തായം പൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം സംഘടിപ്പിച്ച വായനയുടെ മധുരത്തിൽ തളിപ്പറമ്പ് സർ സയ്ദ് കോളേജ് മലയാള വിഭാഗം അസി.പ്രൊഫസർ നവാസ് മന്നൻ ഉദ് ഘാടനം ചെയ്യുന്നു.
മയ്യിൽ: വായന വളർത്തിയ കുട്ടികളുടെയും വീട്ടുകാരുടെയും നൂറുനൂറ് മധുരമുള്ള കഥകൾ കേൾക്കുകയായിരുന്നു സദസ്. മൂന്നുകൊല്ലം വായനചലഞ്ചിൻ്റെ കണ്ണികളായ കുഞ്ഞുങ്ങൾക്ക് പല ലോകങ്ങൾ കണ്ട കാഴ്ചകൾ പറയാനുണ്ടായിരുന്നു. അമ്മമാർ പറഞ്ഞതാവട്ടെ വായനയിലൂടെ മക്കളും അവരുടെ ചുറ്റിലുമുള്ള ലോകങ്ങളും മാറിയ അനുഭവങ്ങൾ. അവധിക്കാല വായന ചലഞ്ച് അനുഭവങ്ങൾ പങ്കുവെക്കാൻ തായം പൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം സംഘടിപ്പിച്ച 'ജിലേബി'യിലാണ് വായനയുടെ മധുരം നിറഞ്ഞത്. തളിപ്പറമ്പ് സർ സയ്ദ് കോളേജ് മലയാള വിഭാഗത്തിലെ അസി.പ്രൊഫസർ നവാസ് മന്നൻ അതിഥിയായി. 70 പുസ്തകങ്ങൾ വായിച്ച് ഡയമണ്ട് ചലഞ്ച് പൂർത്തിയാക്കി ഒരു ദിവസത്തെ വിനോദയാത്രയ്ക്ക് 17 പേർ അർഹരായി. 50 പുസ്തകങ്ങളുടെ പ്ലാറ്റിനം ചലഞ്ച് രണ്ടു പേരും 30 പുസ്തകങ്ങളുടെ ഗോൾഡൺ ചലഞ്ച് 18 പേരും പൂർത്തിയാക്കി. നവാസ് മന്നൻ, കെ സി വാസന്തി എന്നിവർ സമ്മാനം നൽകി. വൈക്കം മുഹമ്മദ് ബഷീറിൻ്റെ പോക്കറ്റടിക്കാരൻ, പാത്തുമ്മയുടെ ആട്, മതിലുകൾ എന്നിവയുടെ റീഡിങ് തിയറ്റർ അവതരണവുമുണ്ടായി. ഡെപ്യൂട്ടി കലക്ടർ വി. ഇ. ഷെർളി,കെ. സി. ശ്രീനിവാസൻ , പി. പി. ആയിഷഎന്നിവർ സംസാരിച്ചു.
എം.കെ.ഹരിദാസൻ
Post a Comment