മയ്യിൽ : 'മാഷും കുട്ട്യോളും' അധ്യാപക ദിനത്തിലെ സുന്ദരമായ കാഴ്ചകളിലൊന്നായിരുന്നു. സ്കൂളിലെ കുഞ്ഞുങ്ങൾ മുഴുവനുമുണ്ടായിരുന്നു പ്രിയ അധ്യാപകൻ്റെ വീട്ടിലേക്കുള്ള യാത്രയിൽ. മഴ വീണ്ടുമെത്തിയ ഉല്ലാസത്തിൽ കയരളം നോർത്ത് എഎൽപി സ്കൂളിലെ കൂട്ടുകാരുടെ കുഞ്ഞുയാത്ര അവസാനിച്ചത് ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് മാഷിൻ്റെ വീട്ടിലേക്കാണ്. മട്ടുപ്പാവിലെ നീളൻ വരാന്തയിൽ കഥയും പാട്ടും കുഞ്ഞുവർത്തമാനങ്ങളും അധ്യാപകദിന ചിന്തകളും പെയ്തിറങ്ങുകയായിരുന്നു പിന്നീട്. ജീവിതം മാറ്റിമറിച്ച അധ്യാപകരുടെ ഓർമകളും കഥകളും പിന്നിട്ട് മാഷും കുട്ട്യോളും കൂട്ടപ്പാട്ടായി മാറി.
ഉള്ളിൽ വെളിച്ചം കൊളുത്തിവെയ്ക്കുന്ന കഥകൾ കുഞ്ഞുങ്ങൾ കൗതുകക്കണ്ണുകളാൽ കേട്ടിരുന്നു. അതിഥിയായി എത്തിയ കുഞ്ഞുങ്ങൾക്കെല്ലാം മധുരവും ഐസ്ക്രീമും നൽകിയാണ് മാഷ് യാത്രയാക്കിയത്.
സ്കൂളിൻ്റെ സ്നേഹോപഹാരം പ്രഥമാധ്യാപിക എം ഗീത സമ്മാനിച്ചു. മാനേജ്മെന്റ് പ്രതിനിധി പി കെ ദിനേശൻ, അധ്യാപകരായ വി സി മുജീബ്, എ ഒ ജീജ, കെ വൈശാഖ്, കെ പി ഷഹീമ എന്നിവർ സംസാരിച്ചു.
Post a Comment