കണ്ണൂർ: തദ്ദേശസ്വയംഭരണ വകുപ്പിൻ്റെ എൻഫോഴ്സ്മെന്റ്സ് സ്ക്വാഡ് കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ ജൈവ-അജൈവമാലിന്യങ്ങൾ കൂട്ടിക്കലർത്തി സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിക്ഷേപിച്ച രണ്ട് സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാൻ കോർപ്പറേഷന് നിർദ്ദേശം നൽകി. കണ്ണൂർ കാൽടെക്സിനു സമീപം പ്രവർത്തിക്കുന്ന ഫാമിലി വെഡ്ഡിങ്ങ് സെൻ്റർ, ഇസ്ളാമിക് സെൻ്റർ ഓഫീസ് എന്നീ സ്ഥാപനങ്ങൾക്കാണ് 5000 രൂപ വീതം പിഴ ചുമത്തി നടപടികൾ സ്വീകരിക്കാൻ കോർപ്പറേഷന് നിർദ്ദേശം നൽകിയത്.
പ്ലാസ്റ്റിക് കവറുകൾ, തെർമോകോൾ, പേപ്പർ കപ്പുകൾ ലിഫ്റ്റിന്റെ യന്ത്ര ഭാഗങ്ങൾ പാക്ക് ചെയ്ത പെട്ടികൾ, പാൽ കവറുകൾ തുടങ്ങിയവ കൂട്ടിക്കലർത്തി പ്ലാസ്റ്റിക് കവറുകളിലാക്കി ചാക്കിൽ കെട്ടി പാർക്കിംഗ് ഗ്രൗണ്ടിന് സമീപം നിക്ഷേപിച്ചിരുന്നത് ആണ് കണ്ടെത്തിയത്. ഭക്ഷണ മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ കൂട്ടിക്കലർത്തി ഇട്ടതിനാൽ പുഴുവരിക്കുന്ന രീതിയിലാണ് പരിശോധനാ വേളയിൽ സ്ക്വാഡ് കണ്ടെത്തിയത്. ഇതിന് തൊട്ടടുത്ത പ്ലോട്ടിൽ തന്നെ ഇസ്ലാമിക് സെൻറർ ഓഫീസിൽ നിന്നുള്ള മാലിന്യങ്ങളും കൂട്ടിയിട്ട നിലയിലായിരുന്നു. മാലിന്യ ചാക്ക് കെട്ടുകൾ സ്വന്തം ചെലവിൽ നീക്കം ചെയ്യ്ത് റിപ്പോർട്ട് ചെയ്യാനും മുനിസിപ്പൽ ആക്ട് അനുസരിച്ച് 5000 രൂപ വീതം പിഴ ഒടുക്കുവാനും സ്ക്വാഡ് നിർദ്ദേശിച്ചു.
മാലിന്യം തരംതിരിച്ച് സംസ്കരിക്കാനായി രണ്ട് ബിന്നുകളിലായി ശേഖരിക്കണമെന്ന് പലതവണ തദ്ദേശഭരണ സ്ഥാപനങ്ങൾ നിർദേശം നൽകിയിട്ടുണ്ടെങ്കിലും മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും ഇത് പാലിക്കപ്പെടുന്നില്ല. മാലിന്യങ്ങൾ കൂട്ടി കലർത്തി അംഗീകാരമില്ലാത്ത എജൻസികൾക്ക് നൽകുന്ന ഇത്തരം സ്ഥാപനങ്ങളെ കണ്ടെത്താൻ ജില്ലയിൽ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് വരും ദിവസങ്ങളിലും പരിശോധന നടത്തുന്നതാണ്.
Post a Comment