പ്രായമാവുന്നേയില്ല പെൺകൂട്ടത്തിന്

മയ്യിൽ: നൃത്തത്തിന് പ്രായമുണ്ടോ? ഏയ്, നൃത്തത്തിനെന്നല്ല ഒരു ആത്മാവിഷ്കാരത്തിനും പ്രായമാവുന്നേയില്ലല്ലോയെന്നാണ് വീട്ടമ്മമാരുടെ ഈ നൃത്തക്കൂട്ടായ്മ മറുപടി പറയുക. സ്വന്തം ഇഷ്ടങ്ങളെ ത്യജിച്ച് ജീവിതം നയിച്ച ഭൂതകാലത്തെയാണ് ഈ പെൺകൂട്ടം മായ്ച്ചുകളയാൻ ശ്രമിക്കുന്നത്. കുഞ്ഞുങ്ങളെ പരിചരിക്കാനും വീട്ടുകാവലിനും ഭർത്താവിന് ഇഷ്ടമാവില്ലല്ലോ എന്നോർത്തും മറ്റുള്ളവർ എന്തു കരുതുമെന്ന ആധിയിലും കുഴിച്ചുമൂടിയ  കൊതികളിലൊന്നിനേയാണ് അവർ കയ്യെത്തിപ്പിടിക്കുന്നത്.

തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം വനിതാവേദിയും ഭാവന കലാസമിതിയും ചേർന്ന് ആരംഭിച്ച വീട്ടമ്മമാർക്കുന്ന ശാസ്ത്രീയ നൃത്തപരിശീലനത്തിൽ  അമ്പതിലധികം വീട്ടമ്മമാരുണ്ട്.കൗമാരം പിന്നിട്ടില്ലാത്തവർ മുതൽ എഴുപത്തിയഞ്ച് പിന്നിട്ട മുത്തശ്ശിമാർ വരെ ആത്മ പ്രകാശനത്തിൻ്റെ ചുവടുകൾ പരിശീലിക്കുന്നു. ഇതിൽ പാതിയിലധികം പേരും നാൽപതുകളിലൂടെ കടന്നുപോകുന്നവർ.

 ദൈനംദിന ജീവിതത്തിൻ്റെ മടുപ്പിനെയും സംഘർഷങ്ങളെയും പടികടത്താനുള്ള മാർഗമാണ് ഇവരിൽ പലർക്കും നൃത്തം. ചിലർക്ക് ശരീരത്തിൻ്റേയും മനസിൻ്റേയും ഫിറ്റ്നസിലേക്കുള്ള താക്കോലും. അപൂർവം ചിലർക്കെങ്കിലും സങ്കോചത്തിൻ്റെ പുറന്തോടുകൾ പൊട്ടിച്ചുകളഞ്ഞ് ശരിക്കുമുള്ള അവനവനെ കണ്ടെത്താനുള്ള ശ്രമമാണത്.

 വനിതാവേദിയുടെ  രണ്ടാമത്തെ നൃത്ത പരിശീലന ബാച്ചാണിത്. വിദ്യാർഥികൾക്കുള്ള പരിശീലനം രണ്ടുവർഷം പിന്നിട്ടു.കലാമണ്ഡലം കാവ്യ കുഞ്ഞിരാമനാണ് പരിശീലക. അവധിദിനങ്ങളിൽ വീട്ടമ്മമാർക്ക് സൗകര്യപ്രദമായ സമയങ്ങളിലാണ് പരിശീലനം.

 നർത്തകിയും അഭിനേത്രിയുമായ ജസ്ന ജയരാജായിരുന്നു ഉദ്ഘാടക. ജോലിയുടേയും കുടുംബജീവിതത്തിൻ്റേയും തിരക്കുകളിൽ മുടങ്ങിപ്പോയ നൃത്തപരിശീലനം കോവിഡ് കാലത്ത് തിരികെയെത്തിച്ചതിൻ്റേയും മോഹിനിയാട്ടത്തിൽ അരങ്ങേറ്റം കുറിച്ചതിൻ്റേയും സന്തോഷമാണ് ഉദ്ഘാടന ചടങ്ങിൽ ജസ്ന പങ്കുവെച്ചത്.സ്ത്രീകൾ എപ്പോഴും മാറ്റിവെക്കുന്നത് സ്വന്തം സന്തോഷങ്ങളാണെന്നും സ്വന്തം ഇഷ്ടങ്ങൾക്കായി ജീവിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കണമെന്നും അവർ ഓർമിപ്പിച്ചു.കലാമണ്ഡലം കാവ്യ കുഞ്ഞിരാമൻ, കെ സി വാസന്തി, കെ കെ റിഷ്ന, ടി വി ബിന്ദു, കെ ശ്രുതി മോൾ എന്നിവർ സംസാരിച്ചു. 


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്