മയ്യിൽ വാർത്തകൾ മയ്യിൽ വാർത്തകൾ മയ്യിൽ വാർത്തകൾ മയ്യിൽ വാർത്തകൾ മയ്യിൽ വാർത്തകൾ മയ്യിൽ വാർത്തകൾ ഓർമ്മകളുടെ മധുരം സമ്മാനിച്ച് 'മധുരസ്മൃതി'

ഓർമ്മകളുടെ മധുരം സമ്മാനിച്ച് 'മധുരസ്മൃതി'

'മധുരസ്മൃതി' പൂർവ വിദ്യാർഥി- അധ്യാപക സംഗമത്തിൽ പങ്കെടുത്തവർ
മലപ്പട്ടം: 'ശ്രീകണ്ഠപുരം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ആദ്യ പിരിയഡ് കഴിഞ്ഞ് രണ്ടാം പിരിയഡിനായി ഈ സ്കൂളിലേക്ക് ഓടിയ കാലം എനിക്കുണ്ടായിരുന്നു.'- തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിലെ ഫിസിക്സ് വിഭാഗം അസോ. പ്രൊഫസർ ഡോ. ടി.പി. സുരേഷ് ഇരുപത്തൊന്നു വർഷം മുമ്പുള്ള ഓർമ്മകളിലേക്ക് പോയി. മലപ്പട്ടം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ 'മധുരസ്മൃതി 2024' പൂർവ അധ്യാപക വിദ്യാർഥി സംഗമമായിരുന്നു വേദി. സ്കൂളിലെ പ്ലസ്ടു രണ്ടാം ബാച്ച് രണ്ടു പതിറ്റാണ്ടിനു ശേഷം ഒത്തുകൂടിയപ്പോൾ പല തിരക്കുകളാൽ ബന്ധത്തിന്റെ കണ്ണിയറ്റുപോയ അധ്യാപകർക്കും അത് കൂട്ടായ്മയുടെ വേദിയായി.
മുഴക്കുന്ന് പോലീസ് ഇൻസ്പെക്ടർ എ.വി. ദിനേഷ്, ചെങ്ങളായി വില്ലേജ് ഓഫീസർ എം.എം. മോഹനൻ, തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് ജന്തുശാസ്ത്രവിഭാഗം മേധാവിയും അസോ. പ്രൊഫസറുമായ ഡോ. ടി.വി. ജയകൃഷ്ണൻ തുടങ്ങി മുൻകാല അധ്യാപകരുടെ നീണ്ട നിര സംഗമത്തിനെത്തി. താത്‌കാലിക അധ്യാപകരായി വർഷങ്ങൾക്കു മുമ്പ് അധ്യാപനത്തിന്റെ കളരി മലപ്പട്ടം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ തുടങ്ങിയ മിക്കവരും സാമ്പത്തിക ഭദ്രതയുള്ള സ്ഥിരജോലിയിലാണ് ഇപ്പോൾ. ഭൂരിഭാഗം പേരും അധ്യാപകരുടെ ജോലിയിൽ തന്നെ. ചിലർ ജോലിയിൽ നിന്നു വിരമിച്ചു.
രണ്ടു പതിറ്റാണ്ടു മുമ്പുള്ള കൗമാരത്തിന്റെ ഓർമ്മകളിലേക്ക് നടന്നപ്പോൾ പങ്കെടുത്ത പൂർവ വിദ്യാർഥികൾക്കും ഏറെ സന്തോഷം. ഇനിയും നമ്മൾ സംഗമിക്കും കൂടുതൽ കരുത്തോടെ എന്ന ദൃഢനിശ്ചയവുമായാണ് സംഗമത്തിനെത്തിയവർ പിരിഞ്ഞത്.
മലപ്പട്ടം എ. കുഞ്ഞിക്കണ്ണൻ സ്മാരക ഗവ. സെക്കൻഡറി സ്കൂളിലെ 2001-03 ബാച്ച് സയൻസ്, കൊമേഴ്‌സ് വിദ്യാർഥികളാണ് സ്കൂളിൽ ഒത്തുചേർന്നത്. സ്കൂളിലെ കെട്ടിടങ്ങളും ഭൗതികസാഹചര്യങ്ങളും മാറിയെങ്കിലും കുറച്ചു നേരത്തേക്ക് എല്ലാവരും പഴയ ഓർമ്മകളിലേക്ക് തിരികെ പോയി. സ്കൂൾ പൂന്തോട്ടത്തിൽ ഓർമ്മമരം നട്ടുപിടിപ്പിച്ചും സ്കൂളിനു ആവശ്യമായ സ്പോർട്‌സ് കിറ്റുകൾ സമ്മാനിച്ചുമാണ് സംഗമത്തിനെത്തിയവർ മടങ്ങിയത്.

'മധുരസ്മൃതി 2024' പൂർവ വിദ്യാർഥി സംഗമം സ്കൂൾ പ്രധാനാധ്യാപിക സി. രജിത ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർഥി സംഗമം കോ- ഓർഡിനേറ്റിങ് കമ്മിറ്റി ട്രഷറർ സൃജ ഗിരീഷ് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ടി.പി. പ്രശാന്ത്  സംസാരിച്ചു.  പൂർവ വിദ്യാർഥി സംഗമം കോ- ഓർഡിനേറ്റിങ് കമ്മിറ്റി   സെക്രട്ടറി വി.ഒ. വിജയകുമാർ സ്വാഗതവും പി.പി. പ്രസന്നൻ നന്ദിയും പറഞ്ഞു.

 പൂർവ അധ്യാപകരായ കെ.പി. അശോക്‌കുമാർ, കെ. കവിത, ടി.വി. ജയകൃഷ്ണൻ, ബീന ഓടത്തിൽ, പി. സോജ, പി. ചന്ദ്രമതി, പി.പി. സുധ, എം.എം. മോഹനൻ, ടി.പി. സുരേഷ്, എ.എം. സുചിത്ര, കെ.എസ്. ജയൻ, വി.ടി. തോമസ്, ഷിബു സെബാസ്റ്റ്യൻ, എ.വി. ദിനേഷ്, സി.എസ്. മായ, പ്രസീത, കെ.വി. ഹരീഷ്, പ്യൂണ്‍ ഗോപാലൻ എന്നിവരും പൂർവ വിദ്യാർഥികളും അനുഭവങ്ങൾ പങ്കുവെച്ചു. പൂർവ വിദ്യാർഥികളുടെ കലാപരിപാടികളുമുണ്ടായി. പൂർവ വിദ്യാർഥികളായ കെ.വി. രാജേഷ്, എം.പി. ലീന, എം.വി. നിസാർ, എം.പി. ഉമേഷ് തുടങ്ങിയവർ നേതൃത്വം നൽകി.  


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്