റെ മുകളില്‍ രൂപപ്പെട്ട വലിയ ഗര്‍ത്തംമയ്യില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.വി.അജിതയും കര്‍ഷകരും നിരീക്ഷിക്കുന്നു.
മയ്യില്‍: ഒരു വര്‍ഷക്കാലമായി തകര്‍ന്നു വീഴാന്‍ തുടങ്ങിയ പഴശ്ശി കനാലിന്റെ തുരങ്കം പൂര്‍ണമായി തകര്‍ന്നു വീണു.  വെള്ളക്കെട്ടില്‍ ജനജീവിതം ദുരിതമായി.  കൃഷിക്ക് നാശം. ചെറുപഴശ്ശി അരയിടം പാടശേഖരത്തെയും ചാലവയല്‍ പാടശേഖരത്തെയും ബന്ധിപ്പിക്കുന്ന പ്രധാന നീരൊഴുക്കുള്ള തുരങ്കമാണിത്.  ചെക്കിക്കുളത്തു നിന്നും പെരുമാച്ചേരിയിലേക്ക് പോകുന്ന കനാല്‍ പാത കനത്ത ഭീഷണിയിലായി. കഴിഞ്ഞ ദിവസമാമ് വലിയ ശബ്ദത്തോടെ തുരങ്കം പൊട്ടി വീണതെന്ന് പ്രദേശ വാസിയായ പിട്ടന്‍ രാജേഷ് പറഞ്ഞു. റോഡരികില്‍ വലിയ ഗര്‍ത്തം രൂപപ്പെടുകയും ചെയ്തു.

തകര്‍ന്നത് ആറ് പതിറ്റാണ്ട് പഴക്കമുള്ള തുരങ്കം
 പഴശ്ശി കനാല്‍ നിര്‍മാണത്തിനായി ആറ് പതിറ്റാണ്ട് മുമ്പ് നിര്‍മിച്ച  തുരങ്കമാണ് കനത്ത മഴയില്‍ തകര്‍ന്നു വീണത്. അരയിടത്തു ചിറ ഭാഗത്ത് മണ്ണിട്ട് ഉയര്‍ത്തിയപ്പോഴുണ്ടായ നീരൊഴുക്ക് തടസ്സം നീക്കുന്നതിനായാണ് നിര്‍മാണം.  80 മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ വീതിയും  ഒന്നര മീറ്റര്‍ ഉയരവുമാണിതിനുള്ളത്.  തുരങ്കത്തിന്റെ സ്ലാബ് തകര്‍ന്നതോടെ കനാലിന്റെ അരികുകളിലെ മണ്ണ് ഇടിഞ്ഞ് വീണ് ചാലവയല്‍ പാടശേഖരത്തിലേക്കാണൊഴുകുന്നത്.
 
തകര്‍ച്ച തുടങ്ങിയിട്ട് ഒരു വര്‍ഷം

കഴിഞ്ഞ കാലവര്‍ഷത്തില്‍ തുരങ്കത്തിലൂടെ നീരൊഴുക്ക് തടസ്സപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുരങ്കത്തിന്റെ ഭാഗം തകര്‍ന്നു വീണത് ഏറെ പണിപ്പെട്ട് നാട്ടുകാര്‍ നീക്കം ചെയ്യുകയായിരുന്നു. നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ പഴശ്ശി ജലസേചന വകുപ്പ് അധികൃതര്‍ നടത്തി പരിശോധനയില്‍  ഭീമമായ അടങ്കല്‍ വേതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നുവെങ്കിലും ഫണ്ടില്ലാത്തതിനാല്‍ പ്രവൃത്തി നടത്തിയില്ലെന്നാണറിയിച്ചതെന്ന് പൊതു പ്രവര്‍ത്തകനായ വി.വി.ബിജു പറഞ്ഞു.

തകര്‍ന്ന തുരങ്കം ഉദ്യോഗസ്ഥ സംഘം സന്ദര്‍ശിച്ചു.
നബാര്‍ഡിന്റെ സഹായം തേടും


ചെറുപഴശ്ശി അരയിടത്തു ചിറയിലെ കനാലിനടിയിലെ തുരങ്കം തകര്‍ന്ന പ്രദേശം പഴശ്ശി ജലസേഛന അധികൃതര്‍ സന്ദര്‍ശിച്ചു.  എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.ജയരാജ്, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.വി.മഞ്ജുള, സുശീല ദേവി, കൊമ്പന്‍ ശ്രീജ എന്നിവരാണെത്തിയത്. തുരങ്കം പൂര്‍ണമായും പൊളിച്ചു മാറ്റണമെന്നും പദ്ധതിയേതര ഫണ്ട് കൊണ്ട് മാത്രം പ്രവൃത്തി നടത്താനാവില്ലെന്നും അറിയിച്ചു. ഒരു കോടി രൂപയുടെ ഡിപിആര്‍ തയ്യാറാക്കി നബാര്‍ഡിന്റെ  സഹായത്തോടെ പ്രവൃത്തി നടത്താന്‍ ശ്രമിക്കുമെന്നും അവര്‍ അറിയിച്ചു.

ഫണ്ടുകള്‍ ലഭ്യമാക്കാന്‍ ശ്രമം നടത്തും


നിരവധി പേരുടെ കൃഷി, ഗതാഗത തടസ്സം എന്നിവ  അടിയന്തിരമായി പരിഹരിക്കേണ്ട വിഷയമായതിനാല്‍ എം.എല്‍.എ., എം.പി. ഫണ്ടുകള്‍ അടിയന്തിരമായി ലഭ്യമാക്കാന്‍ ശ്രമം നടത്തും.

കെ.കെ. റിജേഷ്
പൊതു പ്രവര്‍ത്തകന്‍, ചെറുപഴശ്ശി.

വെള്ളക്കെട്ട് അടിയന്തിരമായി പരിഹരിക്കണം

അരയിടം പാടശേഖരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ അടിയന്തിര നടപടി അഥ്യാവശ്യമാണ്. രണ്ടാം വിള നെല്‍ക്കൃഷിക്ക് ഒരുങ്ങുന്ന കര്‍ഷകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്.
 പി. കുഞ്ഞിക്കണ്ണന്‍,
പ്രസിഡന്‍ര് അരയിടം പാടശേഖരം. കടൂര്‍.

പ്രശ്‌നം പരിഹരിക്കണം
തുരങ്കം തകര്‍ന്നു വീണതിലൂടെ കര്‍ഷകര്‍ നേരിടുന്ന  പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹാരം കാണണം.  ഏറെ നാളായി പരാതിപ്പെടുന്ന വിഷയമാണിത്.

ടി.കെ. ബാലകൃഷ്ണന്‍, മുന്‍ എം.ഡി. മയ്യില്‍ അരി ഉല്‍പ്പാദക കമ്പനി.


എം.കെ.ഹരിദാസൻ

റിപ്പോർട്ടർ, മയ്യിൽ ന്യൂസ്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്