തളിപ്പറമ്പ് : തളിപ്പറമ്പിൽ മൃഗശാല വരുന്നു. പ്ലാന്റേഷൻ കോർപറേഷന്റെ കീഴിൽ ആലക്കോട് റോഡിലെ നാടുകാണി എസ്റ്റേററിലാണ്  മൃഗശാല ആരംഭിക്കുന്നതെന്ന് എം.വി.ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ പറഞ്ഞു. ഇതിന്റെ പ്രാരംഭ പരിശോധനയ്ക്കായി എം.വി.ഗോവിന്ദൻ എംഎൽഎയുടെ നേതൃത്വത്തിൽ സംസ്ഥാന മ്യൂസിയം മൃഗശാല ഡയറക്ടർ അബു ശിവദാസ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം ഇന്ന് രാവിലെ നാടുകാണി എസ്റ്റേറ്റ് സന്ദർശിച്ചു.
 നാടുകാണിയിലുള്ള എസ്റ്റേറ്റിൽ 250 ഏക്കറിലധികം സ്ഥലത്താണ് പ്ലാന്റേഷൻ കോർപ്പറേഷന്റെ എസ്റ്റേറ്റ് ഉള്ളത്. കറപ്പ കശുമാവ് കൃഷികളാണ് പ്രധാനമായും ഇവിടെ നടത്തുന്നത്. ഇതിൽ 180 ഏക്കർ സ്ഥലത്താണ് മൃഗശാല പരിഗണിക്കുന്നത്. മൃഗങ്ങൾ തുറസ്സായ സ്ഥലത്ത് സഞ്ചരിക്കുമ്പോൾ ജനങ്ങൾക്ക് പ്രത്യേകം വാഹനങ്ങളിൽ സഞ്ചരിച്ച് ഇവയെ കാണുന്ന രീതിയിലുള്ള മൃഗശാലയാണ് ഇവിടെ പരിഗണിക്കുന്നത്. എന്നാൽ വർഷങ്ങൾ നീണ്ടേക്കാവുന്ന ഒട്ടേറെ കടമ്പകളുണ്ട്.
ഇതിന്റെ ആദ്യഘട്ടമായാണ് എം. വി.ഗോവിന്ദൻ എംഎൽഎയുടെ നിർദേശ പ്രകാരം സ്ഥല പരിശോധന നടത്തുന്നത്. വെള്ള കെട്ടില്ലാത്തതും പ്രകൃതി ദുരന്തം സംഭവിക്കാത്തതുമായ സ്ഥലമാണ് മൃഗശാലകൾക്ക് പരിഗണിക്കുന്നത്. നാടുകാണിയിൽ ഇത്തരം പ്രശ്നങ്ങൾ ഇല്ല. സ്ഥലം അനുയോജ്യമാണെന്ന് കണ്ടെത്തിയാൽ സൂ അതോറിറ്റിക്ക് അപേക്ഷ നൽകും.


Post a Comment