കണ്ണൂർ: കൃഷ്ണ ജ്വൽസും യങ് മൈന്റ്സ് ഇന്റർനാഷനൽ കണ്ണൂർ സൗത്തും വിൻവിൻ കോർപ്പും സംയുക്തമായി ലഹരിക്കെതിരെ കോളജ് തലത്തിൽ നടത്തിയ ഷോർട്ട് ഫിലിം മൽസരത്തിലെ ജേതാക്കളെ പ്രഖ്യാപിച്ചു. മടമ്പം പി.കെ.എം കോളജിലെ ടി.നിപുൻ സംവിധാനം ചെയ്ത ഇമിറ്റേഷൻ ഒന്നാം സമ്മാനം നേടി. കണ്ണൂർ എസ്.എൻ. കോളജിലെ സുബിൻ തയ്യാറാക്കിയ പാരലലും ഇരിട്ടി അങ്ങാടിക്കടവ് ഡോൺ ബോസ്കോയിലെ പി.എസ്.അർജുൻ സംവിധാനിച്ച താരാട്ടും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഹയർ സെക്കണ്ടറി വിഭാഗത്തിൽ കല്യാശേരി ഹയർ സെക്കണ്ടറി സ്കൂൾ എൻ.സി.സി യൂണിറ്റ് തയ്യാറാക്കിയ ഷോർട്ട് ഫിലിം പ്രോൽസാഹന സമ്മാനത്തിനർഹമായി. തെക്കീ ബസാറിലെ വിൻവിൻ കോർപ്പ് ഓഫീസിൽ ഇന്നു രാവിലെയായിരുന്നു വിധി നിർണയം.
പത്രപ്രവർത്തകനും കഥാകൃത്തുമായ ജയകൃഷ്ണൻ നരിക്കുട്ടി, സിനിമ സംവിധായകൻ ആസാദ് അലവിൽ, ആർട്ടിസ്റ്റും ഡിസൈനറുമായ മഹേഷ് മാറോളി, പ്രമുഖ എഴുത്തുകാരനും ഗ്രന്ഥകാരനുമായ ഡോ.ടി.ശശിധരൻ എന്നിവരായിരുന്നു വിധികർത്താക്കൾ.
മുതിർന്നവരുടെ ദൂഷ്യങ്ങൾ കുട്ടികളിലേക്ക് ആകർഷിക്കപ്പെടുന്നത് മികച്ച രീതിയിൽ ഇമിറ്റേഷനിൽ അവതരിപ്പിച്ചതായി വിധികർത്താക്കൾ പറഞ്ഞു. പാരലലിൽ പശ്ചാത്തല സംഗീതവും കളർ ടോണും എടുത്തു പറയേണ്ടതാണെന്നും താരാട്ടിൽ സാമൂഹ്യ തിന്മകൾ വീട്ടിലേക്കെത്തുന്നതിന്റെ അപകടം ചൂണ്ടിക്കാട്ടുന്നുവെന്നും ഇവർ പറഞ്ഞു.

Post a Comment