മയ്യിൽ : ദേശീയ ഡെങ്കി ദിനാചരണത്തിന്റെ ഭാഗമായി മയ്യിൽ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ-ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. “ഡെങ്കിപ്പനി നിയന്ത്രണം ജനപങ്കാളിത്തത്തിലൂടെ : പരിശോധിക്കാം, വൃത്തിയാക്കാം, അടച്ചുവെയ്ക്കാം” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചായിരുന്നു ദിനാചരണം.
മഴക്കാലത്ത് ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ വർധിക്കുന്ന സാഹചര്യത്തിൽ ആശുപത്രി പരിസരവും സമീപ പ്രദേശങ്ങളും ശുചീകരിച്ചു. വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുള്ള ഭാഗങ്ങൾ പരിശോധിച്ച് കൊതുക് വളരാൻ ഇടയാക്കുന്ന ഉറവിടങ്ങൾ നീക്കം ചെയ്തു. ഉപയോഗശൂന്യമായ പാത്രങ്ങൾ, ടയർ, പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവ മാറ്റി വൃത്തിയാക്കുകയും ആശുപത്രി പരിസരം കൂടുതൽ ശുചിത്വപരമാക്കുകയും ചെയ്തു. ജീവനക്കാരും നഴ്സിംഗ് സ്റ്റാഫും ചേർന്നാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
പരിപാടി ഇരിക്കൂർ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി പി. സൗമിനി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. ഡെങ്കിപ്പനി പ്രതിരോധം ആരോഗ്യ വകുപ്പിന്റെ മാത്രം ഉത്തരവാദിത്വമല്ലെന്നും പൊതുജനങ്ങളുടെ സജീവ പങ്കാളിത്തം അത്യാവശ്യമാണെന്നും അവർ പറഞ്ഞു. വീടുകളിലും സ്ഥാപനങ്ങളിലും ആഴ്ചയിൽ ഒരു ദിവസം “ഡ്രൈ ഡേ” ആചരിച്ച് വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും അവർ അഭ്യർത്ഥിച്ചു.
ഹെൽത്ത് ഇൻസ്‌പെക്ടർ സാക്കിർഹുസൈൻ പി.വി സ്വാഗതം ആശംസിച്ചു. മെഡിക്കൽ ഓഫീസർ (അഡോക്) ഡോ. ശ്രേയ അധ്യക്ഷത വഹിച്ചു. മഴക്കാല രോഗങ്ങൾക്കെതിരെ എല്ലാവരും ജാഗ്രത പാലിക്കണമെന്നും പനി, ശരീരവേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ ആരോഗ്യ കേന്ദ്രങ്ങളെ സമീപിക്കണമെന്നും അവർ നിർദേശിച്ചു. ഡെങ്കിപ്പനി പ്രതിരോധത്തിൽ ശുചിത്വത്തിനും വ്യക്തിഗത ജാഗ്രതയ്ക്കും വലിയ പ്രാധാന്യമുണ്ടെന്നും അവർ പറഞ്ഞു.
നഴ്സിംഗ് ഓഫീസർ ശ്രീമതി ജയ നന്ദി രേഖപ്പെടുത്തി. പരിപാടിയിൽ നഴ്സിംഗ് ഹെഡ് സൗദാമിനി, PHNS ബീന, അഞ്ജു, അനീഷ, ശ്രുതി ദിൽന, സജ്‌ന, ചന്ദ്രൻ, പ്രദീപ്, ജീവൻ, ദിൽന, ശ്രേയ എന്നിവരോടൊപ്പം മറ്റ് നഴ്സിംഗ് സ്റ്റാഫും ജീവനക്കാരും പങ്കെടുത്തു.
ദേശീയ ഡെങ്കി ദിനാചരണത്തിന്റെ ഭാഗമായി വരും ദിവസങ്ങളിലും ബോധവത്കരണ പ്രവർത്തനങ്ങൾ, ശുചീകരണ ക്യാമ്പയിനുകൾ, വീടുകളിലെ പരിശോധനകൾ എന്നിവ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

Post a Comment