മാലിന്യ സംസ്കരണ സംവിധാനമില്ല; കടമ്പൂർ സ്കൂളിന് അര ലക്ഷം രൂപ പിഴ

ശുചിത്വ മാലിന്യ പരിപാലന രംഗത്തെ നിയമ ലംഘനങ്ങൾ അന്വേഷിക്കുന്ന ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കടമ്പൂർ ഗ്രാമ പഞ്ചായത്തിൽ നടത്തിയ പരിശോധനയിൽ  കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ, കടമ്പൂർ ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നീ സ്ഥാപനങ്ങൾക്ക് 25000 രൂപ വീതം പിഴ ചുമത്തി. മലിനജലം സംസ്കരിക്കാതെ പൊതുസ്ഥലത്തേക്ക് ഒഴുക്കിവിട്ടതിന് ഇരുപതിനായിരം രൂപവീതവും ജൈവ അജൈവ മലിന്യങ്ങൾ തരം തിരിക്കാതെ കൂട്ടിക്കലർത്തി വലിച്ചെറിഞ്ഞതിന്  അയ്യായിരം രൂപ വീതവും ഉൾപ്പെടെ  ഇരുപത്തഞ്ചായിരം രൂപ വീതമാണ് പഞ്ചായത്തീ രാജിലെ വിവിധ വകുപ്പുകൾ പ്രകാരം എൻഫോഴ്സ്മെന്റ് സ്ക്വാഡ്  കടമ്പൂർ സ്കൂളിന് പിഴ ചുമത്തിയത്. തുടർനടപടികൾക്കായി സ്ക്വാഡ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി. 

       സ്കൂളിന്റെ വിവിധ ഭാഗങ്ങളിലായി ഒൻപത് സ്ഥലങ്ങളിലാണ് പ്ളാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതായി സ്ക്വാഡ് കണ്ടെത്തിയത്. സ്കൂൾ ബസുകൾ പാർക്കു ചെയ്യുന്ന ഗ്രൗണ്ടിൽ പ്രത്യേക സ്ഥലമൊരുക്കിസ്ഥിരമായി മാലിന്യം കത്തിക്കുന്നതും സ്ക്വാഡ് കണ്ടെത്തി.  സ്കൂളിന് മുന്നിൽ പഞ്ചായത്ത്  ബോട്ടിൽ ബൂത്ത് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത് കൃത്യമായി ഉപയോഗപ്പെടുത്താതെ ബോട്ടിലുകൾ സ്കൂൾ പരിസരത്ത് വലിച്ചെറിയപ്പെട്ട നിലയിലിരുന്നു. വിദ്യാർത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി ആവശ്യമായ  ശുചി മുറി സൗകര്യം ഏർപ്പെടുത്തിയിട്ടില്ലെന്ന കാര്യവും സ്ക്വാഡ് നിരീക്ഷിച്ചു.  സ്കൂളിന്റെ ചുറ്റുമതിലിനോട് ചേർന്ന ഭാഗത്ത് കടലാസ്, പ്ളാസ്റ്റിക് കവറുകൾ, ബോട്ടിലുകൾ എന്നിവ വൻ തോതിൽ സ്വകാര്യ ഭൂമിയിലേക്ക് നിക്ഷേപിച്ചിട്ടുണ്ട്. അതിൽ നിന്ന് സ്കൂൾ ഓഫീസ് സംബന്ധിയായ രേഖകൾ സ്ക്വാഡ് കണ്ടെടുക്കയായി നന്നു. 
       പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ലീഡർ ഇ.പി.സുധീഷ്, എൻഫോഴ്സ്‌മെന്റ് ഓഫീസർ കെ.ആർ അജയകുമാർ, ടീമംഗം ഷെറീകുൽ അൻസാർ , ഹെൽത്ത് ഇൻസ്പെക്ടർ അനീസ് മുഹമ്മദ് എൻ വി എന്നിവർ പങ്കെടുത്തു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്