വാഹന സർവീസ് സെന്ററുകളിൽ മാലിന്യ സംസ്കരണമില്ല; എൻഫോഴ്സ്മെൻ്റ് പിഴ ചുമത്തി

ശുചിത്വ മാലിന്യ പരിപാലന രംഗത്തെ നിയമലംഘനങ്ങൾ അന്വേഷിക്കുന്ന ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് കണ്ണൂർ തോട്ടടയിലെ വാഹനസർവ്വീസ് സെൻ്ററുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. ഇറാം മഹീന്ദ്ര, കെവിആർ ഡ്രീം വെഹിക്കിൾസ്, സിഗ്നേച്ചർ ഹോണ്ട എന്നീ സ്ഥാപനങ്ങളിലാണ് മാലിന്യ സംസ്കരണം ഫലപ്രദമായി നടപ്പിലാക്കാത്തതിനെ തുടർന്ന് പിഴ ചുമത്തിയത്. വർക്ക്ഷോപ്പിൽ നിന്നുള്ള മലിനജലം പുറത്തേക്ക് ഒഴുക്കി വിട്ടതിനും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിനും കെവിആർ ഡ്രീം വെഹിക്കിൾസിന് 25000 രൂപയും, ഇ-വേസ്റ്റ് ഉൾപ്പെടെ അപകടകരമായ മാലിന്യങ്ങൾ  അലക്ഷ്യമായി കൂട്ടിയിട്ടതിനും മലിനജലം പുറത്തേക്ക് ഒഴുക്കി വിട്ടതിനും ഇറാം മഹീന്ദ്ര എന്ന സ്ഥാപനത്തിന് 25,000 രൂപയും പിഴ ചുമത്തി. കൂടാതെ ജൈവ അജൈവ മാലിന്യങ്ങൾ തരം തിരിക്കാതെ തുറന്ന സ്ഥലത്ത്  കൂട്ടിയിട്ടതിന് സിഗ്നേച്ചർ ഹോണ്ടയുടെ സർവീസ് സെന്ററിന് 5000 രൂപയും പിഴ ചുമത്തി. കെവിആർ ഡ്രീം വെഹിക്കിസിൽ മാലിന്യം കത്തിക്കാനായി ഒരുക്കിയ സംവിധാനം ഉടനടി പൊളിച്ചു മാറ്റാനും ഇറാം മഹീന്ദ്രയുടെ പിറകുവശത്ത് തുറന്ന സ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്ന മാലിന്യം തരംതിരിച്ച് ഉടൻ നീക്കം ചെയ്യാനും എൻഫോഴ്സ്മെൻ്റ് സ്ക്വാഡ്  സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. 

        പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ ഇ.പി. സുധീഷ്, എൻഫോഴ്സ്മെൻ്റ് ഓഫീസർ കെ.ആർ. അജയകുമാർ, ഷെരീകുൽ അൻസാർ, കണ്ണൂർ കോർപ്പറേഷൻ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ.അനീഷ്, ഹെൽത്ത് ഇൻസ്പെക്ടർ ശ്രുതി കെ. എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്