ഇരിട്ടി മച്ചൂർമല വിനോദസഞ്ചാര ഭൂപടത്തിലേക്ക് - ഭൂമിയേറ്റെടുക്കൽ ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കും

ഇരിട്ടി: പ്രകൃതിരമണീയമായ മച്ചൂർമലയിലെ
വിനോദസഞ്ചാരസാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള നടപടികൾക്ക് വേഗം കൂടി. തില്ലങ്കേരി ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പ്രാദേശിക ടൂറിസം പദ്ധതിക്കായി ഭൂമിയേറ്റെടുക്കൽ പ്രവൃത്തി ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കും.

ജില്ലാപഞ്ചായത്തും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ഗ്രാമപ്പഞ്ചായത്തുമായി
കൈകോർത്ത് നടപ്പാക്കുന്ന മച്ചൂർ മല വിനോദസഞ്ചാരപദ്ധതിക്കായി ആദ്യഘട്ടത്തിൽ 1.25 ഏക്കർ സ്ഥലമാണ് ഏറ്റെടുക്കുന്നത്.

സ്ഥലത്തിന്റെ വിലനിർണയം ഉൾപ്പെടെയുള്ളവ പൂർത്തിയായി. ജില്ലാ പഞ്ചായത്ത് വിഹിതമാണ് ഇതിനായി വിനിയോഗിക്കുന്നത്.

ആദ്യഘട്ടത്തിൽ നടപ്പാക്കുന്ന പദ്ധതികളുടെ ഡി.പി.ആർ. തയ്യാറായി. ഡി.ടി.പി.സി. കൂടി അത്
അംഗീകരിക്കുന്നതോടെ പുരളിമലയിലെ ഏറ്റവും ഉയരത്തിലുള്ള പ്രദേശമായ മച്ചൂർമലയുടെ സന്ദര്യം ആസ്വദിക്കാനുള്ള അവസരമാണൊരുങ്ങുക.

വ്യൂപോയിന്റ്

മലയിൽ മട്ടന്നൂർ വിമാനത്താവളം വയർലസ് സ്റ്റേഷൻ വരെ റോഡ് സൗകര്യമുണ്ട്. ഇതുകൂടി പദ്ധതിക്കായി പ്രയോജനപ്പെടുംവിധം വ്യൂപോയിന്റ്, കുട്ടികളുടെ പാർക്ക്, മറ്റ് അടിസ്ഥാനസൗകര്യങ്ങൾ എന്നിവയാണ് ആദ്യഘട്ടത്തിൽ പൂർത്തിയാക്കുകയെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.ശ്രീമതി പറഞ്ഞു. സ്ഥലത്തിന്റെ സംയുക്ത പരിശോധന നേരത്തേ പൂർത്തിയാക്കിയിരുന്നു.

ഹിൽടോപ്പ് ടൂറിസത്തിന് പറ്റിയ സ്ഥലമാണ് മച്ചൂർമല. ഇവിടെനിന്നുള്ള ദൃശ്യഭംഗി ആരുടെയും മനംകവരും. ഇപ്പോൾത്തന്നെ നിരവധി സഞ്ചാരികൾ ഇവിടെയെത്തുന്നുണ്ട്.

അടിസ്ഥാനസൗകര്യങ്ങളെല്ലാം ഒരുക്കി കൂടുതൽ സഞ്ചാരികളെ ആകർഷിക്കുകയും ഭാവിയിൽ സ്വകാര്യവ്യക്തികളുടെ സ്ഥലംകൂടി പ്രയോജനപ്പെടുത്തി പദ്ധതി വിപുലീകരിക്കുകയുമാണ് ലക്ഷ്യം.

വ്യൂ പോയിന്റിലേക്കുള്ള റോഡുൾപ്പെടെ നവീകരിച്ച് വിനോദ സഞ്ചാരികൾക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന പ്രദേശമാക്കി മലയെ മാറ്റുകയാണ് ആദ്യഘട്ടത്തിലൂടെ ലക്ഷ്യമിടുന്നത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്