വ്യാപാരികളുടെ പ്രശ്നങ്ങൾ പരിഹരിക്കണം; വ്യാപാരി വ്യവസായി കോൺഗ്രസ്സ്
പുതിയതെരു : കാട്ടാമ്പള്ളി റോഡിലുള്ള വ്യാപാരികളുടെ പ്രയാസങ്ങൾക്ക് ഉടനടി പരിഹാരം കാണണമെന്ന് വ്യാപാരി വ്യവസായി കോൺഗ്രസ്സ് കണ്ണൂർ ജില്ലാ കമ്മിറ്റി ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു. പുതിയതെരു കുന്നിന്നുംതാഴെ കാട്ടാമ്പള്ളി റൂട്ടിൽ സീബ്രാലൈനിന് നേരെയാണ് ഓട്ടോ പാർക്ക് ചെയ്യുന്നത്. റോഡ് മുറിച്ച് കടക്കുന്നവർക്ക് ഓട്ടോ നിർത്തുന്നത് കാരണം നേരെ നടക്കാൻ പറ്റാത്ത അവസ്ഥയാണ്. നഗ്നമായ നിയമലംഘനമാണ് ഇവിടെ നടക്കുന്നത്.
ഒട്ടേറെ തവണ ബന്ധപ്പെട്ട അധികാരികളോട് പരാതിപ്പെട്ടെങ്കിലും ഇതുവരേയും ഇതിനൊരു പരിഹാരം കണ്ടില്ല. കടകൾക്ക് മുന്നിൽ ഓട്ടോ പാർക്ക് ചെയ്യുന്നത് കൊണ്ട് സുഗമമായ വ്യാപാരത്തേയും ബാധിക്കുന്നു. സീബ്രാലൈനിന് നേരെ ഓട്ടോ പാർക്ക് ചെയ്യുന്നതിനെതിരേയും വ്യാപാരത്തെ ബാധിക്കുന്നതിനെതിരേയും പി. ഡബ്ലൂ. ഡി ഓഫീസ്, ചിറക്കൽ പഞ്ചായത്ത്, പോലീസ് സ്റ്റേഷൻ, ആർ. ടി. ഒ തുടങ്ങിയവർക്ക് നിവേദനം നൽകി.

Post a Comment