മുഴപ്പിലങ്ങാട് യു.പി.സ്കൂൾ ശതവാർഷിക നിറവിൽ

മുഴപ്പിലങ്ങാട്: വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളോടെ മികവു പുലർത്തുന്ന മുഴപ്പിലങ്ങാട് യു.പി.സ്കൂൾ ശതവാർഷികത്തിൻ്റെ നിറവിൽ .മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിൻ്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം കുമാരൻ മാഷുടെ സ്കൂൾ എന്നാണ് നാട്ടുകാരുടെ ഇടയിൽ അറിയപ്പെടുന്നത്.1923 ൽ ശ്രീ.കപ്പിത്താൻ കുഞ്ഞിരാമൻ ഗുരുക്കളാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.സ്കൂൾ കായികമേളാ മാന്വൽ പരിഷ്കരിക്കുന്നതിനു മുമ്പുവരെ സ്പോർട്സിൽ ഈ വിദ്യാലയത്തെ മറികടക്കാൻ കണ്ണൂർ സൗത്ത് സബ് ജില്ലയിൽ മറ്റു വിദ്യാലയങ്ങൾ ഉണ്ടായിരുന്നില്ല. സന്തോഷ് ട്രോഫി ഗോൾകീപ്പറായ വി.മിഥുൻ, നാഷണൽ പോൾവാൾട്ട് താരം കെ.സിനി, അത് ലറ്റ് ലോറൻസ് ,യൂണിവേഴ്സിറ്റി ഫുട്ബോൾ താരം വി.ഷിനോയ് ഉൾപ്പെടെ നിരവധി കായിക താരങ്ങളെ വളർത്തിയെടുക്കുന്നതിന് എ.ഗംഗാധരൻ മാസ്റ്ററും കെ.പി. ജാനു ടീച്ചറും, എ. രോഹിണി ടീച്ചറും പരിശീലനനേതൃത്വം നൽകിയിട്ടുണ്ട്.

ശാസ്ത്രോത്സവത്തിൽ ഡി.ജനാർദ്ദനൻ മാസ്റ്റർ പരിശീലനം നൽകിയ വിദ്യാർത്ഥികൾ സംസ്ഥാന തലത്തിൽ വിജയം നേടിയിട്ടുണ്ട്.എൽ.എസ്.എസ്., യു.എസ്.എസ് പരീക്ഷകൾക്ക് പ്രത്യേകം പരീശീലനം നൽകി വരുന്നതിനാൽ വർഷം തോറും നേട്ടം കൈവരിച്ചു വരുന്നു. ഈ വിദ്യാലയത്തിലെ കാർഷിക ക്ലബ്, ഇക്കോ ക്ലബ്, വിദ്യാരംഗം കലാ സാഹിത്യ വേദി, സ്കൗട്സ് ആൻ്റ് ഗൈഡ്സ്, പ്രവൃത്തി പരിചയ ക്ലബ്ബ്, നല്ലപാഠം, സീഡ് ക്ലബ്ബ് എന്നിവയുടെ നൂതനാശയങ്ങളും പ്രോജക്ടുകൾക്കും അധികൃതരിൽ നിന്ന് ധാരാളം അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. പരിസ്ഥിതി ക്ലബ്ബിൻ്റെ ഭാഗമായി 1998 ൽ കണ്ടെത്തിയ കടലാസുകൊണ്ടുള്ള പേന ഈ വിദ്യാലയത്തിൻ്റെ സംഭാവനയാണ്. കാർഷിക ക്ലബ്ബിൻ്റെ ഭാഗമായി കൃഷി വകുപ്പിൻ്റെ ജില്ലാതല കുട്ടിക്കർഷകനായി 2000 ൽ കെ. വിജേഷ് തിരഞ്ഞെക്കപ്പെട്ടിരുന്നു. മുഴപ്പിലങ്ങാടും പരിസര പ്രദേശത്തും സർവ്വ മേഖലയിലും നിരവധിപ്രമുഖരെ വാർത്തെടുത്ത മഹത്വം ഈ വിദ്യാലയത്തിന് അവകാശപ്പെടാനുണ്ട്. ഈ വിദ്യാലയത്തിലെ അധ്യാപകനായിരുന്ന ടി.ഗോവിന്ദൻ മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂൾ വികസനത്തിനായി മറ്റധ്യാപകരെ ഉൾപ്പെടുത്തി രൂപകരി ച്ച സൊസൈറ്റിയാണ് മുഴപ്പിലങ്ങാട് ഹൈസ്കൂൾ ആരംഭിച്ചത്.തുടർന്ന് ഇത് സർക്കാരിന് കൈമാറ്റം ചെയ്തു.

 ഓലകൊണ്ടു മേഞ്ഞിരുന്ന സ്കൂൾ കെട്ടിടം 1977 ൽ ഉപ്പുമാവുണ്ടാക്കുന്ന സമയത്ത് അഗ്നിക്കിരയായി. നാട്ടുകാരുടെ പെട്ടെന്നുള്ള ഇടപെടൽ മൂലം ആർക്കും പരിക്കുപറ്റിയില്ല. നാട്ടുകാരുടെ സഹായത്താലാണ് കെട്ടിടം പുനർനിർമ്മിച്ചത്.

 വർഷങ്ങൾക്ക് മുമ്പ് ആയിരത്തിലധികം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. അന്ന് ഒന്നു മുതൽ ഏഴുവരെ 20 ക്ലാസുകൾ പ്രവർത്തിച്ചിരുന്നു.കാലത്തിൻ്റെ മാറ്റമനുസരിച്ച് കുട്ടികളുടെ എണ്ണത്തിൽ കുറവു വന്നിട്ടുണ്ട്. 10 അധ്യാപകരും ഒരു അനധ്യാപികയുമുണ്ട്. ഒരു പ്രീ പ്രൈമറി ക്ലാസും പ്രവർത്തിക്കുന്നു.കെ.കെ. റംലത്ത് പ്രധാനാധ്യാപികയായും പൂർവ്വ വിദ്യാർത്ഥികൂടിയായ  എം.കെ.ഷമിൽ പി.ടി.എ.പ്രസിഡണ്ടായും വി.പി. വാസന്തി മാനേജരായും പ്രവർത്തിച്ചുവരുന്നു.

ശതവാർഷികാഘോഷം ഒരു വർഷക്കാലം നീണ്ടു നില്ക്കും.നൂറു പരിപാടികൾ നടത്തുന്നതിന് സ്കൂളിൽ രൂപീകരിച്ച സംഘാടക സമിതി തീരുമാനിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.വി.ബിജു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം കെ.ഷീബ അധ്യക്ഷത വഹിച്ചു.മുൻ പഞ്ചായത്ത് പ്രസിഡണ്ട് വി.പ്രഭാകരൻ മാസ്റ്റർ (ചെയർമാൻ) കെ.കെ. റംലത്ത് (ജനറൽ കൺവീനർ) എം.കെ.ഷമിൽ (ഖജാൻജി) എന്നിവർ ഭാരവാഹികളായി വിപുലമായ കമ്മറ്റി രൂപീകരിച്ചു.( റിപ്പോർട്ട്: ജനു ആയിച്ചാൻകണ്ടി )

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്