കണ്ണൂർ: മയ്യിൽ പൊറോളം സ്വദേശിയായ ശരത്ത് കൃഷ്ണന് നാടൻ പാട്ടിൽ കേരള ഫോക് ലോർ അക്കാദമിയുടെ യുവപ്രതിഭാ പുരസ്കാരം ലഭിച്ചു.
തായം പൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയം നിർവ്വാഹക സമിതി അംഗമാണ്.
ആദിവാസി ഊരുകളിൽ ഉൾപ്പെടെ താമസിച്ച് മൺമറഞ്ഞു പോകുന്ന നാടൻ പാട്ടുകൾ ശേഖരിച്ച് പുതിയ തലമുറയിലേക്ക് പകർന്നു കൊടുക്കുന്ന ശ്രമകരമായ പ്രവർത്തനം തുടരുന്ന ശരത്ത് ഉത്തരകേരളത്തിലെ പ്രധാന നാടൻ പാട്ടരങ്ങ് സമിതിയായ കണ്ണൂർ മയ്യിൽ അഥീന നാടക- നാട്ടറിവ് വീട്ടിലെ പ്രധാന കലാകാരനും പ്രോഗ്രാം കോ-ഓർഡിനേറ്ററും ആണ്.
കേരള സാംസ്കാരിക വകുപ്പ് വജ്രജൂബിലി ഫെല്ലോഷിപ്പ് ജേതാവുകൂടിയായ ശരത് കൃഷ്ണൻ വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതി ഇരിക്കൂർ ബ്ലോക്ക് കൺവീനറുമാണ്.
2015 മുതൽ നാടൻ കലാ - നാടൻപാട്ട് പരിശീലന രംഗത്ത് പ്രവർത്തിച്ചു വരുന്ന ശരത്ത് പരിശീലനം നൽകിയ ടീമുകൾ സമ്മാനങ്ങൾ നേടിയെടുക്കുന്നത് തുടർക്കഥയാണ്.
ജില്ലാ സംസ്ഥാന കേരളോത്സവം ,യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന സംസ്ഥാന തല നാടൻ പാട്ടുമത്സരം "മണിനാദം", സ്കൂൾ കലോത്സവം, കണ്ണൂർ യൂനിവേഴ്സിറ്റി കലോത്സവം, കുടുംബശ്രീ ഫെസ്റ്റ്, ആശ ഫെസ്റ്റ്, ലൈബ്രറി കൗൺസിൽ സർഗ്ഗോത്സവം, സംസ്ഥാന റവന്യു കലോത്സവം, സംസ്ഥാന NGO കലോത്സവം, ദേശാഭിമാനി അറിവരങ്ങ്, ഇൻറർപോളി കലോത്സവം, സ്റ്റേറ്റ് ജി സി ഐ ഫെസ്റ്റ്, കുസാറ്റ് സർവ്വകലാശാല കലോത്സവം തുടങ്ങിയ മേളകളിലെല്ലാം ശരത്തിൻ്റെ ശിഷ്യർ സമ്മാനങ്ങൾ നേടിയെടുത്തിട്ടുണ്ട്.
ഗർഭ രക്ഷാർത്ഥം സ്ത്രീകളെ പുരസ്കരിച്ച് ഏഴാം മാസത്തിൽ നടത്താറുള്ള അനുഷ്ടാന പരമായ ഗർഭ ബലി കർമവുമായി ബദ്ധപ്പെട്ട് പുലയ സമുദായക്കാർ പാടി വരുന്ന കെന്ത്രോൻ പാട്ട് (ഗന്ധർവൻ പാട്ട് ), വയനാട്ടിലെ ആദിവാസി വിഭാഗമായ പണിയർ അവരുടെ ആചാര- അനുഷ്ഠാന- ആഘോഷ വേളകളിൽ പാടി വരുന്ന വട്ടക്കളിയുടെ പോർക്കളി പാട്ട്, കണ്ണൂർ ജില്ലയിലെ പുലയ സമുദായക്കാർക്കിടയിൽ പാടി വരുന്ന കുറത്തി തെയ്യത്തിന്റെ തോറ്റം,
വയനാട്ടിലെ ഗോത്ര വിഭാഗമായ പണിയരുടെ കമ്പള കളി പാട്ട്, മലയ സമുദായത്തിന്റെ ഭൈരവൻ പാട്ട് കൂടാതെ കണ്ണേറ് പാട്ട്, വേടൻ പാട്ട്, മരുന്നേറ്റു കുളി പാട്ട്, തച്ചു മന്ത്ര പാട്ട്, മാരൻ പാട്ട്, മടയിൽ ചാമുണ്ഡി അമ്മ തോറ്റം,
പുലയ സമുദായത്തിന്റെ കൂളികെട്ട് പാട്ട്, തെയ്യാട്ട് പാട്ട്, ഉച്ചാറ് പാട്ട്, അരവ് പാട്ട്, മാരി തെയ്യത്തിന്റെ തോറ്റം, കാതു കുത്ത് കല്യാണ പാട്ട്, തെരണ്ടു കല്യാണ പാട്ട്, വടക്കു പുറത്തു വിളക്ക് വെച്ചു പാട്ട് തുടങ്ങിയ ഒട്ടനവധി പാട്ടുകൾ നിരവധി തവണ വേദിയിൽ എത്തിച്ചു.
മറ്റു പല മേഖലകളിൽ നിന്നുമായി പടവെട്ട് പാട്ട്, ചെങ്ങന്നൂർ ആദി പാട്ട്, മരം കൊട്ട് പാട്ട്, കൃഷി പാട്ടുകൾ, കളി പാട്ടുകൾ, തുടങ്ങി മുപ്പതിൽ പരം പാട്ടുകൾ ശരത്ത് വേദികളിലെത്തിച്ചു.
Post a Comment