ബിഗ് ബോസിന് പുതിയ രാജാവ്; ഒടുവിൽ വിജയിയെ പ്രഖ്യാപിച്ച് നടൻ മോഹൻലാൽ

പ്രേക്ഷകരെ ആകാംക്ഷഭരിതമാക്കിയ 100 ദിവസങ്ങള്‍ക്ക് ഒടുവില്‍ ബിഗ് ബോസിന്റെ വിജയിയെ പ്രഖ്യാപിച്ചിരിക്കുന്നു. മലയാളി പ്രേക്ഷകര്‍ കാത്തിരുന്ന ആ ഫിനാലെയില്‍ ജിന്റോയെയാണ് വിജയ്‍യായി പ്രഖ്യാപിച്ചത്.

പ്രവചനങ്ങളിലെ സാധ്യതാപട്ടിക ശരിവയ്‍ക്കും വിധമായിരുന്നു ഷോയുടെ വിജയിയെ പ്രഖ്യാപിച്ചത്. നാടകീയമായ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ വര്‍ണാഭമായ ഫിനാലെയില്‍ ജിന്റോയുടെ കൈ മോഹൻലാല്‍ പിടിച്ചുയര്‍ത്തുകയായിരുന്നു.

ബിഗ് ബോസ് മലയാളം സിക്സ് തുടങ്ങുമ്ബോള്‍ അത്ര പരിചിതനായ മത്സരാര്‍ഥിയായിരുന്നില്ല ജിന്റോ. സെലിബ്രിറ്റികളുടെ ഫിറ്റ്‍നെസ് ഗുരുവെന്ന വിശേഷണമാണ് ഷോയില്‍ എത്തുമ്ബോള്‍ ജിന്റോയ്‍ക്കുണ്ടായിരുന്നത്. എന്നാല്‍ പതിയെപ്പതിയെ ജിന്റോ പ്രേക്ഷകര്‍ക്ക് ഷോയിലൂടെ പ്രിയങ്കരനാകുകയായിരുന്നു. തുടക്കത്തില്‍ മണ്ടനെന്ന് മുദ്രകുത്തപ്പെട്ട ജിന്റോ തന്റെ കഠിനാദ്ധ്വാനത്താലാണ് വിജയ കിരീടം ചൂടുന്നതെന്ന് പറഞ്ഞാല്‍ അതിശയോക്തിയാകില്ല. ജിന്റോയ്‍ക്ക് പുറമേ ആറിലെ ടോപ് ഫൈനലില്‍ അര്‍ജുനും ജാസ്‍മിനും അഭിഷേകും ഋഷിയുമാണുണ്ടായത്. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ജിന്റോ ഷോയുടെ ജേതാവാകുന്നത്. എതിരാളികളെ നിഷ്‍പ്രഭമാക്കി ജിന്റോ മുന്നേറിയപ്പോള്‍ ഷോയില്‍ അത് അവിസ്‍മരണീയമായ ഒരു മുഹൂര്‍ത്തമായിരിക്കുകയാണ്.

മോഹൻലാല്‍ വീണ്ടും അവതാരകനായി എത്തിയ ഷോ ഒട്ടനവധി നാടകീയ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായിരുന്നു. സിജോയെ മറ്റൊരു മത്സരാര്‍ഥി മര്‍ദ്ദിക്കുകയും ഷോയില്‍ നിന്ന് പുറത്താക്കിയതടക്കമുള്ള ഒട്ടനവധി സംഭവങ്ങള്‍. അതിനിടയിലും വീറുറ്റ മത്സരം കാഴ്‍ചവെച്ച്‌ ഷോയെ മനോഹരമാക്കിയവര്‍. ഓരോ മത്സരാര്‍ഥികളും ഓരോ ഘട്ടത്തില്‍ ഷോയില്‍ ഒന്നാമതെത്തിയ നിമിഷങ്ങളും ആറിന്റെ പ്രത്യേകതയായിരുന്നു.

പവര്‍ റൂം അവതരിപ്പിച്ചതും ഇത്തവണത്തെ ഷോയുടെ മാറി നടത്തമായി. പത്തൊമ്ബത് മത്സരാര്‍ഥികള്‍ ഇത്തവണ ഷോയിലേക്ക് ആദ്യം എത്തിയത്. പിന്നീട് ആറ് പേര്‍ ഷോയില്‍ വൈല്‍ഡ് കാര്‍ഡ് എൻട്രിയായി എത്തിയതും വേറിട്ടതായി. ഗെയിം മാറിമറിയാനും അത് കാരണമായി. എന്തായാലും പുതിയ ജേതാവിനെ തെരഞ്ഞെടുത്ത് അവസാനിച്ചിരിക്കുകയാണ് ബിഗ് ബോസ്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്