ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ഭിന്നശേഷി ആനുകൂല്യം നിഷേധിച്ചതായി പരാതി
മയ്യില്‍: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഹയര്‍ സെക്കന്‍ഡറി പൊതു പരീക്ഷയെഴുതുന്ന ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് സഹായികളെ നിയമിക്കുന്നത് ഹയര്‍ സെക്കന്‍ഡറി ഡയരക്ട്രേറ്റ് തടഞ്ഞു വെച്ചു. 40 ശതമാനത്തില്‍ കുറവ് വൈകല്യം രേഖപ്പെടുത്തി് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ക്കാണ് ആനുകൂല്യങ്ങളൊന്നുമില്ലാതെ പരീക്ഷ യെഴുതേണ്ട സാഹചര്യമുള്ളത്. ഇത്തരത്തില്‍ ജില്ലയില്‍ രണ്ടായിരത്തോളം വിദ്യാര്‍ഥികളാണ് പത്താം തരം പരീക്ഷയെഴുതി വിജയിച്ചിരുന്നത്. ഇതില്‍ ബഹുഭൂരിപക്ഷവും ഹയര്‍ സെക്കന്‍ഡറി പ്രവേശനം നേടിയവരാണ്. ബോര്‍ഡര്‍ ലൈന്‍ ഇന്റലിജെന്‍സ് എന്ന് രേഖപ്പെടുത്തിയ 40 ശതമാനത്തില്‍ കുറവ് വൈകല്യമുള്ള വിദ്യാര്‍ഥികളാണ് ചോദ്യപേപ്പര്‍ വായിക്കാനും ഉത്തരങ്ങള്‍ എഴുതാനും ബുദ്ധിമുട്ടുക. പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകളുടെ ആനൂകൂല്യത്തിനുള്ള അപേക്ഷകളാണ് ആര്‍.ഡി.ഡി.യില്‍ നിന്ന് നിരസിച്ചത്. തുടര്‍ന്ന് രക്ഷിതാക്കള്‍ ആനുകൂല്യത്തിനായി വിവിധ ഓഫീസുകളില്‍ കയറിയിറങ്ങിയെങ്കിലും ഒന്നും നടന്നിട്ടില്ല. പരീക്ഷകള്‍ തുടങ്ങാനിനി ആഴ്ചകള്‍ മാത്രമാണ് ബാക്കിയുള്ളത്. 2016 ലെ ഭിന്നശേഷി അവകാശ നിയമമനുസരിച്ച് 2 ആര്‍, 2 എസ്, 2 ടി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാണ് ഭിന്നശേഷി വിദ്യാര്‍ഥികളിലുളളത്. ഇതില്‍ രണ്ടാമത്തെ ഗ്രൂപ്പില്‍ പ്പെടുന്നവരാണ് ബോര്‍ഡര്‍ലൈന്‍ ഇന്റലിജെന്‍സ് വിഭാഗം വിദ്യാര്‍ഥികളെന്നും ഇവര്‍ക്ക് ലഭിച്ച സഹായികളോടൊപ്പം പരീക്ഷ എഴുതാനുള്ള പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഹയര്‍ സെക്കന്‍ഡറിക്കും ബാധകമാണെന്നുമാണ് സ്‌പെഷ്യല്‍ എജുക്കേറ്റര്‍മാര്‍ പറയുന്നത്.
ആര്‍.ഡി.ഡി.ഓഫീസില്‍ നിന്ന് ലഭിക്കുന്ന മറുപടി
പരീക്ഷ സഹായത്തിനായിപ്രിന്‍സിപ്പല്‍മാര്‍ നല്‍കുന്ന ഓണ്‍ലൈന്‍ അപേക്ഷയില്‍ ഭിന്നശേഷിയുടെ ശതമാനം ചേര്‍ക്കേണ്ട കോളത്തില്‍ 40 ശതമാനത്തില്‍ കുറവാണെങ്കില്‍ എഴുതാനുള്ള സഹായികളെ അനുവദിക്കാനാകില്ല. കൂടാതെ 2026ലെ പരീക്ഷ നോട്ടിഫിക്കേഷനില്‍ 40 ശതമാനത്തില്‍ കുറവുള്ളവര്‍ക്ക് സഹായികളെ നിയമിക്കാനാവില്ലെന്നുമാണ് രക്ഷിതാക്കളെ അറിയിച്ചത്.
പൊതു പരീക്ഷ അടുത്തെത്തിയപ്പോള്‍ കുട്ടികളെ മാനസിക സംഘര്‍ഷത്തിലാക്കുന്ന നടപടിയില്‍ അടിയന്തരിമായി ഇടപെടലുണ്ടാകണമെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.
Post a Comment