കണ്ണൂരിൽ പ്ലസ്‌വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം

തലശേരിയില്‍ ആളൊഴിഞ്ഞ കെട്ടിടത്തില്‍ കൂട്ടിക്കൊണ്ടുപോയി വിദ്യാര്‍ത്ഥിയെ അതിക്രൂരമായി മര്‍ദ്ദിച്ചു. തലശ്ശേരി ബി ഇ എം പി സ്‌ക്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെയാണ് സഹവിദ്യാര്‍ത്ഥികള്‍ അതിക്രൂരമായി മര്‍ദ്ദിച്ചത് .സംഭവത്തിൽ തലശേരി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. 

ധര്‍മ്മടം ഒഴയില്‍ ഭാഗത്തെ ഹര്‍ഷയില്‍ ഷാമില്‍ ലത്തീഫിനെയാണ് സഹവിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് അതിക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയില്‍ പ്രചരിക്കുന്നുണ്ട്.

ചിറക്കരയിലെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെത്തിച്ചാണ് 15 ഓളം പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. കഴുത്തിനും, കൈകള്‍ക്കും ഷോള്‍ഡറിനും പരിക്കേറ്റ ഷാമില്‍ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞ ശനിയാഴ്ചയാണ് വിദ്യാർഥികൾ വീട്ടില്‍ നിന്നിറക്കി ചിറക്കരയിലെത്തിച്ച് മര്‍ദ്ദിച്ചത്. 

സംഘത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ ക്ലാസില്‍ കയറാത്തതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഷാമില്‍  അധ്യാപികയോട് പറഞ്ഞതായി സംശയിച്ചായിരുന്നുവത്രേ മര്‍ദ്ദനം. അതിക്രൂരമായി മര്‍ദ്ദിച്ച ശേഷം ഷാമിലിനെ കൊടുവള്ളിയില്‍ ഇറക്കിവിടുകയായിരുന്നു.തുടര്‍ന്ന് ബന്ധുവെത്തിയാണ് ഷാമിലിനെ ആശുപത്രിയില്‍ എത്തിച്ചത്. 

മര്‍ദ്ദിച്ച വിദ്യാര്‍ഥികളെക്കുറിച്ചുള്ള കാര്യങ്ങളൊന്നും ഷാമില്‍ തന്നോട്ട് പറഞ്ഞിട്ടില്ലെന്ന് സ്‌കൂള്‍ പ്രധാന അധ്യാപിക വ്യക്തമാക്കി. ഷാമിലിനെ മര്‍ദ്ദിക്കുന്ന വീഡിയോ കണ്ട് ബന്ധു തളര്‍ന്ന് വീണ് പരിക്കറ്റതിനെ തുടര്‍ന്ന് കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. 

ബന്ധുക്കള്‍ തലശേരി ടൗണ്‍ പോലിസില്‍ പരാതി നല്‍കിയതു പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് മര്‍ദ്ദനം നടത്തിയ വിദ്യാര്‍ത്ഥികള്‍ ഒളിവിലാണ്. പോലീസ് ഇവര്‍ക്കായി തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്