അപകടകരമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിയമം മൂലം നിരോധിക്കണം - കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മയ്യിൽ മേഖല

മയ്യിൽ: മനുഷ്യജീവന് അപകടം വരുത്തുന്ന രീതിയിലുള്ള ആചാരങ്ങൾ നിയമം മൂലം നിരോധിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മയ്യിൽ മേഖലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഒരു കാലത്ത് തുടച്ചു നീക്കിയ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പുതിയ രൂപത്തിൽ തിരിച്ചു വരികയാണ്. നവോത്ഥാന മുന്നേറ്റങ്ങളിലൂടെയും ജന്മിത്തത്തിനും സാമ്രാജ്യത്വത്തിനുമെതിരായ സമരങ്ങളിലൂടെയും മറ്റു വിപുലമായ സാംസ്കാരിക - ശാസ്ത്ര പ്രവർത്തനങ്ങളിലൂടെയും ശാസ്ത്ര സാങ്കേതിക വികാസത്തിലൂടെയുമാണ് നിലനിന്നുപോന്ന പല പ്രാകൃതമായ ആചാരങ്ങളും വിശ്വാസങ്ങളും അടിമപ്പണിക്കു തുല്യമായ പല ജാതിത്തൊഴിലുകളും ഇല്ലാതാക്കിയത്. ഭൂപരിഷ്കരണം, ശക്തമായ പൊതു വിതരണ സമ്പ്രദായം, അതോടൊപ്പം പൊതുജനാരോഗ്യ സംവിധാനം, പൊതുവിദ്യാഭ്യാസം എന്നിവയിലൂടെ മികച്ച ജീവിത നിലവാരം കൈവരിക്കാൻ കേരള ജനതയ്ക്ക് സാധിച്ചു. എന്നാലിന്ന് ജ്യോതിഷം, വാസ്തു അടക്കമുള്ള അന്ധവിശ്വാസങ്ങളുടെ പിറകെയാണ് ജനങ്ങളിൽ വലിയൊരു വിഭാഗം. കഴിഞ്ഞ ദിവസം ചിറക്കലിൽ 14 വയസ്സുള്ള ഒരു കുട്ടിയെ അപകടകരമായ തീച്ചാമുണ്ഡിക്കോലം കെട്ടിച്ച സംഭവം അലപനീയവും മനുഷ്യ വിരുദ്ധമാവുമാണ്. വടക്കെ മലബാറിലെ കീഴാള സമൂഹത്തിൻ്റെ പ്രതിരോധത്തിൻ്റെ പ്രതീകമാണ് തെയ്യങ്ങൾ. നാടിൻ്റെ പുരോഗതിക്കൊപ്പം ഇതിൻ്റെ ഭാഗമായുള്ള മൃഗബലി പോലുള്ള അനാചാരങ്ങൾ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. തീച്ചാമുണ്ഡിക്കോലം കെട്ടിയതിൻ്റെ ഭാഗമായി അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരും അംഗ വിഹീനരായതും നിത്യ രോഗികളുമായ നിരവധി കലാകാരൻമാരുണ്ട്. അതിനാൽ ഇത്തരം അപകടകരമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും  നിയമം മൂലം നിരോധിക്കണമെന്നും കുട്ടികളെ വിശേഷിച്ചും അതിൽ നിന്നും ഒഴിവാക്കണമെന്നും അന്ധവിശ്വാസ ചൂഷണ നിരോധന നിയമം പാസ്സാക്കുവാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

പ്രീ പ്രൈമറി രംഗം ശാസ്ത്രീയമായും ശിശു സൗഹൃദപരമായും പുനസംഘടിപ്പിക്കുക, കുറ്റ്യാട്ടൂർ ഉളുമ്പക്കുന്ന് പ്രകൃതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രമാക്കുക, എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽ നിന്നും ഒഴിവാക്കിയ ചരിത്ര പാഠഭാഗങ്ങൾ പുനസ്ഥാപിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

  പ്രസിഡൻ്റ് എ.ഗോവിന്ദൻ അധ്യക്ഷതയിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് അംഗം ഇ.എം.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം കെ.വി.സതീദേവി ആശംസാ പ്രസംഗം നടത്തി. ശാസ്ത്രകേരളം പത്രാധിപർ ടി.കെ.ദേവരാജൻ സംഘടനാ രേഖ അവതരിപ്പിച്ചു. സെക്രട്ടരി പി. കുഞ്ഞികൃഷ്ണൻ റിപ്പോർട്ടും ട്രഷറർ സി.മുരളീധരൻ കണക്കും അവതരിപ്പിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ കെ.കെ.കൃഷ്ണൻ സ്വാഗതം പറഞ്ഞു. കേരള പദയാത്രയിൽ മുഴുവൻ ദിവസവും പങ്കെടുത്ത പി.പ്രശാന്തിനെ ആദരിച്ചു. പി.കെ.ഗോപാലകൃഷ്ണൻ അനുസ്മരണം നടത്തി.ഡോ.കെ.രമേശൻ, സി.കെ.അനൂപ് ലാൽ, എ.അശോകൻ, ടി.രാജൻ തുടങ്ങിയവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.
ഡോ.കെ.രാജഗോപാലൻ, കെ.കെ.ഭാസ്കരൻ, പി.പ്രസീത, രമേശൻ നണിയൂർ, ശ്രീബിൻ.പി, ടി.രത്‌നാകരൻ, എം.പി.ശ്രീശൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ജില്ലാ പ്രസിഡൻ്റ് പി.കെ.സുധാകരൻ, കേന്ദ്ര നിർവാഹക സമിതി അംഗം വി.വി.ശ്രീനിവാസൻ, ജില്ലാ ജോ. സെക്രട്ടരി പി.ടി.രാജേഷ്, വൈസ് പ്രസിഡൻ്റ് കെ.സി.പത്മനാഭൻ തുടങ്ങിയവർ സംസാരിച്ചു.

ജില്ലാ കമ്മറ്റി അംഗം ബിജു നിടുവാലൂർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ ഭാരവാഹികളായി സി.കെ.അനൂപ് ലാൽ (പ്രസി) എം.കെ.രാജിനി, പി.കുഞ്ഞികൃഷ്ണൻ (വൈസ് പ്രസി) എ.ഗോവിന്ദൻ (സെക്രട്ടരി ) കെ.സരസ്വതി, 'കെ.കെ.കൃഷ്ണൻ (ജോ. സെക്ര) സി.മുരളീധരൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
കെ.കെ.കൃഷ്ണൻ മയ്യിൽ നന്ദിയും പറഞ്ഞു. 




0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്