ആ പെൺകുട്ടി എന്നും ഓർക്കപ്പെടും; രണ്ട് പേർക്ക് കരൾ പകുത്തു നൽകി 14കാരി യാത്രയായി

ഡൽഹി : രണ്ട് പേർക്ക് ജീവിതത്തിൽ പുതുവെളിച്ചമേകി 14 കാരി യാത്രയായി. ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിൽ മസ്തിഷ്ക മരണം സംഭവിച്ചു കിടന്നിരുന്ന പെൺകുട്ടിയുടെ കരളാണ് അസുഖ ബാധിതരായ മറ്റ് രണ്ടു വ്യക്തികൾക്ക് പകുത്ത് നൽകിയത്. ഉത്തരാഖണ്ഡ് സ്വദേശിനിയായ പെൺകുട്ടി കഴിഞ്ഞ നവംബറിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. കുട്ടിയുടെ നെഞ്ചിനും, തലക്കുമാണ് സാരമായി പരിക്കേറ്റത്. മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ രക്ഷിതാക്കൾ കുട്ടിയുടെ കരൾ ദാനം ചെയ്യാൻ സമ്മതമറിയിക്കുകയായിരുന്നു. രാജ്ദീപ് മൊണ്ടാൽ എന്ന ഒൻപത് വയസ്സുകാരനും, 54 വയസ്സുള്ള ഷമീം എന്ന വ്യക്തിയുമാണ് കരൾ സ്വീകരിച്ചത്. കഴിഞ്ഞ ഒരു വർഷമായി അലൈജൽ സിൻഡ്രോം എന്ന ജനിതക രോഗം ബാധിച്ച് ചികിത്സയിലാണ് രാജ്ദീപ്. ഉദരരോഗമായി തുടങ്ങി ക്രമേണ കരളിനെ ബാധിക്കുന്ന അസുഖം വന്നതോടെ കുട്ടിക്ക് സ്കൂളിൽ പോകാനും മറ്റും കഴിഞ്ഞിരുന്നില്ല. ഷമീം ദീർഘനാളായി കരൾരോഗ ബാധിതനാണ്. അപ്പോളോ ഹോസ്പിറ്റൽ സീനിയർ കൺസൽട്ടന്റ് ഡോ. നീരവ് ഗോയലിന്റെ നേതൃത്വത്തിലുള്ള ശസ്ത്രക്രിയ വിജയമായതോടെ പെൺകുട്ടിയെ നന്ദിപൂർവ്വം സ്മരിച്ചുകൊണ്ട് രാജ്ദീപും, ഷമീമും പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്