പാമ്പുരുത്തി : വാർദ്ധക്യ കാലത്ത് നമുക്കൊക്കെ അനിവാര്യമാകുന്ന ഒന്നാണ് ഊന്നുവടി. നമ്മളെല്ലാം കടന്നു പോകേണ്ടുന്ന ഒരു അവസ്ഥാ വിശേഷമാണ് വാർദ്ധക്യമെന്നും, സാധാരണ ഗതിയിൽ ബാല്യവും യൗവനവും വർദ്ധക്യവും കടന്നു പോകേണ്ടത് ഒരു മനുഷ്യന് അനിവാര്യമാണെന്നും, ബാല്യത്തെ പോലെയല്ല യൗവനമെന്നും, യൗവനവും വാർദ്ധക്യവും ഏറെ വ്യത്യസ്തമാണെന്നും ആ ഓരോ അവസ്ഥയ്ക്കും അതിന്റെതായ പ്രത്യേകതകൾ ഉണ്ടെന്നും പ്രായം മനസിനെ ബാധിക്കാതിരിക്കുന്നിടത്തോളം കാലം ഒരാൾ ചെറുപ്പമാണെന്നും കണ്ണൂർ ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി അഭിപ്രായപ്പെട്ടു.
കൊളച്ചേരി മേഖല പൂക്കോയ തങ്ങൾ ഹോസ്പിസ് - പി ടി എച്ച് പാമ്പുരുത്തി ബോട്ട് ജെട്ടിക്ക് സമീപം സംഘടിപ്പിച്ച 'ഊന്നുവടി' സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാർദ്ധക്യ കാലത്ത് ഒരു ഊന്നുവടിയായി നമ്മളെ ചേർത്തു പിടിക്കാൻ നമ്മുടെ സമൂഹത്തിൽ ആരൊക്കെയോ ഉണ്ട് എന്നതിന്റെ ബോധ്യപ്പെടുത്തലാണ്
'ഊന്നുവടി' സംഗമം പോലെയുള്ള പരിപാടികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
പി ടി എച്ച് കൊളച്ചേരി മേഖല പ്രസിഡണ്ട് മുസ്തഫ കോടിപ്പോയിൽ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി കെ സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി. പി ടി എച്ച് സ്റ്റേറ്റ് ചീഫ് ഫംഗ്ഷണൽ ഓഫീസർ ഡോ: എം എ അമീറലി പി.ടി.എച്ചിനെ പരിചയപ്പെടുത്തി. പി ടി എച്ച് ഖത്തർ ചാപ്റ്റർ ഉപദേശക സമിതി ചെയർമാൻ കമ്പിൽ മൊയ്തീൻ ഹാജി മുഖ്യാതിഥിയായിരുന്നു.
പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ കണ്ണൂർ മമ്മാലിയുടെ നേതൃത്വത്തിൽ നടന്ന കലാവിരുന്നും ബഷീർ പാട്ടയം നയിക്കുന്ന ബുൽബുൽ സംഘത്തിൻ്റെ മുട്ടിപ്പാട്ടും, പ്രായം മറന്നുള്ള തലമുതിർന്നവരുടെ ഗാനാലാപനങ്ങളും പരിപാടിക്ക് പകിട്ടേകി. പി.ടി.എച്ച് സെക്രട്ടറി ഹാഷിം കാട്ടാമ്പള്ളി സ്വാഗതവും കെസി മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു. കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ കെ താഹിറ, വി പി അബ്ദുസമദ്, അഹ് മദ് തേർളായി, എം അബ്ദുൽ അസീസ് ഹാജി, മുനീർ ഹാജി മേനോത്ത്, മൻസൂർ പാമ്പുരുത്തി, ജുബൈർ മാസ്റ്റർ, കെ കെ എം ബഷീർ മാസ്റ്റർ, ടി.വി അസൈനാർ മാസ്റ്റർ, ആറ്റക്കോയ തങ്ങൾ, എം അബ്ദുൽ ഖാദർ മൗലവി, എം മമ്മു മാസ്റ്റർ, എം ആദം ഹാജി, പി കെ ഷംസുീൻ സംസാരിച്ചു.
Post a Comment