ഓലപ്പീപ്പി അവാർഡ് നേട്ടവുമായി മയ്യിലിൻ്റെ കുഞ്ഞു പാട്ടുകാരി പൊന്നാമ്പല

പയ്യന്നൂർ: വിവിധ മേഖലകളിൽ കഴിവുതെളിയിച്ച മലയാളികളായ കുട്ടികൾക്ക് പയ്യന്നൂർ ബ്രദേഴ്സ് ക്ലബ്ബ് ഏർപ്പെടുത്തിയ ഓലപ്പീപ്പി അവാർഡ് (സംഗീതം) മയ്യിൽ കയരളം ഒറപ്പടി സ്വദേശിനിയായ പൊന്നാമ്പലക്ക് ലഭിച്ചു.
പയ്യന്നൂരിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച്  പയ്യന്നൂർ നഗരസഭ അധ്യക്ഷ കെ വി ലളിത, കെ ഷാജി, കേരള ഫോക്ലോർ അക്കാദമി മുൻ സെക്രട്ടി എം പ്രദീപ് കുമാർ എന്നിരുടെ സാന്നിധ്യത്തിൽ പത്മശ്രീ വി പി അപ്പുക്കുട്ടപ്പൊതുവാളിൽ നിന്നും പൊന്നാമ്പല അവാർഡ് ഏറ്റുവാങ്ങി. നാടൻ കല -നാടക-സിനിമാ പ്രവർത്തകരായ ജിജു ഒറപ്പടി ശിശിരാ കാരായി ദമ്പതികളുടെ മകളാണ് 
മൂന്നാം തരം വിദ്യാർത്ഥിനിയായ വൈഖരി സാവൻ എന്ന പൊന്നാമ്പല.
കേരളത്തിനകത്തും പുറത്തും നാടൻ പാട്ടു പരിപാടികൾ അവതരിപ്പിച്ച് ശ്രദ്ധേയയായ 
കുഞ്ഞു വൈഖരി രണ്ടു വയസിൽ കയരളം ഒറപ്പടിയിൽ നടന്ന ഒരു സാംസ്കാരിക പരിപാടിക്കിടയിൽ 
തന്റെ പാട്ടുപാടാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും
യാതൊരു പരിശീലനവും ഇല്ലാതെ വേദിയിലെത്തി മിന്നാം മിനുങ്ങേ  എന്നു തുടങ്ങുന്ന ഗാനം ആലപിച്ച് കാണികളുടെ കയ്യടി നേടിയാണ് കലാരംഗത്ത് കടന്നുവന്നത്.  രണ്ടരവയസിൽ ഒറപ്പടി കലാകൂട്ടായ്മയുടെ "നാട്ടുത്സവം നാടൻ പാട്ടു മേള "യിലൂടെ ഉത്തര മലബാറിലെ നിരവധി വേദികളിൽ നാടൻ പാട്ടുകൾ പാടി തുടങ്ങിയ വൈഖരി മൂന്നാം വയസിൽ തന്നെ  ടിവി സിനിമാ താരങ്ങളുടെ കൂടെ മെഗാഷോകളിലും സാന്നിധ്യമായി.
പ്രളയകാലത്ത് പാട്ടുവണ്ടിയിലൂടെ തുക സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറുന്ന ഒറപ്പടി കലാകൂട്ടായ്മയുടെയും നാട്ടുകലാകാരന്മാരുടെയും പ്രവർത്തനത്തിൽ പങ്കാളിയായി.
കൊറോണക്കാലത്ത് നവമാധ്യമങ്ങളിലൂടെ നിരവധി ഓൺ ലൈൻ തത്സമയ പരിപാടികൾ അവതരിപ്പിച്ചു.
"പൊന്നാമ്പല" എന്ന പേരിൽ കൊറോണ ബോധവൽക്കരണ നാടകം ഓൺലൈനിലൂടെ അവതരിപ്പിച്ച് ആയിരക്കണക്കിന് പ്രേക്ഷകരുടെ അഭിനന്ദനങ്ങളേറ്റുവാങ്ങി.
മുന്ന, വെളുത്ത മധുരം എന്നീ സിനിമകളിലും ചെറിയ വേഷം ഈ കൊച്ചു കലാകാരി  ചെയ്തിട്ടുണ്ട്.
അഥീന നാടകനാട്ടറിവ് വീടിൻ്റെയും ഒറപ്പടി കലാകൂട്ടായ്മയുടെയും നാടൻ പാട്ടുമേളയുടെ പരിശീലനം നിരന്തരം കണ്ടാണ് വൈഖരിയും നാടൻ പാട്ടുരംഗത്തേക്ക് കടന്നു വന്നത്. ഇപ്പോൾ
കണ്ണൂർ അഥീന നാടക- നാട്ടറിവ് വീടിന്റെ നാട്ടുമൊഴി, പാട്ടുറവ എന്നീ നാടൻ പാട്ടു മേളകളിലെയും അഥീന ഫോക്ക് മെഗാഷോയിലെയും മിന്നും താരമാണ് വൈഖരി.
തനതു പാട്ടായ കാലെ കാല കുംഭ ,  തില്ലേലെ ലേലേലോ പുള്ളേ റങ്ക് മാ, തുഞ്ചൻ പറമ്പിലെ പഞ്ചവർണക്കിളി, താ തമ്പി തരികിട തോം, ഒന്നാനാം നല്ലൊരിളം കവുങ്ങ്, ഒന്നാം മണിക്കിണറ്റിൽ, പിള്ളേരാണ് പിള്ളേരാണ് എന്നിവയാണ് വൈഖരി വേദികളിൽ പാടി വരുന്നതിൽ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടുകൾ.
നിങ്ങള് നിങ്ങളെ മാത്രം,
നമ്മളല്ലാതെ മറ്റാരു സഖാക്കളെസഖാക്കളെ, ഉമ്പായി കുച്ചാണ്ട്, കൊട്ടപ്പം കൊട്ടാങ്ങളെ, ചന്ദന പൂവരമ്പിനരികരികെ, അമ്മേ നാരായണ, എന്നാലുമേ എന്റെ നാത്തൂന്മാരേ... തുടങ്ങിയ പാട്ടുകളും വേദിയിൽ പാടാറുണ്ട്.
ഒൻപതു വയസിനിടയിൽ കേരളത്തിലെ മിക്ക ജില്ലകളിലും മഹാരാഷ്ട്രമഹാരാഷ്ട്ര, തമിഴ്നാട്, കർണ്ണാടക, പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലുമായി അഞ്ഞൂറിലേറെ വേദികളിൽ  പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
കണ്ണൂർ കരിങ്കൽക്കുഴി ഭാവന തിയേറ്റേഴ്സിൻ്റെ 2022 ലെ  ഭാവന നവ പ്രതിഭാ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 
IFKKയിൽ ചലചിത്ര അക്കാദമിയുടെ അനുമോദനം ലഭിച്ചിരുന്നു.
കണ്ണൂർ സെൻട്രൽ ജയിലിൽ അന്തേവാസികൾക്കായി പാട്ടുകൾ പാടുകയും ജയിൽ സൂപ്രണ്ടിൻ്റെ അനുമോദനവും ആദരവും ലഭിച്ചിട്ടുണ്ട്.
2023 ൽ കലാഭവൻ മണി ഫൗണ്ടേഷൻ്റെ പ്രഥമ ബാല്യശ്രീ പുരസ്കാരവും, അഭിനയത്തിന്  ഭരത് പി ജെ ആൻ്റണി സ്മാരക ദേശീയ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
നാടൻ കലാ അക്കാദമി  അവാർഡ് ജേതാക്കളായ റംഷി പട്ടുവം, ശരത് കൃഷ്ണൻ എന്നിവർ ചേർന്നാണ് പൊന്നാമ്പലക്ക് പരിശീലനം നൽകുന്നത്. 


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്