തളിപ്പറമ്പ്: കാല്‍നൂറ്റാണ്ടിന്റെ കഥകള്‍ പറയാന്‍ 26 വര്‍ഷത്തിന് ശേഷം അവര്‍ ഒത്തുചേര്‍ന്നു. 26 വര്‍ഷത്തിനുശേഷവും കുട്ടികളും അധ്യാപകരുമായി ക്ലാസ് മുറികളില്‍ ക്ലാസ്സെടുത്തും പരിചയപ്പെട്ടും കളിചിരികളുമായും അനുഭവങ്ങള്‍ പങ്കിട്ട് കഥകള്‍ പറഞ്ഞ് അപൂര്‍വ്വമായ ഒരു ഒത്തുചേരല്‍.
സര്‍ സയ്യിദ് കോളേജ് 94-97 ബാച്ച് ബിരുദവിദ്യാര്‍ത്ഥികളാണ് 26 വര്‍ഷത്തിനുശേഷം കോളേജ് മുറ്റത്ത് കഹാനിയാന്‍ എന്ന പേരില്‍ ഒത്തുചേര്‍ന്നത്.
രാവിലെ നടന്ന രജിസ്‌ട്രേഷനു ശേഷം ഇരുന്നൂറോളം വിദ്യാര്‍ത്ഥികളും അന്‍പതോളം അധ്യാപകരും കോളേജ് ക്യാമ്പസിലെ പഴയ പ്രീഡിഗ്രി കെട്ടിടത്തോട് ചേര്‍ന്ന സ്ഥലത്ത് ഒത്തുചേര്‍ന്ന് ആകാശത്തേക്ക് ബലൂണ്‍ പകര്‍ത്തി കൊണ്ടാണ് പരിപാടികള്‍ ആരംഭിച്ചത്.
പ്രോഗ്രാം ചെയര്‍മാന്‍ അഡ്വ.കെ.വി.അബ്ദുല്‍ റസാഖ് അധ്യക്ഷത വഹിച്ച സംഗമത്തില്‍ ലക്ഷദ്വീപ് എം പി പി.പി.മുഹമ്മദ് ഫൈസല്‍ മുഖ്യാതിഥിയായിരുന്നു. കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ.എം.അബ്ദുല്‍ സലിം ‘കഹാനിയ മെഗാ മീറ്റ്’ ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് ബാന്റ് മേളത്തിന്റെ അകമ്പടിയോടെ ആഘോഷമായി ക്ലാസുകളില്‍ എത്തിച്ചേര്‍ന്നു. അവിടെ 10 ഡിഗ്രി ബാച്ചുകള്‍ക്കുമായി ഒരുക്കിയ വെവ്വേറെ ക്ലാസുകളില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ഒത്തുചേര്‍ന്നു. ഇന്നത്തെ എംപിയും രാഷ്ട്രീയ നേതാക്കളും വക്കീലന്മാരും ഡോക്ടര്‍മാരും അധ്യാപകരും ഒക്കെയാണെങ്കിലും പഴയ അധ്യാപകരുടെ മുന്നില്‍ അച്ചടക്കത്തോടെ പഴയ കുട്ടികളായി തന്നെ അവര്‍ ഇരുന്നു.
തുടര്‍ന്ന് ക്ലാസുകളില്‍ വച്ച് അനുഭവങ്ങള്‍ പങ്കിട്ടും പരിചയപ്പെട്ടും ഒരുപാട് നേരം ചെലവഴിച്ചു. ലോങ്ങ് ബെല്ലോടുകൂടി ക്ലാസ്സുകള്‍ അവസാനിക്കുകയും എല്ലാവരും പഴയ നൊസ്റ്റാള്‍ജിക് അനുഭവങ്ങള്‍ രേഖപ്പെടുത്തിയ പ്ലക്കാര്‍ഡുകളും ബലൂണുകളും പിടിച്ചു ഘോഷയാത്രയായി പ്രധാന പരിപാടി നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് ആഘോഷത്തോടെ നീങ്ങി.
അവിടെ ഒരുക്കിയ വേദിയില്‍ അധ്യാപകരെ ആദരിക്കുന്ന ഗുരുവന്ദനം പരിപാടി നടന്നു. ഉച്ചക്ക് അധ്യാപകരും വിദ്യാര്‍ത്ഥികളും ഒരുമിച്ചിരുന്ന് സ്‌നേഹസദ്യ കഴിച്ചു. തുടര്‍ന്ന് കോളേജ് ഓഡിറ്റോറിയത്തില്‍ വിവിധ കലാപരിപാടികളും അരങ്ങേറി. കഹാനിയ മെഗാ മീറ്റില്‍ മുന്‍ പ്രിന്‍സിപ്പല്‍മാരായ പ്രൊഫ. അബ്ദുല്‍ സലിം, ഡോ ഖലീല്‍ ചൊവ്വ, പ്രൊഫ. കുട്ടികൃഷ്ണന്‍, സി.ഡി.എം.ഇ.എ ജനറല്‍ സെക്രട്ടറി അള്ളാംകുളം മഹമ്മൂദ്, മുഹമ്മദ് കാട്ടില്‍, മീരാ ഷാന്‍, പി.പി.അലിക്കുഞ്ഞി, മുഹമ്മദ് ഷഫീക്ക്, കെ.മനോജ, ഡോ.ടി.എം.വി. മുംതാസ്, ഡോ.പി.ശ്രീജ, ഫര്‍സാന കരീം, ഇ.പി.അബ്ദുള്ള എന്നിവര്‍ പ്രസംഗിച്ചു.

Post a Comment