സഫ്ദർ ഹാഷ്മി ഗ്രന്ഥാലയത്തിൻ്റെ അന്താരാഷ്ട്രാ വനിതോത്സവം 12 ന്

പൊരുതിനിൽക്കുന്ന പെൺജീവിതങ്ങൾക്കൊപ്പമാണ് ഇത്തവണ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയത്തിൻ്റെ അന്താരാഷ്ട്രാ വനിതാദിനാഘോഷം. അവരിൽ നമ്മുടെ പ്രദേശത്തെ 11 വനിതാക്ഷീര കർഷകരുണ്ട്. ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും പരിത്യജിച്ച് സവിശേഷമായ ജീവനോപാധിയെ പുൽകിയവർ.ആറും ഏഴും പതിറ്റാണ്ടുകൾ കന്നുകാലി വളർത്തലിനൊപ്പം പിന്നിടുന്നവരുടെ ത്യാഗത്തെ എന്ത് വിശേഷണങ്ങൾ ചേർത്താണ് വർണിക്കാനാവുക. 

ആലയിൽ പശുക്കളുണ്ടെന്ന കാരണത്താൽ ഒരു രാത്രിപോലും ജനിച്ചു വളർന്ന വീട്ടിൽ എത്രയോ ദശാബ്ദങ്ങളായി അന്തിയുറങ്ങാത്തവർ. ഒരു പകലെങ്കിലും നീണ്ട യാത്രകൾ, ഇത്തിരി ദൂരത്തപ്പുറമുള്ള ഉത്സവങ്ങൾ,കറവയുടെ നേരമാകും മുമ്പേ തിരിച്ചെത്താനാവാത്ത കല്യാണങ്ങൾ, പുലർകാലത്തെ ഉറക്കങ്ങൾ അങ്ങിനെ സ്വന്തമാകേണ്ടിയിരുന്ന പലതിനേയും ത്യജിച്ചവരാണ് അവർ.കൃഷി ഉപജീവനമാർഗമെന്നതിനപ്പുറം ദിനചര്യയാക്കിയവർ. അവർ നഷ്ടപ്പെടുത്തിയ സന്തോഷങ്ങൾക്ക് ഒട്ടും പകരമല്ലാത്ത ആദരമാണ് മാർച്ച് 12 ഞായറാഴ്ചയിലെ സായാഹ്നം. 

മയ്യിൽ പഞ്ചായത്തിലെ 18 പേരുള്ള ഹരിതകർമ സേന നമ്മുടെ പരമ്പരാഗത സങ്കൽപങ്ങൾ പ്രകാരമുള്ള തൊഴിൽ ശ്രേണിയിൽ ഏറ്റവും താഴെ തട്ടിലായിരിക്കണം. അമ്പത് രൂപ യൂസർ ഫീയുടെ പേരിൽ കേൾക്കേണ്ടി വരുന്ന പഴികൾ അവരിലുണ്ടാക്കിയ മുറിവുകൾ ചെറുതാവില്ലെന്ന് ഉറപ്പ്. അവർക്ക് 'പെറുക്കികൾ' എന്ന വിളിപ്പേര് ചാർത്തിയ സാമൂഹ്യബോധമാണ് നമ്മളിൽ പലർക്കും.
 വെയിലും മഴയുമേറ്റ് അവരാണ് നമ്മുടെ ധൂർത്തജീവിതത്തിൻ്റെ മാലിന്യങ്ങളെ തരംതിരിച്ച് നാടുകടത്തിയത്.പ്ലാസ്റ്റിക് വലിച്ചെറിയുകയും കത്തിക്കുകയും എന്ന മട്ടിലുള്ള അവനവനെ കൊല്ലുന്ന എളുപ്പവഴിയിലെ ക്രിയകൾ മാത്രമാണ് ഇവരില്ലായിരുന്നുവെങ്കിൽ നമുക്ക് മുന്നിലെ മാർഗങ്ങൾ. പ്ലാസ്റ്റിക് കൂമ്പാരങ്ങളാൽ, ഖരമാലിന്യങ്ങളാൽ നിറയുമായിരുന്ന നമ്മുടെ നാടിനെ അങ്ങിനെ അല്ലാതാക്കിയത് ഇവരുടെ ത്യാഗമാണ്.

മയ്യിൽ ടൗണിൽ 18 വർഷമായി രണ്ട് വനിതാ ശുചീകരണ തൊഴിലാളികളുണ്ട്. നമ്മളിൽ പലരും കണ്ടിട്ടുപോലുമുണ്ടാകില്ല അവരെ. പുലർകാലത്ത്, നാലു മണിയോടെ നഗരമുണരും മുമ്പ് നഗരമാലിന്യങ്ങളെ വൃത്തിയാക്കുന്നവർ.അവരാണ്
പെൺകരുത്തിൻ്റെ യഥാർത്ഥ പ്രതീകങ്ങൾ

ശ്രീഷ്മയെന്ന പെൺകുട്ടിയെ നമ്മളറിയും. എൻജിനീയറിങ് വിദ്യാർത്ഥിയായിരിക്കേ ടിപ്പർ ലോറി ഓടിച്ചാണ് ശ്രീഷ്മ പെൺകരുത്തിൻ്റെ മുദ്രയാവുന്നത്.തൊഴിൽ സങ്കൽപങ്ങളുടെ വലുപ്പച്ചെറുപ്പങ്ങളെ തിരുത്തിയെഴുതുന്നുണ്ട് നമ്മുടെ നാട്ടുകാരി. ലോക പഞ്ചഗുസ്തിയിൽ വെള്ളിമെഡലുകൾ നേടി രാജ്യത്തിൻ്റെ അഭിമാനമായവളാണ് പി കെ പ്രിയ. ഇവർക്കൊപ്പമാണ് സഫ്ദർ ഹാഷ്മി ഗ്രന്ഥാലയത്തിൻ്റെ വനിതാദിനം.തിളങ്ങുന്ന വെള്ളിവെളിച്ചത്തിൽ നിൽക്കുന്ന കുലീനരെയല്ല, ഓരത്തായ പെൺജീവിതങ്ങളെയാണ് സഫ്ദർ ഹാഷ്മി വനിതാവേദിയും നെഹ്റു യുവകേന്ദ്രയും സല്യൂട്ട് ചെയ്യുന്നത്‌.ഈ സന്തോഷം ശാസ്ത്രസാഹിത്യ പരിഷത്ത് ജെൻഡർ വിഷയ സമിതി കൺവീനർ പി വി രഹനയാണ്. 

യു ട്യൂബ് ഉൾപ്പെടെയുള്ള നവമാധ്യമങ്ങളിലൂടെ കുടുംബങ്ങളുടെ പ്രിയപ്പെട്ടവരായി മാറിയ കെ എൽ ബിജു ഋത്വിക് ഫാമിലി മുഖ്യാതിഥികളാവും. വൈകിട്ട് നാലിന് കലാപരികളോടെ വനിതോത്സവത്തിന് അരങ്ങുണരും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്