കുഞ്ഞുങ്ങളുടെ കരുതലിൽ കിളികളും കൂളാവുന്നുണ്ട്‌

മയ്യിൽ : കുഞ്ഞുവരകൾ ചന്തം പകർന്ന മൺപാത്രങ്ങളിൽ പറവകൾക്കായുള്ള കുടിനീരും ധാന്യങ്ങളും കാത്തുവെക്കുന്നുണ്ട്‌ കുറേ കുഞ്ഞുങ്ങൾ. തിളച്ചുമറിയുന്ന വേനലിൽ ഭൂമിയുടെ അവകാശികൾക്ക്‌ ഇത്തിരി വെള്ളവും ഭക്ഷണവും ഒരുക്കുകയാണ്‌ സഫ്‌ദർ ബാലവേദി പ്രവർത്തകർ. ‘കിളികളും കൂളാവട്ടെ’ എന്ന പേരിൽ ആരംഭിച്ച ക്യാമ്പയിനിലൂടെയാണ്‌ ലൈബ്രറി പരിസരത്തും ബാൽഗവദി അംഗങ്ങളായ കുട്ടികളുടെ വീടുകളിലും തണ്ണീർക്കുടം ഒരുക്കുന്നത്‌. കുഞ്ഞുങ്ങളിൽ സഹജീവി സ്‌നേഹം പകരുന്നതിനും പ്രകൃതി പാഠങ്ങളിലേക്ക്‌ നയിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്‌ ക്യാമ്പയിൻ.
 ആഴമില്ലാത്ത മൺപാത്രങ്ങളാണ്‌ തണ്ണീർക്കുടങ്ങൾക്കായി തെരഞ്ഞെടുക്കുന്നത്‌. വെള്ളത്തിനൊപ്പം അരിയും ചെറുധാന്യങ്ങളും പക്ഷികൾക്കായി കരുതിവെച്ചവരുമുണ്ട്‌.  വീട്ടുകാരുടെ സഹായത്തോടെയാണ്‌ ബാലവേദി അംഗങ്ങങൾ തണലുള്ള സ്ഥലം തെരഞ്ഞെടുത്ത്‌ തണ്ണീർക്കുടം ഒരുക്കുന്നത്‌. തണ്ണീർക്കുടം ഒരുക്കുന്നവർ ചിത്രങ്ങൾ ബാലവേദിയുടെ വാട്‌സ്‌ ആപ്‌ ഗ്രൂപ്പിൽ പങ്കുവെക്കണം. മഴക്കാലം വരെ വെള്ളം കുടിക്കാനെത്തുന്ന പറവകളെ നിരീക്ഷിക്കാനും കൃത്യമായ ഇടവേളകളിൽ വെള്ളം ഉറപ്പാക്കാനും കുട്ടികൾ ശ്രദ്ധിക്കുന്നു. ക്യാമ്പയിൻ ദേശീയ രാധാകൃഷ്‌ണൻ മാണിക്കോത്ത്‌ ഉദ്‌ഘാടനം ചെയ്‌തു. കെ വൈശാഖ്‌ അധ്യക്ഷനായി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്