മയ്യില്‍: ശക്തമായ കാറ്റിലും മഴയിലും മയ്യില്‍, കുറ്റിയാട്ടൂര്‍ പഞ്ചായത്തുകളില്‍ വ്യാപക നാശം. വിവിധയിടങ്ങളില്‍ കുലച്ച നേന്ത്രവാഴത്തോട്ടം വ്യാപകമായി നശിച്ചു. പാവന്നൂരിലെ അബ്ദുള്‍ അസീസിന്റെ അഞ്ഞൂറിലധികം വാഴകളാണ് കാറ്റില്‍ നിലംപൊത്തിയത്. ഞാലിവട്ടം വയലിലെ മീനാത്ത് ഗോവിന്ദന്റെ വാഴത്തോട്ടവും പൂര്‍ണമായും നശിച്ചു. പാവന്നൂര്‍ കീനാത്തുംമൂലയിലെ പന്താണ്ട നളിനിയുടെ വീടിന് മുകളിൽ ജാതിമരം കടപുഴകി വീണ് വീട് ഭാഗികമായി തകര്‍ന്നു.
കോറളായിയിലെ സീനത്തിന്റെ വീടിന്റെ മുകള്‍ഭാഗവും കാറ്റില്‍ തകര്‍ന്നു. മാതോടം ചവിട്ടടിപ്പാറയിലെ ഇ.വി. മുഹമ്മദ്കുട്ടിയുടെ വീടിന്റെ മതിലിടിഞ്ഞ് വീണ് സമീപത്തെ തങ്കമണിയുടെ വീടിന്റെ അടുക്കള ഭാഗം തകര്‍ന്നു. അരിമ്പ്ര ഒറപ്പടിയിലെ കെ. സന്തോഷ്, അഡ്വ. കെ.സി. ഗണേശന്‍ എന്നിവരുടെ സ്‌കൂട്ടറിനു മുകളില്‍ മരം വീണ് നാശം ഉണ്ടായി. ചേലേരി വൈദ്യര്‍കണ്ടിയില്‍ റോഡില്‍ മരം വീണ് ഗതാഗത തടസ്സം ഉണ്ടായി. എട്ടേയാറിലെ കെ. രാജന്‍, മണത്തൂര്‍വളപ്പില്‍ പ്രഭാകരന്‍ എന്നിവരുടെ വാഴത്തോട്ടവും നശിച്ചു. കൃഷി നശിച്ചവര്‍ക്ക് മതിയായ നഷ്ട പരിഹാരം ലഭ്യമാക്കണമെന്ന് പഞ്ചായത്തംഗം യൂസഫ് പാലക്കല്‍ അധികൃതരോട് ആവശ്യപ്പെട്ടു.
Post a Comment