മയ്യിൽ : ബസ്സിൽ വച്ച് നടന്ന ആക്രമണത്തിൽ ഡ്രൈവർക്കും യാത്രക്കാരനും പരുക്കേറ്റു. ബസ് ഡ്രൈവർ കുറ്റ്യാട്ടൂർ കാരാറമ്പ് സ്വദേശി പി രജീഷ് (37), മലയാള മനോരമ കണ്ണൂർ യൂണിറ്റിലെ മാർക്കറ്റിങ് ജീവനക്കാരൻ കണ്ടക്കൈയിലെ പി രാധാകൃഷ്ണൻ (56) എന്നിവർക്കാണ് ഇന്നലെ രാത്രി കമ്പിൽ ബസാറിൽ, ബസ്സിൽ നടന്ന ആക്രമണത്തിൽ പരുക്കേറ്റത്.
രജീഷിനെ ജില്ലാ ആശുപത്രിയിലും രാധാകൃഷ്ണനെ മയ്യിൽ സി എച്ച് സിയിലും പ്രവേശിപ്പിച്ചു.
കണ്ണൂരിൽ നിന്ന് മയ്യിലിലേക്കുള്ള യാത്രക്കിടയിൽ ഐശ്വര്യ എന്ന സ്വകാര്യ ബസ്സിന് നേരെയാണ് ആക്രമണം.
നണിയൂർ നമ്പ്രം സ്വദേശി നസീർ ബസിൽ കയറി ബസ് ജീവനക്കാരെ മർദിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിക്കുന്നതിന് ഇടയിലാണ് യാത്രികൻ രാധാകൃഷ്ണന് പരുക്കേറ്റത്.
ഇന്നലെ വൈകിട്ട് ബസ്സ് മയ്യിലിൽ നിന്ന് കണ്ണൂരിലേക്ക് പോകുന്നതിനിടെ കരിങ്കൽക്കുഴിയിൽ വച്ച് നസീറിൻ്റെ സ്കൂട്ടറിന് അരിക് നൽകിയില്ല എന്ന് ആരോപിച്ചാണ് പ്രശ്നങ്ങൾക്ക് തുടക്കം.
തുടർന്ന് രണ്ട് കിലോമീറ്ററോളം ദൂരം ബസിന് മുന്നിലൂടെ സഞ്ചരിച്ച് കമ്പിൽ ബസാറിൽ സ്കൂട്ടർ ബസ്സിന് മുന്നിൽ നിർത്തി ഡ്രൈവർ രജീഷിനെ നസീർ മർദിച്ചിരുന്നു. ഇതിൻ്റെ തുടർച്ചയാണ് രാത്രിയിലെ ആക്രമണം.
ഡ്രൈവറെയും യാത്രക്കാരനെയും മർദിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് (21.10.2024) കണ്ണൂർ ആശുപത്രി- കാട്ടാമ്പള്ളി- മയ്യിൽ റൂട്ടിൽ സ്വകാര്യ ബസുകൾ പണിമുടക്കുമെന്ന് തൊഴിലാളികൾ അറിയിച്ചു.
Post a Comment