മയ്യിൽ: പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ചെയർമാനായിട്ടുള്ള സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മറ്റിയിൽ ഡോ. കെ പി ഗോപിനാഥനെ തിരഞ്ഞെടുത്തു. പൊതുവിദ്യാഭ്യാസ പാഠ്യ പദ്ധതി പരിഷ്കരണത്തിനുള്ള ഉന്നതാധികാര സമിതിയാണിത്. കണ്ണൂർ ജില്ലയിലെ ചെങ്ങളായി തവറൂൽ സ്വദേശിയാണ് ഡോ. കെ പി ഗോപിനാഥൻ.വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ നിരവധി പ്രവർത്തനങ്ങൾക്ക് ഡോ. കെ പി ഗോപിനാഥൻ നേതൃത്വം കൊടുത്തിട്ടുണ്ട്. സർവശിക്ഷാ അഭിയാൻ ജില്ലാ പ്രോജക്ട് ഓഫീസറായിരുന്ന കാലയളവിൽ കണ്ണൂർ ജില്ലയിലെ പ്രൈമറി വിദ്യാലയങ്ങളിൽ മലയാള ഭാഷയിൽ അടിസ്ഥാനശേഷി ഉറപ്പിക്കുന്നതിന് വേണ്ടി നടത്തിയ അക്ഷരത്തെളിച്ചം എന്ന നൂതന വിദ്യാഭ്യാസ പ്രവർത്തനത്തിന് 2015 ൽ നാഷണൽ അവാർഡ് ലഭിച്ചിരുന്നു.
1950 മുതൽ മലയാള പാഠപുസ്തകങ്ങളെക്കുറിച്ച് ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടി. പാഠപുസ്തക കവിത - ചരിത്രം വർത്തമാനം എന്ന മലയാള ഭാഷാപാഠ പുസ്തകങ്ങളെക്കുറിച്ചുളള്ള ഗവേഷണ ഗ്രന്ഥം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.മലയാള ഭാഷയ്ക്ക് ശ്രേഷ്ഠ ഭാഷാപദവി ലഭിച്ചപ്പോൾ സർവശിക്ഷാ അഭിയാൻ പ്രസിദ്ധീകരിച്ച മലയാളപ്പെരുമ എന്ന ഗ്രന്ഥത്തിൻ്റെ ചീഫ് എഡിറ്ററാണ്. കേരള സംസ്ഥാന മലയാള പാഠ പുസ്തക നിർമാണ സമിതി അംഗമായിരുന്നു.ഹൈസ്കൂൾ, പ്രൈമറി വിഭാഗങ്ങളിൽ സംസ്ഥാനതലത്തിൽ നിരവധി പരിശീനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. കണ്ണൂർ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിൽ (ഡയറ്റ്) സീനിയർ ലക്ചറായി വർത്തിക്കുമ്പോൾ നിരവധി ഗവേഷണ പഠനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.
2022 ൽ കണ്ണൂർ ഡയറ്റിൽ നിന്നും റിട്ടയർ ചെയ്തതിനു ശേഷം അഡ്വ. സജീവ് ജോസഫ് എം എൽ എയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ദിശാദർശൻ്റെ ചീഫ് കോർഡിനേറ്ററായും പ്രവർത്തിക്കുന്നു. കേരള സംസ്ഥാനത്തിനു തന്നെ മാതൃകയായിട്ടുള്ള ഭാഷാപരിപോഷണ പദ്ധതിയായ ഭാഷാമൃതം പദ്ധതിക്ക് നേതൃത്വം കൊടുത്തു. ഇരിക്കൂർ നിയോജക മണ്ഡലത്തിലെ പ്രൈമറി വിദ്യാലയങ്ങളിൽ മലയാള ഭാഷയിൽ അടിസ്ഥാന ശേഷി മെച്ചപ്പെടുത്തുന്നതിനുള്ള സമഗ്രപദ്ധതിയാണ് ഭാഷാമൃതം. മലയാളം, എഡ്യുക്കേഷൻ, പ്ലാനിംഗ് & മാനേജ്മെൻ്റ് എന്നിവയിൽ ബിരുദാനന്തര ബിരുദവും ലാംഗ്വേജ് ടീച്ചിംഗിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടിയിട്ടുള്ള ഇദ്ദേഹം ഇപ്പോൾ മട്ടന്നൂർ യൂണിറ്റി ഇൻസ്റ്റിറ്റൂട്ട് ഓഫ് ടീച്ചർ എഡ്യുക്കേഷനിൽ പ്രിൻസിപ്പലായി ജോലി ചെയ്യുന്നു. സംസ്കാര സാഹിതി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി എന്ന നിലയിലും പ്രവർത്തിക്കുന്നു.
Post a Comment