കണ്ണൂർ : തെരുവുനായ ശല്യം അടിയന്തിരമായി പരിഹരിക്കുന്നതിന് കണ്ണൂർ കോർപറേഷനിൽ രണ്ടും കന്റോൺമെന്റ് പരിധിയിൽ ഒന്നും ഷെൽട്ടർ ഹോമുകൾ സ്ഥാപിക്കുമെന്ന് രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. രണ്ടു ദിവസത്തിനുള്ളിൽ മൂന്ന് ഷെൽട്ടർ ഹോമുകളും സ്ഥാപിച്ച് നഗരത്തിൽ അലഞ്ഞു തിരിയുന്ന നായ്ക്കളെ പിടികൂടി ഇവിടേക്ക് മാറ്റും.
ജില്ലയിലെ തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിൽ തെരുവുനായ ശല്യം രൂക്ഷമാവുകയും നിരവധി പേർക്ക് നായയുടെ കടിയേൽക്കുകയും ചെയ്ത സാഹചര്യത്തിൽ ജില്ലാ പഞ്ചായത്ത്, കോർപ്പറേഷൻ, കന്റോൺമെന്റ് എന്നിവയുമായും പോലീസ്, മൃഗസംരക്ഷണം, ആരോഗ്യം ഉൾപ്പെടെയുള്ള ബന്ധപ്പെട്ട വകുപ്പുകളുമായും നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് അടിയന്തിരമായി മൂന്ന് ഷെൽട്ടർ ഹോമുകൾ സ്ഥാപിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം നിരവധിപേരെ കടിച്ച തെരുവുനായ മറ്റ് നായ്ക്കളെയും ആക്രമിച്ചിരുന്നു. രണ്ട് ആഴ്ചക്കുള്ളിൽ ഇവയും രോഗലക്ഷണങ്ങൾ പ്രകടമാക്കാൻ സാധ്യതയുണ്ടെന്ന മൃഗസംരക്ഷണ വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നഗരത്തിലെ തെരുവ് നായ്ക്കളെ പിടികൂടി ഷെൽട്ടർ ഹോമുകളിൽ മാറ്റാനും പേവിഷ കുത്തിവെപ്പ് നൽകാനും തീരുമാനിച്ചത്.
പയ്യാമ്പലത്ത് തെരുവുനായയുടെ കടിയേറ്റ് പ്രതിരോധ കുത്തിവെപ്പ് എടുത്ത കുട്ടി പേവിഷബാധയേറ്റ് ഗുരുതരാവസ്ഥയിലായതിനാൽ അടിയന്തിര സാഹചര്യം നിലനിൽക്കുന്നുവെന്ന് ആരോഗ്യവകുപ്പും റിപ്പോർട്ട് നൽകിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ നായ്ക്കൾക്ക് തെരുവിലും വഴിയോരത്തും മറ്റും ഭക്ഷണം കൊടുക്കുന്ന മൃഗ സ്നേഹികൾക്ക് ഷെൽട്ടർ ഹോമുകളിൽ എത്തി അവയ്ക്ക് ഭക്ഷണം നൽകാവുന്നതാണെന്നും മന്ത്രി പറഞ്ഞു.
തെരുവുനായ്ക്കളെ പിടികൂടുക, ഷെൽട്ടർ ഹോമിലേക്ക് മാറ്റുക, തെരുവുനായ്ക്കളുടെ വന്ധ്യംകരണം, പ്രതിരോധ കുത്തിവെപ്പ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്നിവയ്ക്ക് മൃഗസംരക്ഷണ വകുപ്പിനെ ചുമതലപ്പെടുത്തി. കണ്ണൂർ നഗരസഭയിൽ അടിയന്തിരമായി മൃഗഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്ന് നിർദ്ദേശിച്ചതായും മന്ത്രി പറഞ്ഞു. മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള പടിയൂർ എബിസി കേന്ദ്രത്തിലെ ഡോക്ടർമാരുടെ സേവനം ഇതിനായി ലഭ്യമാക്കും. കേന്ദ്രത്തിനു കീഴിലുള്ള പരിശീലനം ലഭിച്ച പട്ടിപിടുത്തക്കാരെ ഒരാഴ്ച പൂർണമായും നഗരസഭാ പരിധിയിൽ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. കന്റോൺമെന്റ് പരിധിയിൽ വരുന്ന ഭാഗങ്ങളിൽ അലഞ്ഞു തിരിയുന്ന അക്രമകാരികളായ തെരുവ് നായ്ക്കളെ പിടികൂടി അവിടെ സ്ഥാപിക്കുന്ന ഷെൽട്ടർ ഹോമിൽ പാർപ്പിക്കുന്നതിന് കന്റോൺമെന്റ് സിഇഒ ക്ക് നിർദേശം നൽകി. ദുരന്ത നിവാരണ നിയമപ്രകാരം ജില്ലാ കലക്ടർക്കാണ് പ്രവർത്തനങ്ങളുടെ ഏകോപന ചുമതലയെന്നും മന്ത്രി പറഞ്ഞു.
കെ.വി സുമേഷ് എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രത്‌നകുമാരി, ജില്ലാ കലക്ടർ അരുൺ കെ വിജയൻ, സിറ്റി പോലീസ് കമ്മീഷ്ണർ സി നിതിൻരാജ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അവലോകന യോഗം
ജനങ്ങളുടെ ഭീതിയകറ്റാൻ തദ്ദേശ സ്ഥാപനങ്ങൾ അടിയന്തിരമായി ഇടപെടണം: മന്ത്രി
കണ്ണൂർ നഗരത്തിലെ തെരുവുനായ ശല്യം ഒഴിവാക്കുന്നതിനും ജനങ്ങളുടെ ഭീതി അകറ്റുന്നതിനും കണ്ണൂർ നഗരസഭ, ജില്ലാപഞ്ചായത്ത് ഉൾപ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങൾ അടിയന്തിരമായി ഇടപെടലുകൾ നടത്തണമെന്ന് രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർദേശിച്ചു. മന്ത്രിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലായിരുന്നു നിർദേശം.
തെരുവുനായ ശല്യം രൂക്ഷമായി, നിരവധി പേർക്ക് കടിയേറ്റ സാഹചര്യം കണ്ണൂർ നഗരത്തിൽ അടിയന്തിര സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് യോഗം വിലയിരുത്തി. ജനങ്ങളുടെ ആശങ്ക അകറ്റുകയാണ് പ്രധാനം. അതിനായി തെരുവുനായകൾക്ക് ഷെൽട്ടർ ഹോമുകൾ ഒരുക്കുന്ന കാര്യത്തിൽ ജില്ലാതലത്തിൽ അടിയന്തിര നടപടി കൈക്കൊളളണമെന്ന് കെ.വി സുമേഷ് എം എൽ എ പറഞ്ഞു. തെരുവ് നായ വിഷയത്തിൽ ഊർജിത ഇടപെടൽ നടത്താൻ എല്ലാ തദ്ദേശ സ്ഥാപനങ്ങളും രംഗത്തിറങ്ങണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി പറഞ്ഞു.
നായശല്യം തടയുന്നതുമായി ബന്ധപ്പെട്ട പ്രൊജക്ടുകൾ വാർഷിക പദ്ധതിയിൽ തദ്ദേശസ്ഥാപനങ്ങൾ ഉൾപ്പെടുത്തണം. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് ഇതിനൊരു മാതൃകയാണെന്നും പ്രസിഡന്റ് ചൂണ്ടിക്കാട്ടി. കന്റോൺമെന്റ് പ്രദേശത്തെ മാലിന്യകൂമ്പാരത്തിന് അടിയന്തിരമായി പരിഹാരം കാണണമെന്നും മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കന്റോൺമെന്റ് സിഇഎക്ക് കലക്ടർ നിർദേശം നൽകി. എതെങ്കിലും തരത്തിൽ ബുദ്ധിമുട്ട് ഉണ്ടായാൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പോലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സഹായം തദ്ദേശ സ്ഥാപനങ്ങൾക്ക് തേടാമെന്ന് സിറ്റി പോലീസ് കമ്മീഷണർ യോഗത്തിൽ അറിയിച്ചു. ഇതിനായി ജില്ലാ പോലീസ് ആസ്ഥാനത്ത് നോഡൽ ഓഫീസറെ നിയോഗിക്കും.
തെരുവുനായ ശല്യം പരിഹരിക്കാൻ പ്രായോഗികമായി ചെയ്യാനാവുന്ന കാര്യങ്ങൾ കോർപ്പറേഷൻ വളരെ വേഗം നടപ്പാക്കുമെന്ന് കോർപ്പറേഷൻ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ പറഞ്ഞു. പൊതുസ്ഥലത്തെ മാലിന്യ നിക്ഷേപം, രാത്രികാലങ്ങളിൽ തെരുവുനായ്ക്കൾക്ക് അലക്ഷ്യമായി ഭക്ഷണം നൽകൽ എന്നിവക്കെതിരെ തദ്ദേശ സ്ഥാപനങ്ങൾ കർശന നടപടിയെടുക്കണം. വളർത്തു നായ്ക്കൾക്ക് കൃത്യസമയത്ത് പേ വിഷ പ്രതിരോധ വാക്‌സിൻ നൽകി ലൈസൻസ് എടുത്ത് വീട്ടിൽ തന്നെ കെട്ടിയിട്ടു വളർത്തണം. മൃഗസംരക്ഷണം, വെറ്ററിനറി, ആരോഗ്യം ഉൾപ്പെടെയുള്ള ബന്ധപ്പെട്ട വകുപ്പുകൾ നൽകുന്ന റിപ്പോർട്ടിന് ദുരന്തനിവാരണ നിയമ പ്രകാരം കലക്ടർ നടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി. നിർദേശങ്ങൾ നടപ്പാക്കിയ ശേഷം പ്രവർത്തനങ്ങൾ വിലയിരുത്താൻ തുടർ യോഗം ചേരുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
കെ വി സുമേഷ് എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രത്‌നകുമാരി, കണ്ണൂർ കോർപറേഷൻ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, ജില്ലാ കലക്ടർ അരുൺ കെ വിജയൻ, സിറ്റി പോലീസ് കമ്മീഷണർ സി നിതിൻരാജ്, എഡിഎം കല ഭാസ്‌കർ, അസി. കലക്ടർ എഹ്തെദ മുഫസിർ, ഡെപ്യൂട്ടി കലക്ടർ കെ.വി ശ്രുതി, കണ്ണൂർ കണ്ടോൺമെന്റ് സി ഇ ഒ മാധവി ഭാർഗവി, കണ്ണൂർ കോർപ്പറേഷൻ സെക്രട്ടറി വിനു സി കുഞ്ഞപ്പൻ, കണ്ണൂർ റെയിൽവേ സ്റ്റേഷൻ മാനേജർ സജിത്ത് കുമാർ, എൽ എസ് ജി ഡി അസി. ഡയറക്ടർ ടി.വി സുഭാഷ്, ആർ സി എച്ച് ഓഫീസർ ഡോ. അശ്വിൻ, മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസർ ഡോ.എസ് സന്തോഷ്, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ എൽന ജോസഫ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Post a Comment