Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL രോഗശയ്യയിൽ കിടന്ന് പങ്കജം എഴുതി; കനലൊളി

രോഗശയ്യയിൽ കിടന്ന് പങ്കജം എഴുതി; കനലൊളി

മയ്യിൽ: രോഗശയ്യയിൽ കിടന്ന് നാലു ചുവരുകളും നോക്കി കണ്ണീർ പൊഴിച്ച് നിറമുള്ള സ്വപ്‌നങ്ങളെ വെറും സ്വപ്‌നങ്ങളായി മാത്രം സ്വപ്നം കണ്ട മയ്യിൽ കയരളം നണിയൂർ നമ്പ്രത്തെ എം കെ പങ്കജത്തിനിത് ഇപ്പോൾ സ്വ‌പ്നസാക്ഷാത്കാരത്തിൻ്റെ സുവർണ്ണ നിമിഷങ്ങളാണ് വന്നു ചേർന്നത്.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി വീൽചെയറിലും കിടക്കയിലും മാത്രം ജീവിതം തള്ളി നീക്കിയ പങ്കജം മകളുടെ മകൻ നവതേജിൻ്റെ സഹായത്തോടെ കുത്തിക്കുറിച്ച കവിതാ ശകലങ്ങൾ "കനലൊളി" എന്ന പേരിൽ പ്രകാശിതമായി.
നവ എഴുത്തുകാരുടെ കൂട്ടായ്മയായ സൃഷ്ടിപഥം പബ്ലിക്കേഷൻസ് ആണ് പുസ്‌തകം പ്രസിദ്ധീകരിച്ചത്.
ഇരുപത്തിയെട്ട് വർഷം മുമ്പ് സന്ധിവാതം പിടിപെട്ട് കാലുകളും കൈകളും ചലിക്കാത്ത അവസ്ഥയിൽ പുറംലോകം കാണാതെ വീട്ടിനുള്ളിൽ ഒതുങ്ങിയപ്പോഴും പെൻസിലും ക്രയോൺസും ഉപയോഗിച്ച് തൻ്റെ മുറിയുടെ ചുമരുകളിൽ ആരെയും ആകർഷിക്കുന്ന തരത്തിൽ പൂക്കളും പൂമ്പാറ്റകളും വന്യമ്യഗങ്ങളും പക്ഷികളും പുഴകളും മലകളും മനോഹരമായി വരച്ചിട്ടു. ഈ മുറി ഇന്നൊരു വർണ്ണാഭമായ ചിത്രശാലയാണ്. കൊറോണക്കാലത്ത് കണ്ണൂർ മലയാള ഭാഷാപോഷണവേദി വാട്സ്‌ആപ്പ് ഗ്രൂപ്പിൽ സജീവമായതോടെ കവിത എഴുതുന്നതും ശീലമായി മാറി. ഇതിനിടയിൽ "ചിറക്" എന്ന മാസികയിൽ ചിറകറ്റകിളികൾ എന്ന കവിത ആദ്യമായി അച്ചടി മഷി പുരണ്ടു വന്നപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു പങ്കജത്തിന്. അങ്ങനെ പലപ്പോഴായി കുറിച്ചിട്ട കവിതകളിൽ നിന്നും 39 കവിതകളുടെ സമാഹാരമാണ് സൃഷ്ടി പഥത്തിലൂടെ പ്രകാശിതമായത്. പ്രശസ്ത ഗാന രചയിതാവ് രാജീവ് ആലുങ്കൽ ജീവകാരുണ്യ പ്രവർത്തകൻ പരിപാടി ദാമോദരന് കൈമാറിയാണ് "കനലൊളി" പ്രകാശിതമായത്.
ജയശങ്കർ ജയ്, പീതാംബരൻ കണ്ണോം, ഷീല നമ്പ്രം, രഞ്ചിനി തളിപ്പറമ്പ്, പ്രേമലത പനങ്കാവ്, സി പ്രദീപ്, സറീന ഉമ്മുസമാൻ, മധുസൂദനൻ തുടങ്ങിയവരാണ് സൃഷ്ടിപഥത്തിലൂടെ പങ്കജത്തിൻ്റെ കവിതാ സമാഹാരം പ്രകാശിതമാകാൻ മുൻകൈ എടുത്തത്
കയരളം ആലിൻകടവ് സ്വദേശിനിയായ പങ്കജം ഇപ്പോൾ നണിയൂർ നമ്പ്രത്താണ് താമസം. പരേതനായ സി.വി.രാഘവനാണ് ഭർത്താവ്. ദിവ്യ, ധന്യ, നിതിൻ എന്നിവർ മക്കളാണ്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്