കണ്ണൂർ: രാജ്യാന്തര വിമാന താവളത്തിലെ വിവിധ നിരക്കുകൾ ഉയർത്താൻ എയർപോർട്ട് ഇക്കണോമിക് റഗുലേറ്ററി അതോറിറ്റി അനുമതി നൽകി. ഇതോടെ ആഭ്യന്തര - രാജ്യാന്തര ടിക്കറ്റ് നിരക്കുകൾ ഉയരും. ഏപ്രിൽ ഒന്ന് മുതൽ എടുക്കുന്ന ടിക്കറ്റുകൾക്കാണ് പുതുക്കിയ നിരക്കുകൾ ബാധകമാവുക.
യാത്രാനിരക്കിനൊപ്പം ടിക്കറ്റിൽ ഉൾപ്പെടുത്തി ഈടാക്കുന്ന യൂസർ ഡവലപ്മെന്റ് ഫീസ്, വിമാന കമ്പനികളിൽ നിന്ന് ഈടാക്കുന്ന പാർക്കിങ്, ലാൻഡിങ് നിരക്കുകൾ, എയ്റോബ്രിജ്, ഇൻലൈൻ എക്സ്റേ, കാർഗോ നിരക്കുകൾ വർധിക്കും.
രാജ്യാന്തര യാത്രക്കാർക്ക് യൂസർ ഡവലപ്മെന്റ് ഫീസിൽ മാത്രം ഏതാണ്ട് 700 രൂപയുടെയും ആഭ്യന്തര യാത്രക്കാർക്ക് 500 രൂപയുടെയും വർധനയാണ് ഉണ്ടാവുക. നിലവിൽ രാജ്യാന്തര യാത്രാ ടിക്കറ്റുകൾക്ക് നികുതി ഉൾപ്പെടെ 1263 രൂപയും ആഭ്യന്തര യാത്രക്ക് 378 രൂപയുമാണ് യൂസർ ഡവലപ്മെന്റ് ഫീസായി ഈടാക്കുന്നത്.
ഏപ്രിൽ ഒന്ന് മുതൽ രാജ്യാന്തര യാത്രക്കാരിൽ നിന്ന് നികുതി ഉൾപ്പെടെ 1982 രൂപയും ആഭ്യന്തര യാത്രക്കാരിൽ നിന്ന് 885 രൂപയും ഈടാക്കുന്നതിനാണ് അനുമതി ലഭിച്ചത്. 2028 വരെയുള്ള ഓരോ സാമ്പത്തിക വർഷങ്ങളിലും ഈ നിരക്കുകളിൽ നിശ്ചിത ശതമാനം വർധനക്കും അനുമതിയുണ്ട്.
Post a Comment