കോഴിക്കോട് എഐ സാമ്പത്തിക തട്ടിപ്പ്: മുഖ്യപ്രതിയുടെ കൂട്ടാളി അറസ്റ്റിൽ

കോഴിക്കോട്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് വീഡിയോ കോളിലൂടെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ മുഖ്യപ്രതിയുടെ കൂട്ടാളി അറസ്റ്റിൽ. ഗുജറാത്ത് സ്വദേശി ഷെയ്ഖ് മുർത്തു സാമിയ ​ഹയത്ത് ഭായ് ആണ് അറസ്റ്റിലായത്. സൈബർ ക്രൈെം പൊലീസും കോഴിക്കോട് സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡും ചേർന്ന് ​ഗുജറാത്ത് മെഹ്സേനയിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. ഇയാളാണ് തട്ടിപ്പിനായി വ്യാജ ബാങ്ക് അക്കൗണ്ടുകൾ മുഖ്യപ്രതി കൗശൽ ഷായ്ക്ക് സംഘടിപ്പിച്ച് നൽകിയത്. 

കോഴിക്കോട് സ്വദേശി രാധാകൃഷ്ണനിൽ നിന്നും എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണം തട്ടിയ കേസിലാണ് അറസ്റ്റ്. കേസിൽ നടക്കുന്ന ആദ്യത്തെ അറസ്റ്റാണിത്. ഗുജറാത്തിൽ താമസിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. നിരവധി മൊബൈൽ ഫോണുകളും നമ്പറുകളും ഇയാൾ ഉപയോഗിക്കുന്നതായും ഗുജറാത്തിലും കർണാടകയിലും രജിസ്റ്റർ ചെയ്ത സമാനമായ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്. 

കേന്ദ്ര​ഗവൺമെന്റ് ഉദ്യോ​ഗസ്ഥനായിരുന്ന രാധാകൃഷ്‌ണനെ വാട്‌സാപ് വിഡിയോ കോളിലൂടെ സുഹൃത്താണെന്ന് തെറ്റിദ്ധരിപ്പിച്ച് 40,000 രൂപ തട്ടിയെടുത്തതാണ് കേസ്. കൂടെ ജോലി ചെയ്തിരുന്ന സുഹൃത്തിന്റെ ശബ്ദവും വീഡിയോ ഇമേജും വ്യാജമായി നിർമിച്ച് ഹോസ്പിറ്റൽ ചിലവിനാണെന്ന വ്യാജേനയാണ് പണം തട്ടിയെടുത്തത്. മുമ്പ് കൂടെ ജോലിയുണ്ടായിരുന്ന ആന്ധ്ര സ്വദേശിയാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. വീഡിയോ കോളിലും സുഹൃത്തിന്റെ രൂപം തന്നെ കണ്ടതിനാൽ പണം നൽകുകയായിരുന്നു. എന്നാൽ പിന്നീടും പണം ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്. 

തുടർന്ന് നടത്തിയ അന്വേഷണത്തിൽ അഹമ്മദാബാദ് സ്വദേശി കൗശൽ ഷായാണെന്ന് മുഖ്യ പ്രതിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇയാൾക്ക് കുറ്റകൃത്യങ്ങൾ നടത്തുന്നതിനാവശ്യമായ അക്കൗണ്ടുകൾ സംഘടിപ്പിച്ച് നൽകിയിരുന്നയാളാണ് ഇപ്പോൾ അറസ്റ്റിലായ മുർത്തു സാമിയ.  ഇയാളെ ഗുജറാത്തിൽ നിന്നും കോഴിക്കോട്ടെത്തിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്