പ്രദർശനങ്ങളിലെയും മേളകളിലെയും ഭക്ഷണസ്റ്റാളുകളിലെ മാലിന്യങ്ങൾ വീട്ടുപറമ്പിൽ കുഴിച്ചിട്ടതിന് നടപടി സ്വീകരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ്സ് സ്ക്വാഡ് തില്ലങ്കേരി പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ വീട്ടുപറമ്പിൽ കുഴിച്ചിട്ട മാലിന്യങ്ങൾ കണ്ടെത്തി. ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന പ്രദർശനങ്ങളിലും മേളകളിലും താൽക്കാലിക ഭക്ഷണശാലകൾ കരാറെടുത്തു നടത്തുന്ന എൻ ഹുസൈൻ്റെ തില്ലങ്കേരി ഉള്ള വീട്ടുപറമ്പിൽ നിന്നാണ് മാലിന്യങ്ങൾ കുഴിച്ചിട്ട നിലയിൽ സ്ക്വാഡ് കണ്ടെത്തിയത്. കണ്ണൂർ നഗരത്തിൽ ഇദ്ദേഹത്തിൻ്റെ താൽക്കാലിക ഭക്ഷണശാല പരിശോധന നടത്തിയപ്പോൾ അതുമായി ബന്ധപ്പെട്ട ജൈവ അജൈവമാലിന്യങ്ങൾ സ്വന്തം സ്ഥലമായ തില്ലങ്കേരിയിൽ കൊണ്ടുപോയി സംസ്കരിക്കുകയാണെന്ന് മറുപടിയാണ് സ്ക്വാഡിന് നൽകിയത്.
പ്ലാസ്റ്റിക് മാലിന്യങ്ങൾ പോലും അതാതിടങ്ങളിലെ ഹരിത കർമ്മ സേനയ്ക്ക് നൽകിയിരുന്നില്ലെന്നും സ്ക്വാഡ് കണ്ടെത്തിയിരുന്നു. കഴിഞ്ഞദിവസം തില്ലങ്കേരി പഞ്ചായത്തിലെത്തിയ ജില്ലാ എൻഫോഴ്സ്മെന്റ്സ് സ്ക്വാഡ് ടിയാൻ്റെ പുരയിടം പരിശോധിച്ചപ്പോൾ കരിമ്പിൻചണ്ടി, വാഴയില തുടങ്ങിയ ജൈവമാലിന്യങ്ങൾക്കൊപ്പം പാൽ കവറുകൾ, എണ്ണ കവറുകൾ, പ്ലാസ്റ്റിക് ഷീറ്റുകൾ, പ്ലാസ്റ്റിക് കുപ്പികൾ, പ്ളാസ്റ്റിക് ആവരണമുള്ള നിരോധിത പേപ്പർപ്ലേറ്റുകളും കപ്പുകൾ തുടങ്ങിയവ പ്ളാസ്റ്റിക് കവറിൽ നിറച്ച് കുഴിച്ചുമൂടിയതായി കണ്ടെത്തുകയായിരുന്നു. പതിനായിരം രൂപ പിഴ അടക്കാനും പ്ളാസ്റ്റിക് മാലിന്യങ്ങൾ വീണ്ടെടുത്ത് വൃത്തിയാക്കി ഹരിത കർമ്മസേനയ്ക്ക് നൽകാനും സ്ക്വാഡ് നിർദ്ദേശം നൽകി.
Post a Comment