കയരളം : രാവിലെ സ്‌കൂളില്‍ നേരത്തെ എത്തിയ ഹര്‍ഷിത്ത് ക്ലാസ് തുടങ്ങുന്നതിന് മുന്നേയുള്ള സമയം വെറുതെ കളയേണ്ടല്ലോ എന്ന് കരുതി തന്റെ നോട്ടുബുക്കില്‍ കുറെ രാജ്യങ്ങളുടെ പേര് എഴുതി മറ്റ് കുട്ടികളെ കാണിച്ചു കൊടുത്തു. ഇത് ശ്രദ്ധയില്‍പ്പെട്ട ക്ലാസ് ടീച്ചറായ സിനി ടീച്ചര്‍ ഹര്‍ഷിത്തിനാണോ അതോ ടീച്ചര്‍ക്കാണോ കൂടുതല്‍ രാജ്യങ്ങളുടെ പേര് അറിയുക എന്ന് നോക്കാലോ എന്ന് പറഞ്ഞുകൊണ്ട് കുറച്ച് പേപ്പര്‍ അവന്റെ കയ്യില്‍ കൊടുത്തു. അവന് അറിയാവുന്ന രാജ്യങ്ങളുടെ പേര് എഴുതാന്‍ പറഞ്ഞു. രാവിലെയും ഉച്ചക്ക് ലഞ്ച് ബ്രേക്ക് സമയത്തും അവന്‍ അവന്റെ ഓര്‍മ്മയില്‍ നിന്നും അഞ്ച് പേപ്പറുകളിലായി എഴുതി. പേപ്പര്‍ പരിശോധിച്ച് ടീച്ചര്‍ ഞെട്ടിപ്പോയി. ഓരോ വന്‍കരകളും അതിലെ രാജ്യങ്ങളും തരംതിരിച്ച് 164 രാജ്യങ്ങളുടെ പേരുകള്‍ വ്യക്തമായി എഴുതിയിരിക്കുന്നു.
കേരളത്തിലെ ജില്ലകളുടെ പേര് പോലും പലരോടും ചോദിച്ചാല്‍ കൃത്യമായി പറയാന്‍ പറ്റില്ല അപ്പോഴാണ് നാലാം ക്ലാസില്‍ പഠിക്കുന്ന ഹര്‍ഷിത്ത് ഇത്ര മനോഹരമായി തന്റെ ഓര്‍മ്മയില്‍ നിന്നും എഴുതിവെച്ചത്. രാജ്യങ്ങളുടെ പതാകയും തനിക്ക് അറിയാമെന്ന് പറഞ്ഞപ്പോള്‍ ടീച്ചര്‍ അവന് കുറെ പതാകകള്‍ കാണിച്ചു കൊടുത്തു. അതിനും അവന്‍ കൃത്യമായി ഉത്തരം നല്‍കി. ചെറിയ ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ ഇന്ത്യയുടെ മാപ്പ് വരച്ച് സംസ്ഥാനങ്ങള്‍ അടയാളപ്പെടുത്തിയും, ലോക രാജ്യങ്ങളുടെ മാപ്പ് വരച്ചും ഇതിന് മുമ്പും ഹര്‍ഷിത്ത് ശ്രദ്ധപിടിച്ചു പറ്റിയിട്ടുണ്ട്. മുന്‍ വര്‍ഷത്തെ സബ്ജില്ലാതല ചിത്രരചന മത്സരത്തിലും വിജയിയായിട്ടുണ്ട്. ചെക്യാട്ട്കാവിലെ അജേഷിന്റെയും അഞ്ജുവിന്റെയും മകനാണ് ഹര്‍ഷിത്ത്.
Post a Comment