ഏച്ചൂരിലെ ഫാമിലി ട്രെയ്ഡേഴ്സിൽ നിന്നും രണ്ടാം തവണയും നിരോധിത വസ്തുക്കൾ പിടികൂടിയതിനെ തുടർന്ന് തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ജില്ലാഎൻഫോഴ്സ്മെന്റ് സ്ക്വാഡ് 25000 രൂപ ചുമത്തി. വിവിധ അളവിലുള്ള പ്ലാസ്റ്റിക് ക്യാരിബാഗ്, പ്ലാസ്റ്റിക് ഗാർബേജ് ബാഗ് എന്നിവയാണ് പിടിച്ചെടുത്തത്.
ഒറ്റത്തവണ ഉപയോഗ നിരോധിത ഉൽപ്പന്നങ്ങൾ വിൽക്കുന്നതായി കണ്ടെത്തിയാൽ ആദ്യ തവണ പതിനായിരം രൂപയും രണ്ടാംതവണ 25000 രൂപയും മൂന്നാം തവണ അമ്പതിനായിരം രൂപയുമാണ് പിഴ ചുമത്തുക. മൂന്നാം തവണ പിടികൂടുന്നതോടെ സ്ഥാപനത്തിൻ്റെ ലൈസൻസും റദ്ദാക്കും.
ഏച്ചൂർ, കുടുക്കിമൊട്ട ഭാഗങ്ങളിലെ കടകളിൽ നിരോധിത ക്യാരി ബാഗുകൾ കടയിൽ സുലഭമാണെന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് ശുചിത്വ മാലിന്യ പരിപാലന രംഗത്തെ നിയമലംഘനങ്ങൾ അന്വേഷിക്കുന്ന എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പരിശോധന നടത്തിയത്. തുടർ നടപടികൾക്കായി മുണ്ടേരി ഗ്രാമ പഞ്ചായത്തിന് സ്ക്വാഡ് നിർദ്ദേശം നൽകി.
Post a Comment