ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ധർമശാലയിൽ പ്രവർത്തിച്ചു വരുന്ന കെ . ടി. ഡി. സി ഫ്ലോക്ക് ലാൻഡ് പറശ്ശിനിക്കടവിനു 10000 രൂപ പിഴ ചുമത്തി. സ്ഥാപനത്തിന്റെ ഇൻസിനറേറ്ററിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചു വരുന്നതായി കണ്ടെത്തി. ചിക്കൻ വേസ്റ്റ് ഉൾപ്പടെയാണ് പ്ലാസ്റ്റിക് കവറുകളിലാക്കി ഇൻസിനറേറ്ററിൽ തള്ളിയത്.
സ്ഥാപനത്തിന്റെ പുറക് വശത്ത് വലിയ തോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ മദ്യ കുപ്പികൾ ടിഷ്യൂ പേപ്പറുകൾ കാർട്ടൂൺ ബോക്സുകൾ, പ്ലാസ്റ്റിക് കുപ്പികൾ, തുണികൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കാലങ്ങളായി തള്ളി വരുന്നതായും കണ്ടെത്തി. ബിയർ പാർലറിന് സമീപം ഉപയോഗ ശൂന്യമായ മെത്തകളും മറ്റു പ്ലാസ്റ്റിക് മാലിന്യങ്ങളും തള്ളിയ നിലയിലും ബിയർ പാർലറിലെ വാഷ് ബേസിനിൽ നിന്നും മലിനജലം പൈപ്പ് വഴി തുറസ്സായി ഒഴുക്കി വിടുന്നതായും കണ്ടെത്തി.
കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം 10000 രൂപ പിഴ ചുമത്തുകയും തുടർ നടപടികൾ ചെയ്യാൻ കല്ല്യാശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകുകയും ചെയ്തു.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ ഷാജി പി പി തുടങ്ങിയവർ പങ്കെടുത്തു.


Post a Comment