കണ്ണൂർ മാർക്കറ്റിൽ നിന്ന് നിരോധിത വസ്തുക്കളുടെ വൻശേഖരം പിടികൂടി

കണ്ണൂർ നഗരത്തിൽ തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ അര ടണ്ണിലധികം നിരോധിതപ്ലാസ്റ്റിക് വസ്തുക്കളുടെ ശേഖരം പിടിച്ചെടുത്തു. കണ്ണൂർ ബല്ലാർഡ് റോഡിലെ ഷാലിമാർ ട്രേഡ് ലിങ്ക്സിന്റെ ഗോഡൗണിൽ നിന്നാണ്  ഒറ്റത്തവണ ഉപയോഗ നിരോധിതവസ്തുക്കളുടെ വൻശേഖരം പിടിച്ചെടുത്തത്. കണ്ണൂർ നഗരത്തിൽ നിരോധിത ക്യാരിബാഗുകൾ സുലഭമായി ലഭിക്കുന്നു എന്ന പരാതിയെ തുടർന്നാണ് സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ നിരോധിത ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. ഇതിൽ നിരോധിത ക്യാരിബാഗ് മാത്രം 175 കിലോ ഉണ്ടായിരുന്നു. പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ കപ്പുകൾ, നേർത്ത പ്ലാസ്റ്റിക് ഗ്ളാസുകൾ, പ്ലാസ്റ്റിക് വാഴയില, വിവിധതരത്തിലുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകൾ, ഗാർബേജ് ബാഗുകൾ, ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് സ്പൂണുകൾ, തെർമോകോൾ പ്ലേറ്റുകൾ, പ്ലാസ്റ്റിക് കോട്ടഡ് പേപ്പർ പ്ലേറ്റുകൾ എന്നിവയുടെ വൻശേഖരമാണ് സ്ക്വാഡ് പിടികൂടിയത്. കടയുടമയ്ക്ക് 10,000 രൂപ പിഴ ചുമത്തി തുടർനടപടികൾ സ്വീകരിക്കാൻ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കണ്ണൂർ കോർപ്പറേഷന് നിർദ്ദേശം നൽകി.

      പരിശോധനയിൽ സ്ക്വാഡ് ലീഡർ ഇ.പി.സുധീഷ് എൻഫോഴ്സ്മെന്റ് ഓഫീസർ കെ. ആർ.അജയകുമാർ,ഷെരീകുൽ അൻസാർ, കോർപ്പറേഷൻ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ജൂനാ റാണി എന്നിവർ പങ്കെടുത്തു. 0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്