ചലഞ്ച്‌ സ്വയം പ്രഖ്യാപിക്കൂ; രസിച്ച്‌ വായിച്ച്‌ വിസ്മയയിൽ തിമിർക്കാം

അവധിക്കാലത്ത്‌ രസിച്ചുവായിക്കാൻ കുട്ടികളെ ചലഞ്ച്‌ ചെയ്യുകയാണ്‌ സഫ്‌ദർ ഹാഷ്‌മി ഗ്രന്ഥാലയം. വെറുതെ വിളിക്കുകയല്ല, സ്വയം നിശ്‌ചയിച്ചിക്കുന്ന എണ്ണം പുസ്‌തകങ്ങൾ വായിച്ചാൽ വിസ്‌മയ വാട്ടർ തീം പാർക്കിൽ ഒരു ദിനം മുഴുവൻ അടിച്ചുപൊളിക്കാനുള്ള അവസരം ഉൾപ്പെടെ ഒരുക്കിയാണ്‌ കുട്ടിവായനാചാലഞ്ചിന്റെ രണ്ടാം പതിപ്പ്‌. ചലഞ്ചിൽ ഉൾപ്പെടുത്തേണ്ട പുസ്‌തകങ്ങൾ എത്രയെന്ന്‌ സ്വയം തീരുമാനിക്കാം എന്നതാണ്‌ ‘അവധിക്കാലത്ത്‌ എത്ര പുസ്‌തകങ്ങൾ വായിക്കും’ ചലഞ്ചിന്റെ കൗതുകം.

  മാർച്ച്‌ 29 മുതൽ മെയ്‌ 31 വരെയുള്ള കാലയളവിൽ മുപ്പത്‌ പുസ്‌തകങ്ങൾ വായിക്കാൻ തയ്യാറുള്ളവർക്ക്‌ ഗോൾഡൺ ചലഞ്ചിൽ ചേരാം. അമ്പത്‌ പുസ്‌തകങ്ങൾ വായിക്കുന്നവർക്കുള്ളതാണ്‌ പ്ലാറ്റിനം ചലഞ്ച്‌. 70 പുസ്‌തകങ്ങൾ വായിക്കുന്നവർക്ക്‌ ഡയമണ്ട്‌ ചലഞ്ച്‌ പൂർത്തിയാക്കി വിസ്‌മയ വാട്ടർതീം പാർക്കിൽ ഉല്ലസിക്കാം. ഗോൾഡൺ, പ്ലാറ്റിനം ചലഞ്ചുകാർക്ക്‌ ഗോൾഡൺ, പ്ലാറ്റിനം സർട്ടിഫിക്കറ്റും സമ്മാനവും നേടാം. വായിച്ച പുസ്‌തകങ്ങൾക്കെല്ലാം കുഞ്ഞുവായനാകുറിപ്പോ ചിത്രീകരണമോ ചെറുവീഡിയോയോ ഏതെങ്കിലുമൊന്ന്‌ തയ്യാറാക്കണമെന്നത്‌ നിർബന്ധം. പുസ്‌തകാസ്വാദന അവതരണവും ആകാം.

  ജില്ലയിൽ സ്ഥിരതാമസമുള്ള ആർക്കും മത്സരത്തിന്റെ ഭാഗമാകാം. സഫ്‌ദർ ഹാഷ്‌മി ലൈബ്രറിയിൽ നിന്ന്‌ വായനക്കായി എടുക്കുന്ന പുസ്‌തകങ്ങളാണ്‌ ചലഞ്ചിൽ പരിഗണിക്കുക. മത്സരത്തിനിടെ ഉയർന്ന ചലഞ്ചിലേക്ക്‌ മാറാനും അവസരമുണ്ടാകും. കുട്ടികളെ വായനാവിടവുകൾ പരിഹരിക്കാനാണ്‌   നൂതനാശയം ലൈബ്രറി കഴിഞ്ഞ വർഷം ആരംഭിച്ചത്‌. വനിതകൾക്കായി വർഷം മുഴുവൻ നീളുന്ന ‘പെൺവായന’  ചലഞ്ചും നടന്നുവരുന്നു.

 കുട്ടികളുടെ വായനാചലഞ്ച്‌ പ്രഖ്യാപനവും അവധിക്കാല വായനശാലയുടെ ഉദ്‌ഘാടനവും 29ന്‌ രാവിലെ പത്തിന്‌ ലൈബ്രറിയിൽ നടക്കും. ബിനോയ്‌ മാത്യു കുട്ടിവായനക്കാരുടെ സംഗമം നയിക്കും. സംസ്ഥാന സർക്കാരിന്റ ഉജ്വലബാല്യം പുരസ്‌കാര ജേതാവ്‌ കെ വി മെസ്‌നയും ലൈബ്രറി കൗൺസിൽ അഖിലേ കേരള വായനാമത്സര വിജയി എൻ കെ ദേവാഞ്‌ജനയും വായനാനുഭവം പങ്കുവെക്കും. ഫോൺ: 9497295105, 9895965668.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്