കൊച്ചി: പ്രമുഖ ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ (78) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് തിങ്കളാഴ്ച വൈകുന്നേരം കൊച്ചിയിലായിരുന്നു അന്ത്യം.
200-ലേറെ മലയാള സിനിമകളിലായി എഴുന്നൂറിലേറെ ഗാനങ്ങൾ രചിച്ചിട്ടുണ്ട്. പത്തിലേറെ സിനിമകൾക്ക് തിരക്കഥയെഴുതി. ആർ.ആർ.ആർ, ബാഹുബലി (രണ്ടുഭാഗങ്ങൾ), യാത്ര, ധീര, ഈച്ച എന്നീ ചിത്രങ്ങളുടെ മൊഴിമാറ്റ തിരക്കഥകളും അദ്ദേഹത്തിന്റേതായിരുന്നു. ലക്ഷാർച്ചന കണ്ടുമടങ്ങുമ്പോൾ, ഇളംമഞ്ഞിൻ കുളിരുമായി, ഇവിടമാണീശ്വ സന്നിധാനം, കാളിദാസന്റെ കാവ്യ ഭാവനയെ, ഗംഗയിൽ തീർഥമാടിയ കൃഷ്ണശില, പാലരുവീ നടുവിൽ, ഒരു പുന്നാരം തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്തമായ പാട്ടുകളിൽ ചിലതാണ്.
നാടകഗാനങ്ങളിലൂടെ ഗാനരചനാരംഗത്തേക്ക് കടന്നുവന്ന മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം.എസ്. വിശ്വനാഥൻ, ദേവരാജൻ, എം.കെ. അർജുനൻ, രവീന്ദ്രജയിൻ, ബോംബെ രവി, കെ.വി. മഹാദേവൻ, ബാബുരാജ്, ഇളയരാജ, എ.ആർ. റഹ്മാൻ, കീരവാണി, ഹാരിസ് ജയരാജ്, യുവൻ ശങ്കർരാജ തുടങ്ങിയ പ്രമുഖ സംഗീതസംവിധായകർക്കൊപ്പം പ്രവർത്തിച്ചു. കവി, കഥാകൃത്ത്, തിരക്കഥാകൃത്ത്, സംഭാഷണരചയിതാവ് എന്നീനിലകളിലും ശ്രദ്ധേയനായിരുന്നു.
എഴുപതുകളിൽ ചലച്ചിത്രഗാനരംഗത്തെത്തിയ അദ്ദേഹം ഓരോ കാലത്തും ഹിറ്റുകൾ തീർത്തുകൊണ്ടിരുന്നു. പുതിയ തലമുറയ്ക്കും 'ബാഹുബലി'യിലെ പാട്ടുകളിലൂടെ അദ്ദേഹം സുപരിചിതനാണ്.
1970-ൽ മദിരാശിയിലെത്തിയതാണ് ജീവിതത്തിലെ വഴിത്തിരിവ്. ചെറുപ്പംമുതൽ കവിതയെഴുതുമായിരുന്നു. നാട്ടിൽ ഒരു പ്രസിദ്ധീകരണത്തിലെ ജോലിക്കിടെയാണ് ചെന്നൈയിൽ അന്വേഷണം മാസികയുടെ എഡിറ്ററായി ക്ഷണം ലഭിച്ചത്. മനസ്സിൽ സിനിമാ സ്വപ്നവുമായി മദിരാശിക്ക് വണ്ടികയറി. 1971-ൽ പുറത്തിറങ്ങിയ 'വിമോചനസമരം' എന്ന സിനിമയിൽ ആദ്യമായി പാട്ടെഴുതി. 1974-ൽ പുറത്തിറങ്ങിയ 'അയലത്തെ സുന്ദരി' എന്ന ചിത്രത്തിലെ 'ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ...' എന്നാരംഭിക്കുന്ന ഗാനം സൂപ്പർഹിറ്റായി. പിന്നീടിങ്ങോട്ട് സന്തോഷവും ദുഃഖവും പ്രണയവും വിരഹവുമെല്ലാം തൂലികയിൽ പാട്ടുകളായി മാറി. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി ഭാഷകളിൽനിന്ന് അദ്ദേഹം സിനിമാഗാനങ്ങൾ മൊഴിമാറ്റിയിട്ടുണ്ട്.
Post a Comment