മയ്യിൽ: മയ്യിൽ–കമ്പിൽ–കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബസ്സുകൾ പാമ്പുരുത്തി റോഡ് ബസ്‌സ്റ്റോപ്പിൽ നിർത്താത്തത് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ദുരിതമാകുന്നു. രാവിലെ 8 മണിക്കും 10 മണിക്കും ഇടയിൽ കമ്പിൽ, കണ്ണൂർ ഭാഗങ്ങളിലേക്ക് പോകുന്ന ബസ്സുകളാണ് പ്രധാനമായും സ്റ്റോപ്പിൽ നിർത്താതെ പോകുന്നതെന്നാണ് പരാതി.
ഇതുമൂലം വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകുന്ന നൂറോളം വിദ്യാർത്ഥികൾക്ക് കൃത്യസമയത്ത് ക്ലാസുകളിൽ എത്താൻ കഴിയാതെ പഠനം മുടങ്ങുന്നത് പതിവായിരിക്കുകയാണ്. ജോലിസ്ഥലങ്ങളിലേക്കും മറ്റ് ആവശ്യങ്ങൾക്കുമായി യാത്ര ചെയ്യുന്ന നിരവധി സാധാരണക്കാരും ഇതേ തുടർന്ന് പ്രയാസം നേരിടുന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടി.
വിഷയത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് കൊളച്ചേരി ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ മയ്യിൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പാമ്പുരുത്തി വാർഡ് മെമ്പർ, മുൻ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിവിധ സന്നദ്ധ സംഘടനകൾ, നാട്ടുകാർ എന്നിവർ ഇതുസംബന്ധിച്ച് നേരത്തെയും നിരവധി പരാതികൾ പോലീസിൽ നൽകിയിട്ടുണ്ടെന്ന് ജനപ്രതിനിധികൾ പോലീസിനെ ബോധിപ്പിച്ചു.
ബസ്സുകൾക്കെതിരെ പ്രതിഷേധം ഉയരുന്ന സമയങ്ങളിൽ മാത്രമാണ് ചിലപ്പോൾ സ്റ്റോപ്പിൽ നിർത്തുന്നതെന്നും, സ്ഥിരമായ പരിഹാരം ഉണ്ടാകാത്തതിനാൽ പ്രശ്നം ആവർത്തിക്കുകയാണെന്നും പരാതിയിൽ വ്യക്തമാക്കി.
വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തുകയും ശാശ്വത പരിഹാരം കാണുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് മയ്യിൽ പോലീസ് ജനപ്രതിനിധികൾക്ക് ഉറപ്പ് നൽകി.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഷമീമ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നസീർ പി.കെ.പി, പാമ്പുരുത്തി വാർഡ് മെമ്പർ കെ.സി. ഫാസില എന്നിവർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളാണ് സംഘത്തിലുണ്ടായിരുന്നത്.

Post a Comment