മാലിന്യ നിക്ഷേപം; കണ്ണൂർ നഗരത്തിൽ 5 സ്ഥാപനങ്ങൾക്ക് പിഴ

ശുചിത്വമാലിന്യ സംസ്കരണ രംഗത്തെ നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനായുള്ള ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ മാലിന്യം അലക്ഷ്യമായി നിക്ഷേപിച്ചതിന് അഞ്ച് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. കണ്ണൂർ ട്രെയിനിങ്ങ് സ്കൂളിന് മുൻവശത്തെ  ഉമ്പായി ടവേഴ്സിന് പിറകിലെ മാലിന്യക്കൂമ്പാരം പരിശോധിച്ചതിൽ നിന്നാണ് എക്സ്പ്രസോ സ്മാർട്ട് ചെയിൻ കൊറിയർ, ട്രാക്ക് ആന്റ് ട്രെയിൽ സൈക്കിൾസ്, വുഡ് ലാൻഡ് ഷോറും, റമീസ് ലോഡ്ജ്, പലഹാരം റസ്റ്റോറന്റ് എന്നീ സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യമാണെന്ന് വ്യക്തമായത്. അഞ്ചു സ്ഥാപനങ്ങൾക്കും രണ്ടായിരം രൂപ വീതം പിഴ ചുമത്തി നടപടി സ്വീകരിക്കാൻ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കണ്ണൂർ കോർപ്പറേഷന് നിർദ്ദേശം നൽകി.  ബന്ധപ്പെട്ട കക്ഷികൾ മാലിന്യം സ്വന്തം ചെലവിൽ നീക്കം ചെയ്യേണ്ടതാണെന്നും നിർദ്ദേശം നൽകി.  കൂടാതെ ഒറ്റത്തവണ ഉപയോഗ നിരോധിത വസ്തുക്കൾ ഉപയോഗിച്ചതിന് പലഹാരം റസ്റ്റോറന്റിന് പതിനായിരം രൂപ പിഴ ചുമത്തി നടപടി സ്വീകരിക്കാനും സ്ക്വാഡ് നിർദേശം നൽകി. 

      പരിശോധനയിൽ  എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ ഇ.പി.സുധീഷ്, എൻഫോഴ്സ്മെന്റ് ഓഫീസർ കെ.ആർ അജയകുമാർ, ടീം അംഗം ഷെരികുൾ അൻസാർ,  ക്ളീൻ സിറ്റി മാനേജർ ബൈജു പി.പി, പബ്ളിക് ഹെൽത്ത് ഇൻസ്പെക്ടർ അനീഷ് കെ, കണ്ടിജന്റ് ജീവനക്കാരി റോജ കെ.കെ. എന്നിവർ പങ്കെടുത്തു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്