Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL അന്തർ സംസ്ഥാന മോഷ്ടാവും കാപ്പ പ്രതിയുമായ ഇസ്മയിൽ എന്ന കൂമൻ ഇസ്മയിൽ പോലീസ് പിടിയിൽ

അന്തർ സംസ്ഥാന മോഷ്ടാവും കാപ്പ പ്രതിയുമായ ഇസ്മയിൽ എന്ന കൂമൻ ഇസ്മയിൽ പോലീസ് പിടിയിൽ

പേരാമ്പ്ര: അന്തർസംസ്ഥാന മോഷ്ടാവായ കൂമൻ ഇസ്മയിൽ പേരാമ്പ്ര പോലീസിന്റെ പിടിയിലായി. കേരളത്തിലുടനീളം നിരവധി കേസുകളിൽ പ്രതിയായ കണ്ണൂർ ഇരിക്കൂർ ദാറുൽ ഫലാഹ് വീട്ടിൽ ഇസ്മയിൽ (26)  എന്ന "കൂമൻ" ഇസ്മയിൽ (ഇരിക്കൂർ ഇസ്മയിൽ) 01.05.2024 തിയതി പേരാമ്പ്ര പോലീസ് സ്റ്റേഷൻ പരിധിയിലെ വെള്ളിയൂരിൽ എത്തുകയും മൂന്നോളം വീടുകളിൽ കവർച്ച നടത്തുകയും ഏഴോളം വീടുകളിൽ കവർച്ചാശ്രമം നടത്തുകയും  ചെയ്തിരുന്നു. 

വെള്ളിയൂർ ടൗണിനടുത്ത് ഷാജി എന്നയാളുടെ വീട്ടിൽ കളവ് നടത്തി അരപ്പവന്റെ കമ്മൽ മോഷ്ടിക്കുകയും മറ്റൊരു  അധ്യാപകന്റെ വീട്ടിൽ കയറി അമ്മയെ ബാത്റൂമിൽ പൂട്ടിയിട്ട ശേഷം അലമാരയിൽ സൂക്ഷിച്ച 25000 രൂപയും മൂന്നര പവനോളം സ്വർണവും മോഷ്ടിക്കുകയും മറ്റൊരു വീട്ടിൽ നിന്നും സുമാർ ഒരു പവനോളം വരുന്ന കുഞ്ഞുങ്ങളുടെ ആഭരണങ്ങൾ മോഷ്ടികയും ചെയ്ത് പ്രതി രക്ഷപ്പെടുകയായിരുന്നു. ഇതിൽ അധ്യാപകൻ്റെ അമ്മയെ ഒരു മണിക്കൂറിലധികം സമയം ബാത്റൂമിൽ പൂട്ടിയിടുകയായിരുന്നു. പിന്നീട് മകൻ വന്നു നോക്കിയപ്പോഴാണ് അമ്മയെ പൂട്ടിയിട്ടതായും കളവ് നടന്നതായും അറിഞ്ഞത്. പേരാമ്പ്ര ഡിവൈഎസ്പി കെ എം ബിജുവിന്റെ നേതൃത്വത്തിലുള്ള സ്ക്വാർഡിന്റെ നിരന്തര പരിശ്രമത്തിന്റെ ഭാഗമായി കളവു നടത്തിയത് കൂമൻ ഇസ്മായിൽ എന്ന ഇസ്മയിൽ ആണെന്ന് തിരിച്ചറിയുകയും മറ്റു ജില്ലകളിലുൾപ്പെടെ ഇയാളെ നിരീക്ഷിച്ചുവരികയും ചെയ്യുകയായിരുന്നു. 

തുടർന്ന് നടത്തിയ നിരീക്ഷണത്തിൽ ഇയാൾ തൃശ്ശൂർ സിറ്റിയിൽ ഉണ്ടെന്നുള്ള വിവരം ലഭിക്കുകയും  പേരാമ്പ്ര ഇൻസ്പെക്ടർ സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിൽ തൃശൂർ ഡാൻസാഫ് സ്ക്വാഡിൻ്റെ സഹായത്തോടുകൂടി പ്രതിയെ അതിസാഹസികമായി കീഴടക്കി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിലവിൽ മുപ്പതോളം കേസുകളുള്ള പ്രതി പോലീസിന്റെ കണ്ണ് വെട്ടിച്ച് പല സ്ഥലങ്ങളിലായി മാറി മാറി താമസിക്കുകയായിരുന്നു. കാപ്പ പ്രകാരം അറസ്റ്റിലായ പ്രതി മാർച്ച് മാസം തൃശൂർ ഹൈടെക് ജയിലിൽ നിന്നും പുറത്തിറങ്ങി വിവിധ സ്ഥലങ്ങളിൽ കവർച്ച ചെയ്യുകയായിരുന്നു. വളരെ തന്ത്രപരമായി തെളിവുകിട്ടാത്ത തരത്തിൽ കളവു നടത്താറുള്ളയാളാണ് ഇസ്മയിൽ. എന്നാൽ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ തുമ്പുണ്ടാക്കി പ്രതിയെ കസ്റ്റഡിയിലെടുത്ത്  മികവ് തെളിയിച്ചിരിക്കുകയാണ് പേരാമ്പ്ര കളവു പരമ്പരകേസിൽ പോലീസ്. ഈയിടെ പേരാമ്പ്ര അനു കൊലക്കേസ് തെളിയിച്ച അതേ അന്വേഷണ സംഘമാണ് ഈ കേസിലും പ്രതിയെ കണ്ടെത്തി പിടികൂടിയത്. പേരാമ്പ്ര ഡിവൈഎസ്പിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച അന്വേഷണസംഘം കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ പ്രതിയെ പിടികൂടിയത് കേരള പോലീസിന് തന്നെ അഭിമാനകരമായ നേട്ടമാണ്. ഇയാൾക്ക് നിലവിൽ കോഴിക്കോട് തൃശൂർ, കൊല്ലം, പത്തനാപുരം, കായംകുളം, കുന്നംകുളം, തുടങ്ങി നിരവധി സ്റ്റേഷനുകളിൽ കേസുകളുണ്ടെന്ന് പോലീസ്  പറഞ്ഞു. പേരാമ്പ്ര ഇൻസ്പെക്ടർ സന്തോഷ് കുമാർ പ്രിൻസിപ്പൽ എസ് ഐ വിനോദ്, എസ് ഐ മാരായ ഫിറോസ്, വിനീത് കുമാർ, പ്രദീപ് കുമാർ, സീനിയർ സിവിൽ പോലീസ് ഒഫീസർമാരായ വിനീഷ് ടി, ഷാഫി എൻ എം, മുനീർ ഇ കെ, സിഞ്ചു ദാസ്, ജയേഷ്, രാജേഷ്, റിയാസ്, സുജില തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്