മയ്യിൽ ഗ്രാമപഞ്ചയത്ത് പരിധിയിലെ പൊയ്യൂരിൽ ആളൊഴിഞ്ഞ ചെരിഞ്ഞ പ്രദേശത്ത് വലിയ തോതിൽ കോണ്ടം പാക്കറ്റുകൾ തള്ളിയതിന് കണ്ണൂർ കേന്ദ്രീകരിച്ചു പ്രവർത്തിച്ചു വന്നിരുന്ന സ്നേഹതീരം എന്ന കമ്മ്യൂണിറ്റി ബേസ്ഡ് ഓർഗനൈസേഷന് 5000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്. മുൻപ് സമാന രീതിയിൽ വലിയ തോതിൽ കോണ്ടം പാക്കറ്റുകൾ കീഴല്ലൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ വെള്ളിയാംപ്പറമ്പ് എന്ന സ്ഥലത്ത് തള്ളിയതിന് സ്നേഹതീരം എന്ന സംഘടനയ്ക്ക് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് 5000 രൂപ പിഴ ചുമത്തിയിരുന്നു. കമ്മ്യൂണിറ്റിക്ക് നൽകുവാനായി സർകാർ സൗജന്യമായി നൽകുന്ന നിരോധ് എന്ന കമ്പനിയുടെ കോണ്ടം ആണ് തള്ളപ്പെട്ടത്. പ്രദേശത്ത് ആകെ വിതറിയ രൂപത്തിലാണ് കാണപ്പെട്ടത്.
സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് സ്നേഹതീരം എന്ന സംഘടന തന്നെയാണ് മയ്യിൽ പഞ്ചായത്ത് പരിധിയിലും കോണ്ടം പാക്കറ്റുകൾ തള്ളിയത് എന്ന് കണ്ടെത്തിയത്. അയ്യായിരത്തിനു മുകളിൽ വരുന്ന പാക്കറ്റുകളാണ് സംഭവ സ്ഥലത്ത് തള്ളിയത്. സംഘടന പ്രതിനിധികളെ സ്ഥലത്ത് വിളിച്ചു വരുത്തി തെളിവെടുപ്പ് നടത്തുകയും മാലിന്യങ്ങൾ സംഭവ സ്ഥലത്ത് നിന്ന് ഉടൻ തന്നെ നീക്കം ചെയ്യിക്കുകയും 5000 രൂപ പിഴ ഈടാക്കുകയും ചെയ്തു. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ മയ്യിൽ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ദിവാകരൻ കെ ക്ലാർക്ക് വിനോദ് കെ തുടങ്ങിയവർ പങ്കെടുത്തു.


Post a Comment