തെരഞ്ഞെടുപ്പ്‌ ചട്ടം ലംഘിച്ചുള്ള സെനറ്റ്‌ നിയമനം റദ്ദാക്കണം: പി കെ ശ്രീമതി

കണ്ണൂർ : തെരഞ്ഞെടുപ്പ്‌ ചട്ടം ലംഘിച്ച്‌ കണ്ണൂർ സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ഖാൻ സെനറ്റിലേക്ക്‌ നടത്തിയ നാമനിർദേശം റദ്ദാക്കണമെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ്‌ വിജ്ഞാപനം പുറപ്പെടുവിച്ച ശേഷം വ്യക്തിഗത ആനുകൂല്യങ്ങൾ പ്രഖ്യാപിക്കാനോ അനുവദിക്കാനോ പാടില്ലെന്ന ചട്ടം ലംഘിച്ചാണ്‌ ചാൻസലർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ കണ്ണൂർ സർവകലാശാലാ സെനറ്റിലേക്ക്‌ നാമനിർദേശം ചെയ്‌തത്‌. ചാൻസലർ സ്വന്തം താൽപര്യമനസുരിച്ചാണ്‌ അംഗങ്ങളെ നാമനിർദേശം ചെയ്‌തത്‌. ഇത്‌ ഗൗരവമായ പ്രശ്‌നമാണ്‌.

 സെനറ്റ്‌ അംഗമെന്ന പദവി വ്യക്തിഗത ആനുകൂല്യമാണ്‌. ഇത്‌ ആനുകൂല്യം ലഭിച്ചവരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും നാട്ടുകാരെയും ഉൾപ്പെടെ സ്വാധീനിക്കുന്നതാണ്‌. ഇത്‌ തെരഞ്ഞെടുപ്പിൽ വോട്ട്‌ സ്വാധീനത്തിനും ഇടയാക്കും. ഇത്തരം നിയമനങ്ങൾ തീർത്തും തെരഞ്ഞെടുപ്പ്‌ ചട്ടലംഘനമായി കണക്കാക്കേണ്ടതാണ്‌. തെരഞ്ഞെടുപ്പ്‌ കമീഷനോട്‌ അനുവാദം ചോദിച്ച്‌ ചില ഇളവുകൾ വാങ്ങാറുണ്ടെങ്കിലും ഇത്തരം നിയമനങ്ങൾക്ക്‌ ഇളവ്‌ ലഭിക്കില്ല. മാത്രമല്ല, തെരഞ്ഞെടുപ്പ്‌ കമീഷന്റെ മുൻകൂർ അനുവാദം വാങ്ങിയില്ല എന്നാണ്‌ മനസിലാക്കുന്നതുമെന്നും പി കെ ശ്രീമതി പറഞ്ഞു.

കഴിഞ്ഞ തവണ 10 മണ്ഡലങ്ങളിൽ മത്സരിച്ച എസ്‌ഡിപിഐ ഇത്തവണ യുഡിഎഫിന്‌ വോട്ട്‌ ചെയ്യുമെന്ന്‌ പ്രഖ്യാപിച്ചു. ആറ്റിങ്ങൽ മണ്ഡലത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി അടൂർ പ്രകാശിന്‌ വോട്ട്‌ മറിച്ചെന്ന്‌ കൊൺഗ്രസ്‌ നേതാവ്‌ തുറന്ന്‌ പറഞ്ഞിരിക്കുകയാണ്‌. രാജ്യത്ത്‌ അത്യന്തം അപകടകാരികളായ ആർഎസ്‌എസ്സുമായും നിരോധിത സംഘടനായ പിഎഫ്‌ഐയുടെ രാഷ്ട്രീയ രൂപമായ എസ്‌ഡിപിഐയുമായും കേരളത്തിലെ കേൺഗ്രസ്‌ ഒരേ സമയം ചങ്ങാത്തമുണ്ടാക്കുകയാണ്‌. വർഗീയതയ്‌ക്കെതിരെ പോരാടുമെന്ന്‌ പറയുന്ന വയനാട്‌ സ്ഥാനാർഥികൂടിയായ രാഹുൽഗാന്ധി ഇത്‌ സംബന്ധിച്ച്‌ വ്യക്തമാക്കണമെന്നും പി കെ ശ്രീമതി ആവശ്യപ്പെട്ടു.

എൽഡിഎഫ്‌ കണ്ണൂർ പാർലമെന്റ്‌ മണ്ഡലം തെരഞ്ഞെടുപ്പ്‌ കമ്മിറ്റി സെക്രട്ടറി എൻ ചന്ദ്രനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്