PTH കൊളച്ചേരി കാരുണ്യ സംഗമവും ഇഫ്ത്താറും മീറ്റിംഗും സംഘടിപ്പിച്ചു, ദുർബലരെ സഹായിക്കൽ വിശ്വാസപരമായ ധർമ്മം; എസ്. വി മുഹമ്മദലി മാസ്റ്റർ


പള്ളിപ്പറമ്പ് : ദുർബലരെ സഹായിക്കുക എന്നത് നമ്മുടെ വിശ്വാസപരമായ ധർമ്മമാണെന്നും ഇത്തരം പ്രവർത്തനങ്ങളിൽ ഇടപെടുന്ന ആളുകൾക്ക് ദൈവം  വലിയ സൗഭാഗ്യങ്ങളാണ് നൽകുന്നതെന്നും, ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇവർ ദൈവ സന്നിതിയിൽ സുരക്ഷിതരാണെന്നതാണെന്നും പ്രമുഖ മന:ശാസ്ത്ര പരിശീലകനും അധ്യാപകനുമായ എസ്.വി മുഹമ്മദലി മാസ്റ്റർ അഭിപ്രായപ്പെട്ടു. പള്ളിപ്പറമ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കൊളച്ചേരി മേഖല പൂക്കോയ തങ്ങൾ ഹോസ്പിസ് - പി.ടി.എച്ച് സംഘടിപ്പിച്ച കാരുണ്യ സംഗമ - ഇഫ്താർ മീറ്റിൽ സ്നേഹ സംവേദനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പെയിൻ ആൻഡ് പാലിയേറ്റീവ്  പ്രവർത്തനത്തിലൂടെ ഇന്നത്തെ കാലത്ത് നിരവധി നേട്ടങ്ങളാണ് ഉണ്ടാകുന്നത്. ഒന്ന് ആവശ്യസമയത്ത്  പരിചരിക്കാനും സപ്പോർട്ട് ചെയ്യാനും ആളുകൾ എത്തിച്ചേരുന്നു, കൂടാതെ ഒരു ഹോസ്പിറ്റലിൽ കിട്ടാത്ത രീതിയിലുള്ള പരിചരണം  ലഭിക്കുന്നു, ആഗ്രഹങ്ങളും താല്പര്യങ്ങളും ഇല്ലാതെ വളണ്ടിയർമാരായ ആളുകൾ എപ്പോൾ വേണമെങ്കിലും ഒരു വിളിപ്പുറത്ത് ലഭിക്കുന്നു, ഹോസ്പിറ്റലിൽ ചെന്ന് അനാവശ്യമായ പരിശോധനകളുടേയും ചികിത്സകളുടെയും പേരിൽ ആളുകൾ ചൂഷണത്തിന് വിധേയരാവുന്നത് കുറയ്ക്കാൻ സാധിക്കുന്നു. മരണാസന്നരായ ആളുകളെ സമാധാനത്തിൽ മരിക്കാൻ സമ്മതിക്കാതെ  മെഷീനുകളുടെ ഇടയിൽ കുടുക്കിയിട്ട് അവസാനം നമുക്ക് മൃതദേഹ രൂപത്തിൽ തിരിച്ചു തരുന്ന ഒരു സാഹചര്യത്തിൽ നിന്നും മുക്തരാവാൻ സാധിക്കുന്നു.  
രോഗം വന്നവരെ ചികിത്സിക്കുന്നതിനേക്കാൾ ഏറെ പ്രധാനമാണ് രോഗം വരാതിരിക്കാനുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുക എന്നുള്ളത്. അതു കൊണ്ടുതന്നെ ഒരു ഹെൽത്ത് കൾച്ചർ നമുക്കുണ്ടാവേണ്ടതുണ്ട്.   ആളുകൾക്ക് ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ട കൃത്യമായ ധാരണകൾ ഉണ്ടാക്കുന്ന രീതിയിൽ  വളണ്ടിയർമാർ ഉൾപ്പെടെയുള്ളവർക്ക്  പരിശീലനങ്ങൾ നൽകേണ്ടതുണ്ട്. വേദനിച്ചു നിൽക്കുന്ന ആളെ സംബന്ധിച്ചിടത്തോളം രണ്ടുതരം വേദനയാണ്. ശരീരത്തിന്റെ വേദനയും മനസ്സിന്റെ വേദനയും. ഇവ  മനസ്സിലാക്കി കഴിയുമ്പോൾ മാത്രമേ ഒരു പാലിയേറ്റിവ് കെയർ ടീമിന് യഥാർത്ഥത്തിലുള്ള ഹീലിംഗ് കൊടുക്കാൻ സാധിക്കുകയുള്ളൂ. 
നല്ല വർത്തമാനം പറഞ്ഞു അവരോട് പ്രത്യേക ബന്ധം സ്ഥാപിക്കുമ്പോൾ അവർക്ക് കിട്ടുന്ന ആശ്വാസം അത്ഭുതകരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു ശ്വാസം എടുത്തു വലിച്ചെടുക്കാൻ പോലും പറ്റാത്ത ഒരു മനുഷ്യന്റെ കൂടെ സപ്പോർട്ട് ചെയ്യാൻ നാം തയ്യാറാവുമ്പോൾ അയാൾ അനുഭവിക്കുന്ന ഒരു ആശ്വാസമാണ് അയാളെ സംബന്ധിച്ചടത്തോളം ലോകത്തിലെ ഏറ്റവും വലുതെന്നും എസ് വി.മുഹമ്മദലി മാസ്റ്റർ കൂട്ടിച്ചേർത്തു.
ചടങ്ങ് മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. പി.ടി.എച്ച് കൊളച്ചേരി മേഖലാ പ്രസിഡണ്ട് മുസ്തഫ കോടിപ്പൊയിൽ അദ്ധ്യക്ഷനായിരുന്നു. മുസ്‌ലിം ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം ട്രഷറർ ടി.വി ഹസൈനാർ മാസ്റ്റർ മയ്യിൽ, സെക്രട്ടറി സി.കെ മഹ്മൂദ്, പഞ്ചായത്തംഗങ്ങളായ സൈഫുദ്ദീൻ നാറാത്ത്, കെ മുഹമ്മദ് അശ്രഫ്, കെ.പി അബ്ദുൽ സലാം, ബഷീർ മാസ്റ്റർ കുറ്റ്യാട്ടൂർ, മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി സയ്യിദ് ആറ്റക്കോയ തങ്ങൾ പാട്ടയം, അഹ്മദ് തേർലായി, ഹാഫിസ് മാജിദ് ഫൈസി കമ്പിൽ, എം അബ്ദുൽ അസീസ്, കുഞഹമ്മദ് കുട്ടി മയ്യിൽ, ഹംസ മൗലവി പള്ളിപ്പറമ്പ്, എം.എം സഅദി, അസീസ് ഹാജി മയ്യിൽ, പി.ടി. അബ്ദുൽ ഖാദർ സഖാഫി, ജബ്ബാർ മാസ്റ്റർ ചേലേരി, മുഹമ്മദ് വളക്കൈ, കൈപയിൽ അബ്ദുള്ള, അശ്രഫ് സഖാഫി, സി.എം മുസ്തഫ ഹാജി സംസാരിച്ചു . പള്ളിപ്പറമ്പ് മൂരിയത്ത് ജുമാ മസ്ജിദ് ഖത്തീബ് ഫായിസ് ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി . പി.ടി.എച്ച് മേഖലാ ജനറൽ സെക്രട്ടറി ഹാഷിം കാട്ടാമ്പള്ളി സ്വാഗതവും, സെക്രട്ടറി മൻസൂർ പാമ്പുരുത്തി നന്ദിയും പറഞ്ഞു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്