കുസാറ്റ് ക്യാംപസിൽ ടെക് ഫെസ്റ്റിനിടെ അപകടം; നാല് വിദ്യാർഥികൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

കൊച്ചി : കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ (കുസാറ്റ്) നടക്കുന്ന കുസാറ്റ് ഫെസ്റ്റിൽ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാ‍ർത്ഥികൾക്ക് ​ദാരുണാന്ത്യം. അപകടത്തിൽ 40 ലേറെ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ആംബുലൻസുകളിലായി വിദ്യാർത്ഥികളെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. മെക്കാനിക്കൽ വിഭാഗം സംഘടിപ്പിച്ച ഫെസ്റ്റിനിടെയാണ് അപകടമുണ്ടായത്. ഫെസ്റ്റിലെ ​ഗാനമേള സദസ്സിന് ആളുകൾ കൂടിയിരുന്നു. 15 വിദ്യാ‍ർത്ഥികൾ തലകറങ്ങിവീഴുകയായിരുന്നു. മഴ പെയ്തതോടെ കൂടുതൽ പേർ ഓഡിറ്റോറിയത്തിലേക്ക് തള്ളിക്കയറിയത് അപകടത്തിന് കാരണമാകുകയായിരുന്നു. ​

നൃത്തം ചെയ്ത് ആഘോഷമായി വിദ്യാർത്ഥികളടക്കമുള്ളവർ പരിപാടി ആസ്വദിക്കുന്നതിനിടെ മഴ പെയ്തു. ഇതോടെ ഓഡിറ്റോറിയത്തിന് പുറത്തുണ്ടായിരുന്നവർ അകത്തേക്ക് ഇരച്ചുകയറി. സർവകലാശാലയിലെ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി നടന്നത്. പരിക്കേറ്റവരെ തൊട്ടടുത്ത കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും നാല് പേർ മരിച്ചെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റവരെല്ലാം വിദ്യാർത്ഥികളാണെന്നാണ് കരുതുന്നത്. എന്നാൽ പൊതുജനങ്ങൾക്കടക്കം ആർക്കും ഏത് സമയത്തും വരാവുന്ന പ്രദേശമാണ് ഇവിടം. രണ്ട് ദിവസത്തെ ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്നു ഇന്ന്. ബോളിവുഡ് ഗായിക ധ്വനി ബാനുഷലിയുടെ ഗാനമേളക്കായി നിരവധി പേരാണ് ക്യാംപസിലേക്ക് എത്തിയിരുന്നത്. മരിച്ചവരുടെ പേര് വിവരം ലഭ്യമായിട്ടില്ല. ഇവരെ മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചതെന്ന് മെഡിക്കൽ കോളേജിൽ നിന്ന് അറിയിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്